ഉണ്ണി മുകുന്ദന് പിടിവള്ളി ആകുമോ? പുതിയ അവകാശവാദവുമായി സൈബി ജോസ്...
ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൈബി

നടൻ ഉണ്ണി മുകന്ദനെതിരെയുള്ള സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ വിചാരണ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഹൈക്കോടതി നീക്കിയിരുന്നു. ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ കോഴ വവാങ്ങിയെന്ന ആരോപണം നേരിടുന്ന അഭിഭാഷകനായ സൈബി ജോസ് ആയിരുന്നു ഉണ്ണി മുകുന്ദന്റെ അഭിഭാഷകൻ.
ഉണ്ണി മുകുന്ദന്റെ കേസിൽ വ്യാജ രേഖ ചമയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമം നടന്നുവെന്നും കോടതി പറഞ്ഞിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൈബി. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന്ന്നാണ് സൈബി ജോസ് പറയുന്നത്. സൈബിയുടെ പ്രതികരണം ഇങ്ങനെ..

പരാതിക്കാരി പറഞ്ഞത് ഇതോ...
കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയിൽ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് സൈബി ജോസ് പറയുന്നത്. ഇമെയിൽ വിശദാംശങ്ങൾ അടക്കം മുഴുവൻ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങൾ ആണെന്നും സൈബി ജോസ് പറഞ്ഞു.

സൈബി ജോസ് ഇന്ന് ഹാജരായില്ല..കാരണം
എന്നാൽ സൈബി ജോസ് ഇന്ന് ഹാജരായില്ല. മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. കേസ് 17 ന് വീണ്ടും പരിഗണിക്കും.

കള്ളക്കള്ളിയാണോ...
അതേസമയം, ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്. എന്നാല്‍, ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അന്ന് നടന്നത് എന്താണ്...
വിദേശത്ത് ജോലി ചെയ്യുകയായിരുന്ന യുവതി സിനിമയുടെ കഥ പറയാൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ സമ്മതം വാങ്ങി നടന്റെ ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നുവെന്നും അവിടെ വെച്ച് നടൻ മോശമായി പെരുമാറിയെന്നുമാണ് യുവതി പരാതിയിൽ പറഞ്ഞിട്ടുള്ളത്. വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം മോശമായി പെരുമാറിയെന്നാണ് പരാതി. തന്റെ കൈയ്യിലെ സ്ക്രിപ്റ്റ് ഉണ്ണി ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് വരുമ്പോൾ കൊണ്ടുവരാമെന്ന് അറിയിച്ച് ഇറങ്ങാൻ നേരം ഉണ്ണി മുകുന്ദൻ തന്നെ കയറി പിടിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിന്
പിന്നാലെ യുവതി പോലീസിൽ പരാതി നൽകുകയും നേരിട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.

ഉണ്ണി മുകുന്ദൻ പറഞ്ഞത്...
പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉണ്ണി മുകുന്ദന് നോട്ടീസ് അയച്ചു. എന്നാൽ യുവതിയുടെ പരാതി വ്യാജം എന്നാണ് നടൻ ഉണ്ണി മുകുന്ദൻ ആരോപിച്ചത്. പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും കാണിച്ച് നടൻ പോലീസിൽ യുവതിക്കെതിരെ മറ്റൊരു പരാതിയും നൽകി. 25 ലക്ഷം രൂപ തന്നോട് യുവതി ആവശ്യപ്പെട്ടെന്നായിരുന്നു ഉണ്ണി പരാതിയിൽ പറഞ്ഞത്. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദനെതിരെ മറ്റൊരു പരാതിയും കൂടി പിന്നീട് യുവതി നൽകി. തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളുംപുറത്ത് വിട്ട് അപമാനിച്ചു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.












Click it and Unblock the Notifications