'തരൂർ ഫോർവേഡ് കളിക്കണം, ഗോളടിക്കാൻ യോഗ്യനല്ലേ'; തെളിയിച്ചിട്ടുണ്ടെന്ന് ജഗദീഷ്
തിരുവനന്തപുരം: മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റുമെന്ന് തെളിയിച്ച നേതാവാണ് ശശി തരൂർ എന്ന് നടൻ ജഗദീഷ്. കേരളത്തിലെ 90 ശതമാനം യുവാക്കളുടേയും പിന്തുണ ശശി തരൂരിനുണ്ടെന്നും മാറ്റങ്ങൾ കൊണ്ടു വരാൻ കഴിയുന്നവരെ എന്തിന് മാറ്റി നിർത്തണമെന്നും ജഗദീഷ് ചോദിച്ചു. മനോരമ ന്യൂസ് ചാനലിലെ ന്യൂസ് മേക്കർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ശശി തരൂർ ഫോർവേഡ് കളിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.ഫോർവേഡ് കളിക്കാൻ യോഗ്യത ഉള്ളവർ ഗാലറിയിൽ ഇരുന്ന് കാഴ്ചകൾ കണ്ടാൽ പോര. അവരെ കൊണ്ടേ ഗോൾ അടിക്കാൻ പറ്റൂ. ഗോളടിക്കണമെങ്കിൽ അവരെ പോലെയുള്ളവർ വരണമെന്നതാണ് എന്റെ അഭിപ്രായം. 90 ശതമാനം യുവാക്കളും ശശി തരൂരിനെയാണ് പിന്തുണയ്ക്കുന്നത്'.

'നമ്മൾ വരെ പ്രതീക്ഷയോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.ആര് നമ്മളെ നയിക്കും, എന്തെങ്കിലും മാറ്റം കൊണ്ടുവരാൻ ആർക്കൊക്ക കഴിയും ആ ചോദ്യത്തിനൊക്കെയുള്ള ഉത്തരം ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല പറയുന്നത്. അദ്ദേഹം പല അവസരങ്ങളിലും അത് തെളിയിച്ചിട്ടുണ്ട്. എന്തുകൊണ്ട് അദ്ദേഹത്തെ വിശ്വ പൗരൻ എന്ന് വിളിക്കുന്നു? ഒരു ദിവസം കൊണ്ടുള്ള നേട്ടത്തിന്റെ പേരിൽ ഫാൻസ് അല്ല അദ്ദേഹത്തിന് ആ പേര് കൊടുത്തത്. അദ്ദേഹത്തിന്റെ അറിവ്, അനുഭവം, ഇതെല്ലാം വെച്ച് ഒരു രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന വ്യക്തിത്വത്തെ എന്തിന് മാറ്റി നിർത്തണം'.

'അദ്ദേഹം മുഖ്യമന്ത്രി എന്നത് അവിടെ നിൽക്കട്ടെ, ഏത് പദവിയിൽ ഇരുന്നാലും നമ്മളെ നയിക്കാൻ കഴിയുന്ന ആളാണ്. അദ്ദേഹത്തിന്റെ ചിന്തകളിലൂടെ വാക്കുകളിലൂടെ പ്രവർത്തികളിലൂടെ നമ്മളെ ലീഡ് ചെയ്യാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നേതാവിനെയാണ് ഞാൻ അദ്ദേഹത്തിൽ കാണുന്നത്'.

'ഞാനൊരു രാഷ്ട്രീയക്കാരനല്ല, രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടായിരുന്നു,തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ ഇപ്പോൾ മാറി നിൽക്കുകയാണ്. എനിക്ക് രാഷ്ട്രീയക്കാരാനാകാനുള്ള യോഗ്യതകൾ പലതും ഇല്ല. ഞാൻ സാധാരണക്കാരനെ പ്രതിനീധികരിച്ചാണ് സംസാരിക്കുന്നത്, ഒരിക്കലും കോൺഗസിനെ പ്രതിനീധികരിച്ചല്ല. എനിക്കൊരു രാഷ്ട്രീയക്കാരനായി അറിയാനല്ല, കലാകാരനായി മുന്നോട്ട് പോകാനാണ് ഇഷ്ടപ്പെടുന്നത്. ഞാൻ ഇടപെടുന്ന എന്റെ സൗഹൃദ കുടുംബ സമൂഹ സദസുകളിൽ എല്ലാം ശശി തരൂരിൽ ജനങ്ങൾ പ്രതീക്ഷ അർപ്പിച്ച് കാണുന്നുണ്ട്. അത് വെറുതെ ഉണ്ടാകുന്ന ഒരു ചർച്ച മാത്രമല്ല', ജഗദീഷ് പറഞ്ഞു.

കേരള മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്ന് പരിപാടിയിൽ ശശി തരൂർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ജനങ്ങളാണ് തീരുമാനം എടുക്കേണ്ടത്. കേരളത്തിലെ പല പ്രശ്നങ്ങൾക്കും കാരണം കണ്ടെത്തി പരിഹരിക്കേണ്ട വലിയ ഉത്തരവാദിത്തം തനിക്കുണ്ടെന്നായിരുന്നു ശശി തരൂരിന്റെ വാക്കുകൾ. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത തരൂർ തള്ളിയില്ല. അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ പരസ്യമായും രഹസ്യമായും പിന്തുണ നല്‍കിയവരുണ്ട്. അവരുമായി ചര്‍ച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും തരൂർ വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള രാഷ്ട്രീയത്തിൽ സജീവമാകുകയാണ് തരൂർ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തരൂർ എത്തുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റി നിർത്തണമെന്ന ആവശ്യം നേതാക്കൾ ഉയർത്തുന്നുണ്ട്. മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകക്ഷികളും സുധാകരനിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്കിടയിൽ അടക്കം സ്വീകാര്യതയുള്ള തരൂരിനെ അധ്യക്ഷസ്ഥാനത്തേക്ക് നിയമിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കരുതുന്നവർ കുറവല്ല.












Click it and Unblock the Notifications