'പരാതി സത്യസന്ധമായിരിക്കാം, വെറുതെ ആരെയും സംഘടനകള്‍ വിലക്കില്ല'; താരങ്ങളുടെ വിലക്കില്‍ ധ്യാന്‍
കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തെയും ശ്രീനാഥ് ഭാസിയെയും സിനിമ സംഘടകള്‍ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വെറുതെ ആരെയും സംഘടനകള്‍ വിലക്കില്ലെന്നും പരാതി സത്യസന്ധമായിരിക്കാമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. ശ്രീനാഥ് ഭാസിയുടെ കൂടെ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്ത് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും ധ്യാന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീനാഥ് ഭാസിയുടെ വിഷയത്തില്‍ ഞങ്ങള്‍ ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്ത് ഈ പ്രശ്‌നങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. പരാതി വന്നതുകൊണ്ടായിരിക്കാം അസോസിയേഷന്‍ തീരുമാനമെടുത്തിട്ടുണ്ടാവുക. പെട്ടെന്ന് ഒരു ദിവസം ഒരാളെ വിലക്കില്ലല്ലോ. ഒരു സംഘടനയും ഒരാളുടെ ജോലി വെറുതെ ഇല്ലാതാക്കില്ല, പരാതികള്‍ സത്യസന്ധമായിരിക്കാമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം, ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനുമാണ് സിനിമ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഇരുവരുമായി ഇനി സഹകരിക്കില്ലെന്നാണ് മസിനിമ സംഘടനകള്‍ അറിയിച്ചത്. താര സംഘടനയായ അമ്മ കൂടി ഉള്‍പ്പട്ടെ യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് നിരന്തരമായി ബുദ്ധിമുട്ടുകളുണ്ടെക്കുന്നെന്ന് ആരോപിച്ചാണ് വിലക്ക്. ഇരുവര്‍ക്കുമെതിരെ നിരവധി പരാതികളുണ്ടെന്നാണ് സംഘടന ആരോപിക്കുന്നത്.
നടന്‍ ഷെയിന്‍ നിഗം സിനിമയുടെ എഡിറ്റിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നുണ്ടെന്നും കൃത്യസമയത്ത് സിനിമ ഷൂട്ടിംഗിന് എത്തുന്നില്ലെന്ന പരാതിയുമാണ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്നത്. ശ്രീനാഥ് ഭാസി ഒരേ സമയത്ത് ഒന്നിലധികം സിനിമകള്‍ കരാര്‍ ഒപ്പിടുന്നുണ്ടെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റ കരാറില്‍ ഒപ്പിടാന്‍ മടിക്കുകയാണെന്നുമാണ് അസോസിയേഷന്‍ പറയുന്നത്.
ഷെയിന്‍ ആര്‍ ഡി എക്‌സ് എന്ന സിനിമയില്‍ തനിക്ക് പ്രാധാന്യം കുറവാണെന്നും അതിനാല്‍ എഡിറ്റിംഗ് കാണണമെന്നും ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയെന്ന് നിര്‍മ്മാതാവ് ആരോപിച്ചിരുന്നു. വേണ്ടത്ര പ്രധാന്യം നല്‍കിയില്ലെങ്കില്‍ സിനിമയുടെ ബാക്കി ചിത്രീകരണത്തിന് സഹകരിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
കൂടാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരോട് ഇരുവരും മോശമായി പെരുമാറുണ്ടെന്നും കൃത്യസമയത്ത് ഷൂട്ടിംഗ് സെറ്റുകളില്‍ എത്താറില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. നിലവില്‍ ശ്രീനാഥ് ഭാസിക്ക് അമ്മയില്‍ അംഗത്വമില്ല. വെയില്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഷെയിനിന് അമ്മയില്‍ താല്‍ക്കാലികമായി അംഗത്വം ലഭിച്ചതെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചത്. ഈ നടന്‍മാരെ വച്ച് സിനിമ ചെയ്യുന്ന നിര്‍മാതാക്കള്‍ അവരുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം ഉണ്ടായാലും സ്വയം ഏറ്റെടുക്കേണ്ടി വരുമെന്നും സംഘടനയ്ക്ക് ഉത്തരവാദിത്വമില്ലെന്നും അമ്മക്ക് വേണ്ടി ഇടവേള ബാബു പറഞ്ഞിരുന്നു.












Click it and Unblock the Notifications