ലിജു കൃഷ്ണയ്ക്കെതിരായ കേസ്; നിവിൻ പോളിയുടെ പ്രതികരണം ഇങ്ങനെ, സിനിമ 'പടവെട്ടി ഇറക്കി'
കൊച്ചി: പടവെട്ട് സിനിമ സംവിധായകമായിരുന്ന ലിജു കൃഷ്ണയ്ക്കെതിരായ ബലാത്സംഗ കേസ് വന്നതെ സിനിമയെ ബാധിച്ചിരുന്നുവെന്ന് നടൻ നിവിൻ പോളി. എല്ലാവരും കൂടി ഒരുമിച്ച് നിന്ന് സിനിമ പൂർത്തിയാക്കുകയായിരുന്നുവെന്നും നടൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കേസിനെ കുറിച്ച് നിവിൻ പോളി പ്രതികരിച്ചത്. നടന്റെ വാക്കുകളിലേക്ക്

'സിനിമ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയായിരുന്നു സംവിധായകനെതിരെ ആരോപണം ഉയർന്നത്. അപ്പോൾ സിനിമ പൂർത്തിയാക്കണമെന്ന് ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും കൂടി ഒരുമിച്ച് നിന്ന് ബാക്കി ഉണ്ടായിരുന്ന ഭാഗങ്ങൾ പൂർത്തിയാക്കുകയായിരുന്നു, നിവിൻ പോളി പറഞ്ഞു. സിനിമയുടെ പേര് പോലെ തന്നെ പടവെട്ടി ഇറക്കേണ്ടി വന്ന സിനിമയാണിത്. കൊവിഡ്, പ്രൊഡ്യൂസർ, മറ്റ് പല പ്രശ്നങ്ങളും നേരിട്ടു'.

'വിവാദങ്ങൾ സിനിമയെ സ്വാഭാവികമായും ബാധിക്കുമല്ലോ. എന്തൊക്കെ പറഞ്ഞാലും സിനിമ ഒരാളുടെ മാത്രമല്ല. ഒരുപാട് പേര് പരിശ്രമമാണ്. കോടികൾ മുടക്കുന്നൊരു പ്രൊഡ്യൂസർ ഉണ്ട് അതിന് പിന്നിൽ. സിനിമ നിന്ന് പോകരുതെന്ന് ആഗ്രഹിച്ചു. അതിന് വേണ്ടിയിട്ടുള്ള എല്ലാ പരിശ്രമവും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. അവസാനം സിനിമ പുറത്തിറക്കാൻ കഴിഞ്ഞു', നിവിൻ പോളി പറഞ്ഞു.

ലിജുവിനോട് സംസാരിച്ചിരുന്നോ, എന്താണ് നിലപാട് എന്ന ചോദ്യത്തിന് ഇപ്പോൾ കേസ് കോടതിയിലാണെന്നും അതിനെ കുറിച്ച് പറയുന്നത് ശരിയല്ലെന്നുമായിരുന്നു നിവിന്റെ പ്രതികരണം. സിനിമയിൽ ഐ സി സി രൂപീകരിക്കണമെന്ന് പറഞ്ഞ് തന്നെ ഗൈഡ് ചെയ്തത് സംവിധായക അഞ്ജലിയായിരുന്നു. നമ്മുക്ക് അങ്ങനെയൊരു നിയമം ഉള്ളതൊന്നും അറിയില്ല. ഞാൻ പ്രൊഡ്യൂസ് ചെയ്ത സിനിമകളിൽ ഐസിസികൾ രൂപീകരിച്ചിട്ടുണ്ട്, നിവിൻ പറഞ്ഞു.

അതേസമയം ലിജു തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം എന്നായിരുന്നു നടി അതിഥി ബാലന്റെ വാക്കുകൾ. കേസ് ഇപ്പോൾ കോടതിയിലാണ്. തന്റെ ആദ്യ മലയാള സിനിമയാണ്. അതുകൊണ്ട് തന്നെ ഈ പടം ഇറങ്ങണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു. സിനിമ എന്ന് പറയുന്നത് ലിജു മാത്രമല്ല. നിരവധി താരങ്ങൾ ഉണ്ട്. അവരുടെ അധ്വാനം ഉണ്ട്'

'ഈ സിനിമ ചെയ്യണം എന്ന് തന്നായയിരുന്നു എന്റെ പ്രയോറിറ്റി. അതേസമയം ലിജു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും അയാൾ ശിക്ഷിക്കപ്പെടണം.സിനിമ റിലീസ് ചെയ്യരുതെന്ന് എന്ന തരത്തിലുള്ള ചർച്ചകൾ പാടില്ല. സിനിമ റിലീസാകണം.ഒരുപാട് പേരുടെ കൂട്ടായ പ്രവർത്തനമാണിത്. അത് ഫലം കാണണം, അതിഥി ബാലൻ പറഞ്ഞു.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയുമായി സംവിധാകൻ ലിജു ഒരുമിച്ചു താമസിച്ചിരുന്നുവെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. കൊച്ചിയിലെ വീട്ടിലും കണ്ണൂർ, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാൽസംഗം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു.

ലിജു തന്നെ ബലം പ്രയോഗിച്ച് മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും 2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും ഗര്‍ഭച്ഛിദ്ദം നടത്തുകയും അതിന് പിന്നാലെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകർന്നുവെന്നും യുവതി ആരോപിച്ചിരുന്നു. കേസിൽ ഷൂട്ടിംഗ് സൈറ്റിൽ വെച്ച് തന്നെ ലിജു കൃഷ്ണയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.












Click it and Unblock the Notifications