'കോണ്‍ഗ്രസിലെ പിണറായിയാണ് സുധാകരന്‍.. മോന്‍സണ്‍ കേസില്‍ പറ്റിയത് അബദ്ധം'; കൊല്ലം തുളസി
കൊല്ലം: മോന്‍സന്‍ മാവുങ്കല്‍ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് അബദ്ധം പറ്റിയതാണ് എന്ന് നടന്‍ കൊല്ലം തുളസി. ആ ഭാഗത്ത് ഷൂട്ടിംഗിന് പോയപ്പോള്‍ ഇക്കാര്യം അറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ താനും അതില്‍ അകപ്പെട്ടേനെ എന്നും കൊല്ലം തുളസി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനേക്കാള്‍ വലിയ ആരോപണമല്ലേ സ്വപ്ന സുരേഷിന്റെ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഉള്ളതെന്നും അതിനെ കുറിച്ച് എന്താണ് ആരും ഒന്നും പറയാത്തത് എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രത്തിന്റെ പൊതുവായ നന്മ ലക്ഷ്യം വെച്ചുള്ള ഒരു ഭരണവും ഇവിടെ ഉണ്ടാകുന്നില്ലെന്നും ഒരുപറ്റം ആള്‍ക്കാര്‍ തടിച്ച് കൊഴുത്ത് വളരുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. കൊല്ലം തുളസിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'കോണ്‍ഗ്രസിലെ വിഎം സുധീരനെ എനിക്ക് ഭയങ്കര ബഹുമാനമാണ്. ആദര്‍ശശുദ്ധിയുള്ള മനുഷ്യനാണ്. പക്ഷെ അദ്ദേഹം വളരാനോ അദ്ദേഹത്തിന്റെ ഭരണം കാണാനോ പറ്റില്ല എന്നറിയാം. കാരണം അദ്ദേഹത്തെ വളര്‍ത്തില്ല. ശശി തരൂരിനെ ഞാന്‍ ബഹുമാനിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കുറച്ച് നല്ല നേതാക്കന്‍മാരുണ്ട്. അവരുടെയൊക്കെ പേര് പറയാന്‍ തുടങ്ങിയാല്‍ ഇപ്പോഴത്തെ കാലത്തും അപൂര്‍വം ആളുകളുണ്ട്.
ഇല്ലെന്ന് ഞാന്‍ പറയുന്നില്ല. സി പി ഐയില്‍ നല്ല നേതാക്കന്‍മാര്‍ ഉണ്ടായ കാലഘട്ടമുണ്ടായിരുന്നു. എകെജി, ഇഎംഎസ്, അച്യുതാനന്ദന്‍. അദ്ദേഹം അവസാനം കുറച്ച് വഴി തെറ്റി പോയെങ്കിലും അദ്ദേഹം ഒരു നല്ല കമ്മ്യൂണിസ്റ്റുകാരനാണ് എന്ന് ഞാന്‍
വിശ്വസിക്കുന്നു. ഇകെ നായനാരെയൊക്കെ ഞാന്‍ ബഹുമാനിക്കുന്നു. എന്നുവെച്ച് അവര്‍ അഴിമതിക്ക് അതീതനാണ് എന്നൊന്നുമില്ല.
രാഷ്ട്രീയത്തില്‍ അഴിമതി നടത്തിയെ പറ്റു. പക്ഷെ അതിന്റെ അളവ് കുറയും. ഇപ്പോള്‍ തന്നെ ഇവിടെ സരിത കേസ്, സ്വപ്ന കേസ്, മാര്‍ക്ക്‌ലിസ്റ്റ് കേസ് ഒക്കെയായി എന്നും ആരോപണങ്ങളുണ്ട്. അഴിമതിയില്‍പ്പെട്ട് ആരെയെങ്കിലും ഒരാളെ ശിക്ഷിച്ചത് ഓര്‍മയുണ്ടോ. എന്റെ ഓര്‍മയില്‍ ശിക്ഷ ലഭിച്ചത് പാവപ്പെട്ട ആര്‍ ബാലകൃഷ്ണപിള്ള മാത്രമെ ഉള്ളൂ. അദ്ദേഹം മരിച്ച് പോയി. അതിനേക്കാള്‍ ഭയങ്കരമായ അഴിമതികള്‍ ഈ രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്നു.
