'ബിജെപിയ്ക്ക് മുന്നിൽ കെജ്രിവാൾ മുട്ട് മടക്കില്ല, സുനിത കെജ്രിവാൾ മുഖ്യമന്ത്രിയാവാൻ സാധ്യതയില്ല'; വിനോദ് വിൽസൺ
കൊച്ചി: അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ശിക്ഷിപ്പെടില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെന്ന് പാർട്ടിയുടെ കേരള ഘടകം പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ വൺഇന്ത്യ മലയാളത്തോട്. ബിജെപി ഉയർത്തുന്ന രാഷ്ട്രീയത്തിന് മുന്നിൽ മുട്ട് മടക്കാൻ സൗകര്യമില്ലെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞതാണെന്നും ഇപ്പോഴത്തെ രാജി കേസ് കാരണമല്ലെന്നും അദ്ദേഹം പറയുന്നു.
ഡൽഹി സർക്കാരിന്റെ തലപ്പത്തേക്ക് ആര് വരണമെന്ന് കെജ്രിവാൾ എംഎൽഎമാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക. അദ്ദേഹത്തിനെതിരായി എടുത്ത രണ്ട് കേസുകളുടെയും അന്തിമ ജാമ്യ വിധിയിൽ തന്നെ കോടതിയുടെ നിരീക്ഷണങ്ങൾ കാണാമെന്ന് പറഞ്ഞ വിനോദ് വിൽസൺ പാർട്ടിയുടെ നേതാവായി കെജ്രിവാൾ തന്നെ തുടരുമെന്നും അറിയിച്ചു.

'നിലവിൽ കെജ്രിവാളിന്റെ നിലപാടിനോട് സംസ്ഥാന നേതൃത്വം പൂർണ പിന്തുണ അറിയിച്ചതാണ്. നിലവിലെ കേസോ ഡൽഹി മദ്യനയമോ ഒന്നുമല്ല അദ്ദേഹത്തിന്റെ രാജിയിലേക്ക് നയിച്ചത്. അത് മറ്റ് ചില കാരണങ്ങളാണ്. അദ്ദേഹം കടന്നുവന്നത് സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായാണ്. അഴിമതിരഹിത രാഷ്ട്രീയത്തിന് വേണ്ടിയാണ് വന്നത്. അനാവശ്യമായ ഒരു കേസ് കുത്തിപ്പൊക്കി അദ്ദേഹത്തെ അഴിമതിക്കാരനായ ചിത്രീകരിക്കുകയാണ് ഇന്ത്യ ഭരിക്കുന്നവർ' വിനോദ് വിൽസൺ പറയുന്നു.
'സാധാരണഗതിയിൽ അന്തിമ വിധിയിലാണ് കോടതി കേസിലെ നിരീക്ഷണങ്ങൾ പറയാറുള്ളത്. ജാമ്യ ഉത്തരവുകൾ ഒരിക്കലും കേസിന്റെ മെറിറ്റ് പരിശോധിച്ചല്ല ഉണ്ടാവാറുള്ളത്. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ അങ്ങനെയല്ല ജാമ്യം അനുവദിക്കുന്നതും. രണ്ട് ജാമ്യ ഉത്തരവുകളാണ് അദ്ദേഹത്തിന്റേതായുള്ളത്. അവസാനം വന്ന ഉത്തരവ് പോലും കേസിന്റെ മെറിറ്റ് ചർച്ച ചെയ്യുന്നതാണ്. ഒരു അന്തിമ വിധി എന്ന പോലെ കോടതി നിരീക്ഷണങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും' വിനോദ് ചൂണ്ടിക്കാട്ടി.
'മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ പ്രതിയാക്കിയതിന്റെ അന്തിമ വിധിയായിട്ട് തന്നെ ഈ ജാമ്യം ഉത്തരവുകൾ കാണണം. ഇഡിയും സിബിഐയും നൽകിയ മുഴുവൻ രേഖകളും പരിശോധിച്ചിട്ടും ന്യായീകരിക്കാൻ കഴിയാത്ത ഒരു മനുഷ്യന്റെ നീതിനിഷേധം എന്നാണ് അതിൽ പറയുന്നത്. ഞങ്ങൾക്ക് നൂറ് ശതമാനം ഉറപ്പുണ്ട് ഈ കേസിൽ കെജ്രിവാൾ ശിക്ഷിക്കപ്പെടില്ല. യജമാനന് വേണ്ടി സിബിഐ വിടുപണി ചെയ്‌തു എന്നാണ് കോടതി പറഞ്ഞത്' അദ്ദേഹം പറഞ്ഞു.
'കെജ്രിവാൾ ജയിലിൽ കിടക്കുമ്പോൾ രാജി വയ്ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടത് മറ്റ് ചില ലക്ഷ്യങ്ങളോടെയാണ്. അങ്ങനെ ചെയ്‌താൽ എഎപി നേതൃത്വം ശിഥിലമാകും എന്ന് കെജ്രിവാളിന് നന്നായറിയാം. ബിജെപി കുതിരക്കച്ചവടത്തിന് ഇറങ്ങിയേനെ. അദ്ദേഹത്തിന് ബുദ്ധിയുള്ളത് കൊണ്ടാണ് അപ്പോൾ രാജിവയ്ക്കാതിരുന്നത്' എഎപി സംസ്ഥാന പ്രസിഡന്റ് പറയുന്നു.
'ആരെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കേണ്ടത് എന്നത് കെജ്രിവാൾ എംഎൽഎമാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. സുനിത കെജ്രിവാളിനെ മുഖ്യമന്ത്രിയായി അവരോധിക്കുന്ന രാഷ്ട്രീയ മണ്ടത്തരം ഒരിക്കലും കെജ്രിവാൾ ചെയ്യില്ലെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. പാർട്ടിയുടെ തലപ്പത്ത് ഇപ്പോഴും കെജ്രിവാൾ തന്നെയാണ്.' വിനോദ് വിൽസൺ വ്യക്തമാക്കി.
കേരളത്തിൽ എഎപി കൂടുതൽ സജീവമാവുകയാണെന്നും ഇതിന്റെ ഭാഗമായി വിഷൻ 2025 എന്ന പേരിൽ വലിയ പൊതുയോഗം തൃശൂരിൽ വച്ച് നടക്കുമെന്നും അതിൽ ദേശീയ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും നിലവിൽ ട്വന്റി-ട്വന്റി പോലെയുള്ള കൂട്ടായ്‌മകളുമായി സഖ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications