Kollam sudhi Death: നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു: ബിനു അടിമാലി ഉള്‍പ്പടെയുള്ളവർക്ക് പരിക്ക്
തൃശ്ശൂർ: മിമിക്രി കലാകാരനും സിനിമ-ടെലിവിഷന്‍ താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. സുധി സഞ്ചരിച്ച കാർ എതിർ ദിശയില്‍ നിന്നും വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടന്‍ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ബിനു അടിമാലി ഉള്‍പ്പടേയുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ചയും ഇതേ സ്ഥലത്ത് അപകടമുണ്ടായിരുന്നു. നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ലോറി വന്നിടിച്ചുണ്ടായ അന്നത്തെ അപകടത്തില്‍ ഒരാള്‍ മരിച്ചു. തുടർച്ചയായി അപകടമുണ്ടാവുന്ന മേഖലയില്‍ വെച്ചാണ് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടവും ഉണ്ടായതെന്നാണ് റിപ്പോർട്ട്. തൊടുപുഴ സ്വദേശികളായ ഡ്രൈവർ ഓടിച്ച പിക്കപ്പ് വാനുമായിട്ടാണ് സുധിയും സംഘവും സഞ്ചരിച്ച കാർ കൂട്ടിയിടിച്ചത്.
കാറിന്റെ മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നത്. ഇടിയുടെ ആഘാതത്തില്‍ സുധിക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് തന്നെയുണ്ടായിരുന്ന ആംമ്പുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൊല്ലം സുധി മരണപ്പെടുകയായിരുന്നു. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ് വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് താരങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്.
മിമിക്രി വേദികളിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയ താരം നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ കൊല്ലം സുധി. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്,ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
കൊച്ചിയില്‍ ജനിച്ച കൊല്ലം സുധിയുടെ അച്ഛൻ ശിവദാസൻ കൊച്ചിൻ കോർപ്പറേഷനിലെ റവന്യൂ ഇൻസ്പെക്ടറായിരുന്നു. അമ്മ ഗോമതി. പിന്നീടാണ് കുടുംബ സമേതം കൊല്ലത്തേക്ക് എത്തുന്നത്. ഒരു ചേച്ചിയും ചേട്ടനുമുണ്ട്. അനിയന്‍ സുഭാഷ് നേരത്തെ മരിച്ചു. മുപ്പതിലേറെ വർഷം മുമ്പ് മിമിക്രി വേദിയിലെത്തിയ താരം 16 -17 വയസ്സു മുതല്‍ കലാരംഗത്തുണ്ട്.
പാട്ടില്‍ തുടങ്ങി മിമിക്രി വേദിയിലേക്ക് എത്തുകയായിരുന്നു. മുണ്ടയ്ക്കൽ വിനോദ്, ഷോബി തിലകൻ, രാജാ സാഹിബ്, ഷമ്മി തിലകൻ തുടങ്ങിയവരുടെ കൂടെയായിരുന്നു ആദ്യ കാലത്തെ കലാപ്രവർത്തനം. കോമഡി സ്റ്റാർസ്, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ പരിപാടികളിലൂടെ കൂടുതല്‍ ശ്രദ്ധ നേടി.












Click it and Unblock the Notifications