'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മോഹന്‍ലാലിന്റെ പേരുണ്ടാകാന്‍ സാധ്യതയില്ല'; പിന്നെന്തിനാണ് രാജിയെന്ന് ഷമ്മി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ താര സംഘടനയായ അമ്മ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. അമ്മയിലെ ലോബിയിലെ മുഖം മൂടി അഴിഞ്ഞുവീണു എന്ന് ഷമ്മി തിലകന്‍ പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘടനയിലെ ഭാരവാഹികള്‍ എല്ലാവരും രാജി വെക്കേണ്ട കാര്യമില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഷമ്മി തിലകന്റെ പ്രതികരണം
'ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മോഹന്‍ലാലിനെതിരെ ആരോപണം ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹത്തിനെതിരെ ആരോപണം ഉണ്ടാകാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. നമുക്കറിയില്ല എന്താണ് കാര്യങ്ങളെന്ന്. ഏതായാലും അങ്ങനെയിരിക്കെ അദ്ദേഹത്തിന് രാജി വെക്കേണ്ട കാര്യമില്ലായിരുന്നു. അദ്ദേഹം രാജി വെച്ചത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ് വരുമെങ്കില്‍ സ്വാഗതം ചെയ്യും.

ജഗദീഷിനോട് എല്ലാ കാര്യത്തിലും യോജിക്കുന്ന വ്യക്തിയല്ലെങ്കില്‍ കൂടി ഒരു ലീഡര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് കഴിവുണ്ട്. സംഘടനെ നയിക്കാനായുള്ള കഴിവുള്ള വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നല്ല സംഘാടന മികവ് കാണിക്കുന്ന വ്യക്തിയാണ്. വോട്ട് ചെയ്ത ജനങ്ങളോടുള്ള ഉത്തരവാദിത്തവും പ്രതിബദ്ധതയും മുകേഷ് കാണിക്കണം. ഞാന്‍ സംഘടനയില്‍ വരണോ എന്ന് തീരുമാനിക്കേണ്ടത് അവരാണ്.
ഞാന്‍ രാജി വെച്ചതല്ല, എന്നെ പുറത്താക്കിയതാണ്. ആ തീരുമാനം പുനപരിശോധിക്കേണ്ടത് അവരാണ്, ഞാനല്ല. ഏതായാലും അതിനായി അപേക്ഷയൊന്നും ഞാന്‍ കൊടുക്കാന്‍ പോണില്ല. എന്നെ പുറത്താക്കാന്‍ ചുക്കാന്‍ പിടിച്ചവരെല്ലാം ഇപ്പോള്‍ കുറ്റാരോപിതരായി പുറത്തായി. ഇപ്പോള്‍ അവരെ കുറിച്ച് ഒരുപാട് ആരോപണങ്ങള്‍ പുറത്തുവരുന്നുമുണ്ട്. അമ്മയിലെ മിക്ക തീരുമാനങ്ങളും എടുക്കുന്നത് അവൈലബിള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്.
അതില്‍ നാലോ അഞ്ചോ പേരായിരിക്കും ഉണ്ടായിരിക്കുക. നിയമപ്രകാരം അങ്ങനെ എടുക്കുന്ന തീരുമാനം അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതി വാങ്ങണം. അതൊന്നും പാലിക്കാതെയാണ് സംഘടനയില്‍ നിന്ന് പലരേയും പുറത്താക്കിയത്. അതിജീവിതയുടെ വിഷയത്തില്‍ സംഘടനയെടുത്ത തീരുമാനവും അങ്ങനെയാണ്. നിയമബോധത്തെ കുറിച്ചുള്ള അജ്ഞത തന്നെയാണ് പല പ്രശ്‌നങ്ങള്‍ക്കും കാരണം,' ഷമ്മി തിലകന്‍ പറഞ്ഞു.
അതേസമയം അമ്മ എക്സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമാണ് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു എന്നും കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇത് അനിശ്ചിതത്വം ഉണ്ടാക്കും. നിലവില്‍ അമ്മ അംഗമല്ലെങ്കിലും സ്ഥാപക അംഗമെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കി.
അമ്മ പ്രസിഡന്റിന് പ്രതികരണശേഷി നഷ്ടപ്പെട്ടെന്നും അല്ലെങ്കില്‍ ഇങ്ങനെ നില്‍ക്കേണ്ടി വരില്ലല്ലോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേതാവിന്റെ മൗനത്തിന്റെ ബലിയാടാണ് താനെന്നും ഷമ്മി തിലകന്‍ പറഞ്ഞു. കൂട്ട രാജി ഉത്തരംമുട്ടലാണ് എന്നും വോട്ട് ചെയ്തവരോടുള്ള വഞ്ചനയാണ് കൂട്ടരാജി എന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ് എന്നും ഷമ്മി തിലകന്‍ പ്രതികരിച്ചു.












Click it and Unblock the Notifications