സുധാകരന്‍ പിണറായിയുടെ വേറൊരു ടൈപ്പാണ് എന്ന് പറയും. കോണ്‍ഗ്രസിലെ പിണറായിയാണ് കെ സുധാകരന്‍. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇവിടെ നടക്കതെ വന്നു. ഒരു കേഡര്‍ പാര്‍ട്ടിയായി കോണ്‍ഗ്രസിനെ വളര്‍ത്തുക എന്ന അദ്ദേഹത്തിന്റെ മോഹം നടന്നില്ല. തുടക്കത്തില്‍ കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള കോംബിനേഷന്‍ ഇഷ്ടപ്പെട്ട ഒരാളാണ് ഞാന്‍. പക്ഷെ അത് അംഗീകരിക്കാന്‍ മറ്റുള്ളവര്‍ തയ്യാറല്ല.
ശശി തരൂര്‍ മത്സരത്തിന് നിന്നിട്ട് പോലും ഇവിടെയുള്ളവര്‍ യോജിച്ചില്ലല്ലോ. നല്ലത് വളര്‍ന്ന് വരാന്‍ ഇവരാരും വഴി കൊടുക്കത്തില്ല. കോണ്‍ഗ്രസില്‍ സുധാകരന്‍ ഒരു നല്ല നേതാവാണ്. പക്ഷെ അദ്ദേഹത്തിന് അടുത്ത കാലത്തൊരു അബദ്ധം പറ്റി. പലര്‍ക്കും പറ്റാവുന്ന ഒരു അബദ്ധം, എനിക്കും പറ്റാമായിരുന്നു. ഞാനൊരു ഷൂട്ടിംഗിന് പോകുമ്പോള്‍ അതിന്റെ അടുത്താണ് മോന്‍സന്റെ വീടെങ്കില്‍ ഞാനും പോയി കണ്ടേനെ.
ഐജി പോയല്ലോ. എന്തേ സുധാകരനെ മാത്രം ടാര്‍ഗറ്റ് ചെയ്ത് പിടിക്കുന്നത്. അതിനേക്കാള്‍ വലിയ ആരോപണമല്ലേ സ്വപ്ന സുരേഷിന്റെ കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഉള്ളത്. അതെന്താണ് ഹൈലൈറ്റ് ചെയ്യാത്തത്. ഈ വൃത്തികെട്ട രാഷ്ട്രീയത്തോടാണ് എനിക്ക് എതിര്‍പ്പ്. രാഷ്ട്രത്തിന്റെ പൊതുവായ നന്മ ലക്ഷ്യം വെച്ചുള്ള ഒരു ഭരണവും ഇവിടെ ഉണ്ടാകുന്നില്ല. ഒരുപറ്റം ആള്‍ക്കാര്‍ തടിച്ച് കൊഴുത്ത് വളരുന്നു.
പാവപ്പെട്ടവന്‍ ഇപ്പോഴും പാവപ്പെട്ടവന്‍ തന്നെ. കുടിവെള്ളമില്ല, ജോലിയില്ല, ജോലിക്ക് നല്ല കൂലി കിട്ടുന്നില്ല. ഞങ്ങളൊക്കെ രാത്രി ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ ഒരു തുള്ളി വെള്ളത്തിന് മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത് കാണാം. കുടിവെള്ളം പോലും കൊടുക്കാന്‍ പറ്റാത്ത സര്‍ക്കാരാണ് ഇത്രയും കാലമായി നമ്മുടെ നാട്ടിലുള്ളത്.'












Click it and Unblock the Notifications