തങ്ങളെ 'ശല്യം ചെയ്ത' വീട്ടമ്മയെ വാനരസംഘം തള്ളിയിട്ട് കാലൊടിച്ചു
കാസര്‍കോട്: വീട്ടമ്മയ്ക്ക് നേരെ വാനര സംഘത്തിന്റെ ആക്രമണം. തെങ്ങില്‍ നിന്ന് കരിക്ക് കുടിയ്ക്കുന്നതിനെ തടസപ്പെടുത്തിയ വീട്ടമ്മയ്ക്ക് നേരെയാണ് വാനര സംഘത്തിന്റെ ആക്രമണം. ആക്രമണം ഭയന്നോടിയ വീട്ടമ്മ വീഴുകയും കാലൊടിയുകയും ചെയ്തു. വീണ് കിടന്ന വീട്ടമ്മയെ വിടാതെ പിന്തുടര്‍ന്ന് കുരങ്ങുകള്‍.
കാസര്‍കോട് പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും കുരങ്ങു ശല്യം രൂക്ഷമാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. കാഞ്ഞങ്ങാട് ചെറുപനത്തടി കൊളപ്പുറത്ത് ആനിക്കുഴിയില്‍ ബിജുവിന്റെ ഭാര്യ ബിന്ദു (36) ആണ് കുരങ്ങ് കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഓടിയത്. ഓട്ടത്തിനിടയില്‍ വഴിയില്‍ വീണ ബിന്ദുവിന്റെ കാലൊടിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിവര്‍.

വീട്ടിലെ തെങ്ങിന്‍ തോപ്പില്‍ നിന്ന് കരിക്ക് കുടിയ്ക്കുകയായിരുന്ന കുരങ്ങ് കൂട്ടത്തിന് നേരെ ബിന്ദു കല്ലെറിഞ്ഞു. കരിക്ക് കുടിക്കാന്‍ സമ്മതിയ്ക്കാത്ത വീട്ടമ്മയ്ക്ക് നേരെ കുരങ്ങുകള്‍ ഒന്നടങ്കം പാഞ്ഞടുത്തു. നിലവിളിച്ച് കൊണ്ട് ഓടിയ വീട്ടമ്മ കാല്‍ വഴുതി വീണ് കാലൊടിഞ്ഞിട്ടും കുരങ്ങുകള്‍ വിട്ടില്ല.
ഒടുവില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് ബിജു എത്തിയാണ് കുരങ്ങുകളില്‍ നിന്നും വീട്ടമ്മയെ രക്ഷിച്ചത്. പ്രദേശത്ത് കുരങ്ങുകളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications