'പെണ്‍കുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നവോത്ഥാന സംസ്‌കാരം വളര്‍ന്നു'
കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസില്‍ വച്ച് നഗ്നത പ്രദര്‍ശനം നടത്തി അറസ്റ്റിലായി ജാമ്യം ലഭിച്ച പ്രതിക്ക് പുറത്തിറങ്ങിയതിന് ശേഷം മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. മഹിള സംഘടനകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും പരിഹസിച്ച് കൊണ്ടാണ് ജോയ് മാത്യുവിന്റെ പ്രതികരണം.
വിപ്ലവകാരികളായ മഹിളാ സംഘടനകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങള്‍ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടില്‍ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാമെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

'ഉപയോഗ ശൂന്യമായ ഇറച്ചിക്കഷ്ണങ്ങള്‍ പോലുള്ള സാഹിത്യ സാംസ്‌കാരികനായികാ നായകന്മാരുള്ള ഈ കേരളക്കരയില്‍ ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാന്‍ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാര്‍ വരെ ഈ നാട്ടില്‍ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത്'- ജോയ് മാത്യു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി സവാദിന് ആലുവ ജയിലിന് മുന്‍വശത്ത് വച്ച് മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ട് സ്വീകരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ അടക്കം ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ നീക്കത്തെ നിയമപരമായി നേരിടുമെന്ന് പരാതിക്കാരി അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് താനും സുഹൃത്തുക്കളും സൈബര്‍ ആക്രമണം നേരിടുന്നുണ്ടെന്നും പരാതിക്കാരി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
'അയാള്‍ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കില്‍ ശരി. ജാമ്യത്തിലിറങ്ങിയ അവനോട് ഞങ്ങള്‍ കൂടെയുണ്ട് കേട്ടോ എന്നാണ് പറഞ്ഞത്. എന്തിനാണ് കൂടെയുള്ളത്? 20 ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തെറിവിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരില്‍ എനിക്ക് ലഭിച്ചത്'.- പരാതിക്കാരി പറഞ്ഞു.
സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ആര് മാലയിട്ട് സ്വീകരിച്ചാവലും ബസില്‍ അതിക്രമത്തില്‍ പ്രതികരിച്ച പെണ്‍കുട്ടിക്കൊപ്പമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രതി സവാദിനെ തള്ളിപ്പറഞ്ഞും പെണ്‍കുട്ടിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്. . . .
ഇറച്ചിയും മനുഷ്യരും
-------------------
പബ്ലിക് ബസിലിരുന്ന് പാന്റ്‌സിന്റെ സിബ്ബ് തുറന്ന് സ്വന്തം ഇറച്ചി പുറത്തിട്ട് അടുത്തിരിക്കുന്ന പെണ്‍കുട്ടിക്ക് അറപ്പുളവാക്കിയവനെ പൂമാലയിട്ട് ആദരിക്കുന്ന നിലയിലേക്ക് നമ്മുടെ നവോഥാന സംസ്‌കാരം വളര്‍ന്നതില്‍ നമ്മള്‍ അഭിമാനിക്കുക.
വിപ്ലവകാരികളായ മഹിളാ സംഘടനകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്ളതു കൂടാതെ ഫെമിനിസത്തിന്റെ പലവിധ വകഭേദങ്ങള്‍ നിരവധിയായ ലൊട്ടുലൊടുക്ക് സംഘടനകളിലും ഉള്ള ഈ നാട്ടില്‍ ഉശിരുള്ള ഒരു പെണ്ണിനെപ്പോലും കാണാനാകുന്നില്ല എന്നതിലും നമുക്കഭിമാനിക്കാം;
പ്രത്യേകിച്ചും വനിതാ നവോഥാന മതിലുപണിത നാട്ടില്‍ !അല്ലെങ്കില്‍ ഭാരതീയ സദാചാരബോധങ്ങളുടെ അപ്പോസ്തലന്മാരായി കമിതാക്കളെ പൊതു ഇടങ്ങളില്‍നിന്നും ചൂരല്‍പ്രയോഗം നടത്തി ഓടിക്കുന്ന നിരവധി കര്‍മ്മ സേനകളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍!(ചിരിപ്പിക്കരുത് )
രാഷ്ട്രീയ പാര്‍ട്ടികളിലെ പെണ്‍ അടിമക്കൂട്ടങ്ങളെ നമുക്ക് വെറുതേവിടാം.
എന്നാല്‍ ഉപയോഗ ശൂന്യമായ ഇറച്ചിക്കഷ്ണങ്ങള്‍ പോലുള്ള സാഹിത്യ സാംസ്‌കാരികനായികാ നായകന്മാര്‍ ഉള്ള ഈ കേരളക്കരയില്‍
ഇത്തരം പോക്രിത്തരങ്ങളെ ഇല്ലാതാക്കാന്‍ പോന്ന പെണ്മക്കളുള്ള തന്ത തള്ളമാര്‍ വരെ
ഈ നാട്ടില്‍ ഇല്ലാ എന്നുള്ളതാണ് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നത് !












Click it and Unblock the Notifications