മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; കെഎസ്ആർടിസിയിൽ 97 പേർക്ക് സസ്പെൻഷൻ, 40 പേരുടെ ജോലി പോയി
തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ മദ്യപിച്ച് ജോലി ചെയ്യുന്നവർക്കെതിരെ നടപടി തുടരുന്നു. ബ്രീത്ത് അനലൈസർ പരിശോധനയിൽ 137 ജീവനക്കാർ ആണ് മദ്യപിച്ചതായി കണ്ടെത്തിയത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർ വൈസർ അടക്കമുള്ള ജീവനക്കാരെയാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനും പിടികൂടിയത്.
ഇതിൽ 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരും കെ എസ് ആർ ടി സിയിലെ ബദൽ ജീവനക്കാരും അടക്കം 40 പേരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. മദ്യപിച്ച് ജോലിക്കെത്തയതിനും മദ്യം സൂക്ഷിച്ചതിനും ആണ് ഈ നടപടി.

രണ്ടാഴ്ചക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് വിവിധ യൂണിറ്റുകളിൽ പരിശോധന നടന്നത്. ഈ മാസം മദ്യപിച്ച് ജോലിക്ക് എത്തിയതിനെ തുടർന്ന് 100 ജീവനക്കാർക്കെതിരെ മന്ത്രി കെ ബി ഗണേഷ് കുമാർ നടപടി സ്വീകരിച്ചിരുന്നു.
74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു. സ്വിഫ്റ്റിലെ താത്ക്കാലിക ജീവനക്കാരും കെ എസ് ആർ ടി സിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവ്വീസിൽ നിന്നും നീക്കി. 49 ഡ്രൈവർമാരും പരിശോധനയിൽ കുടുങ്ങി. ഡ്യൂട്ടിക്ക് എത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാർ മദ്യപിച്ചിട്ടില്ലെന്നത് ഉറപ്പ് വരുത്തി മാത്രമെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടുള്ളൂ എന്ന ഗതാഗത മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്.
ഏറ്റവും ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴിൽ മേഖലയാണ് ഗതാഗത മേഖല. ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾ പൊതു ജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവൃത്തികൾ പൂർണമായും കെ എസ് ആർ ടി സിയിൽ നിന്നും ഒഴിവാക്കേണ്ടതുണ്ട്. ആയതിനുള്ള പരിശ്രമങ്ങളും പരിശോധനകളും നടപടികളും തുടരുമെന്നും കെ എസ് ആർ ടി സി അറിയിച്ചു.












Click it and Unblock the Notifications