പരാതിക്കാരിയെ കണ്ടിട്ട് പോലുമില്ല, ഓടിയൊളിക്കില്ല, നിരപരാധിത്വം തെളിയിക്കും; പീഡന പരാതിയില്‍ നിവിന്‍ പോളി
കൊച്ചി: തനിക്കെതിരായ പീഡന വാര്‍ത്ത വ്യാജമെന്ന് നടന്‍ നിവിന്‍ പോളി. പ്രസ്തുത വാര്‍ത്ത തെറ്റാണ് എന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും നിവിന്‍ പോളി പറഞ്ഞു. അതിനായി ഏതറ്റം വരേയും പോകുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പരാതിക്കാരിയെ തനിക്കറിയില്ലെന്ന് നിവിന്‍ പോളി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനരഹിതമായ ആരോപണമാണിത്.
ആദ്യമായാണ് ഇത്തരമൊരു ആരോപണം നേരിടുന്നത് എന്നും മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യണം. ഓടിയൊളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പരാതിക്കാരിയോ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിരപരാധിത്വം തെളിയിക്കും. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നും താരം കൂട്ടിച്ചേര്‍ത്തു. നിരപരാധിത്വം തെളിയിച്ചാലും ഇതേ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

പെട്ടെന്ന് വാര്‍ത്ത കണ്ടപ്പോള്‍ അത് തന്നേയും തന്റെ ചുറ്റമുള്ളവരേയും ബാധിച്ചു എന്നും നമുക്ക് കുടുംബം ഉള്ളതല്ലേ എന്നും അദ്ദേഹം ചോദിച്ചു. 'എന്റെ ഭാഗത്ത് ന്യായമുണ്ട്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കാന്‍ തെളിവില്ല. പക്ഷെ ഇത്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലല്ലോ,' നിവിന്‍ പോളി പറഞ്ഞു.
നാളെ ആര്‍ക്കെതിരെയും ഇത്തരം ആരോപണങ്ങള്‍ വരാമെന്നും പ്രതികരിച്ചില്ലെങ്കില്‍ നീണ്ടു നീണ്ടു പോകും എന്നും അദ്ദേഹം പറഞ്ഞു. ഏത് അന്വേഷണത്തിനും തയ്യാറാണ് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ് എന്നും നിവിന്‍ പോളി പറഞ്ഞു. ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതികരിച്ചത്. ഒന്നരമാസം മുന്‍പ് ഊന്നുകല്‍ സ്റ്റേഷനില്‍ നിന്ന് സിഐ വിളിച്ചിരുന്നു.
അദ്ദേഹത്തോടും ഇത് സത്യമല്ല എന്ന് പറഞ്ഞിരുന്നു. തനിക്കെതിരെയുള്ളത് മനഃപൂര്‍വമായ ആരോപണമാണ് എന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നും ബ്ലാക്ക്‌മെയില്‍ ആണോ എന്ന് സംശയമുണ്ട് എന്നും താരം ആരോപിച്ചു. അന്നത്തെ എഫ് ഐആര്‍ ഫോണ്‍ വിളിച്ച് വായിച്ച് കേട്ടിട്ടുണ്ട് എന്നും പുതിയ പരാതിയെ കുറിച്ച് അറിയില്ല എന്നും നിവിന്‍ പോളി പറഞ്ഞു. പൊലീസിനും അന്ന് പരാതി വ്യാജമാണ് എന്ന് ബോധ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പരാതി കിട്ടിയപ്പോള്‍ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു അന്ന് പൊലീസില്‍ നിന്ന് ലഭിച്ച മറുപടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഡിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഓഡീഷന്‍ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ.
ഫോണ്‍ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്തിട്ടില്ല. പലയിടത്തും പോകുമ്പോള്‍ പലരും സെല്‍ഫി എടുക്കാറുണ്ട്. അത്തരത്തില്‍ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന് അറിയില്ല എന്നും അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെണ്‍കുട്ടിയുമായിട്ടില്ല എന്നും നിവിന്‍ പോളി പറഞ്ഞു.












Click it and Unblock the Notifications