നീല കാറില്‍ തിരിച്ച് കൊണ്ടാക്കിയെന്ന് പറയണം, കള്ളമൊഴി പറയാന്‍ ഭീഷണിപ്പെടുത്തി: അബിഗേല്‍
കൊല്ലം: അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഘം കള്ളമൊഴി നല്‍കാനും ഭീഷണിപ്പെടുത്തിയതായി മൊഴി. നീല കാറില്‍ തിരിച്ചുകൊണ്ടാക്കിയെന്ന് പറയാന്‍ തന്നെ ഒരു സ്ത്രീ നിര്‍ബന്ധിച്ചുവെന്ന് അബിഗേല്‍ പോലീസിന് മൊഴി നല്‍കി. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്നുമാണ് പറയാന്‍ നിര്‍ദേശിച്ചത് കുട്ടി പറഞ്ഞു. നിലവില്‍ അബിഗേല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാളെ കുട്ടി വീട്ടിലേക്ക് മടങ്ങും.
അതേസമയം കൊല്ലം ഞെക്കാട്ടെ സ്ത്രീയ്ക്ക് അബിഗേലിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധമില്ലെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച സ്ത്രീയുടെ ഫോട്ടോ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞില്ലെന്നാണ് വിവരം. നേരത്തെ ഇവരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഓട്ടോ ഡ്രൈവര്‍ അടക്കംഇവരെ തിരിച്ചറിയാത്ത സാഹചര്യത്തില്‍ ഞെക്കാട്ടെ വാടകവീട്ടില്‍ താമസിക്കുന്ന സ്ത്രീക്ക് കേസുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം തിരുവനന്തപുരം-കൊല്ലം അതിര്‍ത്തി മേഖലകളില്‍ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു. ചിട്ടി അടക്കം സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നയാളാണ് സ്ത്രീയെന്നായിരുന്നു പോലീസ് അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത്. ഇവര്‍ താമസിച്ച വീട്ടില്‍ കഴിഞ്ഞ നാല് ദിവസമായി ആളില്ലെന്നാണ് വീട്ടുടമ പറഞ്ഞത്. ഇവരുടെ ഫോട്ടോ കാണിച്ചപ്പോള്‍ പങ്കില്ലെന്ന വിവരമാണ് കുട്ടിയില്‍ നിന്നടക്കം ലഭിച്ചത്.
അതേസമയം കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞു. പോലീസ് സേനയും മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ഉറങ്ങാതെയിരുന്ന് കുഞ്ഞിനെ കണ്ടെത്താന്‍ പരിശ്രമിച്ചുവെന്ന് എഡിജിപി പറഞ്ഞു. ഇതിനിടെ അബിഗേല്‍ അമ്മയുടെ മടിയിലിരിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
എആര്‍ ക്യാമ്പില്‍ വെച്ചാണ് അമ്മയെ നേരില്‍ക്കണ്ടത്. അതിന് മുമ്പ് അബിഗേല്‍ അമ്മയുമായി വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. സ്‌ക്രീനില്‍ മകളുടെ മുഖം കണ്ടപ്പോള്‍ പൊട്ടിക്കരച്ചിലോടെയാണ് അമ്മയായ സിജി പ്രതികരിച്ചത്. അതേസമയം പിതാവ് റെജി നേരത്തെ തന്നെ ഇവിടെയെത്തിയിരുന്നു.












Click it and Unblock the Notifications