ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ സമര്‍ത്ഥന്‍; സിനിമ നടനല്ല ആ ജോലി ചെയ്യേണ്ടത്; തുറന്നടിച്ച് സുരേഷ് ഗോപി
കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തില്‍ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. 35 സീറ്റ് നേടി കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് അവകാശവാദം നടത്തിയെഹ്കിലും കയ്യിലുണ്ടായിരുന്ന ആകെയുള്ള സീറ്റും നഷ്ടപ്പെടുത്തി സംപൂജ്യരാവുകയായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷനെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗം പടയൊരുക്കം തുടങ്ങിയിരുന്നു. ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലും സംസ്ഥാനത്തെ പാര്‍ട്ടിയുടെ മോശം പ്രവര്‍ത്തന ശൈലിയെയും തുടര്‍ന്ന് നേതൃത്വത്തെ മാറ്റണമെന്ന അഭിപ്രായം സമീപ ദിവസങ്ങളായി ഉയരുകയാണ്. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ മാറ്റിനിര്‍ത്തി പൊതു സ്വീകാര്യനായ ഒരു നേതാവ് നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം.

കെ സുരേന്ദ്രന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കം അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് സൂചന. ഈ സ്ഥാനത്തേക്ക് നടനും എംപിയുമായി സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്നും ഒരു പ്രവര്‍ത്തകനായി തുടരാനാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ദില്ലിയില്‍ വച്ച് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ച അധ്യക്ഷ പദവിയെ കുറിച്ച് സംസാരിക്കാനാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുരേഷ് ഗോപിയെ പോലെയുള്ള നേതാവ് തലപ്പത്ത് എത്തിയാല്‍ പാര്‍ട്ടി ജനങ്ങളില്‍ കുറച്ചൂകൂടെ സ്വീകാര്യതയുണ്ടാകുമെന്നാണ് നേതൃത്വം കരുതുന്നത്. സുരേഷ് ഗോപിക്ക് ഇപ്പോള്‍ നിലവിലിള്ള ഇമേജ് പാര്‍ട്ടിക്ക് കരുത്താകുമെന്നും യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സുരേഷ് ഗോപിക്ക് കഴിയുമെന്നാണ് നേതൃത്വം കരുതുന്നത്.

എന്നാല്‍ ഇപ്പോഴിതാ അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. കണ്ണൂരില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. പിപി മുകുന്ദനുമായി കൂടിക്കാഴ്ച നടത്താന്‍ വേണ്ടിയാണ് അദ്ദേഹം കണ്ണൂരിലെത്തിയത്. ഇതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് സുരേഷ് ഗോപി. താന്‍ ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ സംതൃപ്തനാണ്. അത് തുടരാന്‍ തന്നെ അനുവദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. പി പി മുകുന്ദനുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനകാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി. സിനിമ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ കാല്‍വച്ച് വളര്‍ന്നവരാണ് ആ സ്ഥാനത്തേക്ക് വരേണ്ടത്. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ താന്‍ സമര്‍ത്ഥനാണെന്നും അത് തുടരാന്‍ അനുവദിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഇതാദ്യമായല്ല, സുരേഷ് ഗോപി ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്. കെ സുരേന്ദ്രനോ, കേന്ദ്ര മന്ത്രി വി മുരളീധരന്‍ വിചാരിച്ചാലോ താന്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകില്ലെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ പറയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരള നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് സുരേഷ് ഗോപിയെ അധ്യക്ഷനാക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

അതേസമയം, പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി. മോന്‍സന്‍ മാവുങ്കലും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ ഈ ചോദ്യങ്ങളില്‍ നിന്ന് സുരേഷ് ഗോപി ഒഴിഞ്ഞുമാറുകയായിരുന്നു. മോന്‍സനെ കുറിച്ച് ചോദിച്ചപ്പോള്‍ തേങ്ങയാമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു, അയ്യേ.. നമുക്ക് നല്ല കാര്യങ്ങള്‍ പറയാം..കേരം, കേരം സ്മൃതി കേരം. പത്രക്കാര്‍ എല്ലാവരും കൂടി വിജയിപ്പിക്കുക. നിങ്ങള്‍ അഞ്ചോ പത്തോ തെങ്ങ് നട്ടാല്‍ ഒരു കോടിയെന്ന് പറയുന്നത് രണ്ട് കോടിയായി മാറും- സുരേഷ് ഗോപി പറഞ്ഞു.












Click it and Unblock the Notifications