നടിയെ ആക്രമിച്ച കേസ് ഒറ്റപ്പെട്ട സംഭവമല്ല, റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇത് മാത്രം; ഹേമ കമ്മീഷൻ റിപ്പോർട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത് മാത്രമാണ് ഇതുവരെയും റിപ്പോർട്ട് ചെയ്‌തതെന്നും സിനിമയിലെ വനിതകളുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസിയെ ഉദ്ധരിച്ച് ഹേമ കമ്മീഷൻ റിപ്പോർട്ട്. സിനിമാ മേഖലയിൽ സ്ത്രീകളെ നിശബ്‌ദരാക്കുന്ന പ്രവണതയാണ് നിലനിൽക്കുന്നതെന്നും ഡബ്ല്യുസിസി പറഞ്ഞതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സിനിമാ വ്യവസായത്തിന്റെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിന്റെ പേരിൽ ചലച്ചിത്രമേഖലയിൽ സ്ത്രീകളെ നിശബ്‌ദരാക്കുകയാണെന്നാണ് ഡബ്ല്യുസിസി പറഞ്ഞത്. സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും വിദഗ്‌ധ സമിതി രൂപീകരിക്കണമെന്ന് സംഘടന സർക്കാരിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഡബ്ല്യുസിസി വന്നതിന് ശേഷമാണ് നടിമാർ ദുരനുഭവം പങ്കുവയ്ക്കാൻ തുടങ്ങിയതെന്ന് ഹേമ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. സിനിമാ മേഖലയിലെ വളരെ പ്രശസ്‌തരായ ആളുകളിൽനിന്നുപോലും ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നു എന്ന് പല വനിതകളും മൊഴി നൽകിയതിനെ കുറിച്ച് പറയവെയാണ് കമ്മീഷൻ ഡബ്ല്യുസിസി ഇടപെടലിനെ കുറിച്ച് ചൂണ്ടിക്കാട്ടിയത്.
സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളും, പ്രശ്‌നങ്ങളും തുറന്ന് സംസാരിക്കാന്‍ ഡബ്ല്യുസിസി ഒരു വാട്‍സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചുവെന്നും ഈ ഗ്രൂപ്പിലെ വിവരങ്ങൾ പുറത്തുപോകില്ലെന്ന് സംഘടന ഉറപ്പു നൽകിയതോടെയാണ് പല നടിമാരും അവരുടെ അനുഭവങ്ങൾ തുറന്നു സംസാരിക്കാൻ തുടങ്ങിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിനിമയിലല്ലാതെ മറ്റൊരിടത്തും ജോലിക്കായി കിടക്ക പങ്കിടേണ്ട ആവശ്യമില്ലെന്നാണ് നടിമാരുടെ വെളിപ്പെടുത്തലിൽ പറയുന്നത്. സിനിമയിൽ ഇഴുകിചേർന്ന് അഭിനയിച്ചാൽ സിനിമയ്ക്ക് പുറത്തും അങ്ങനെയാണെന്ന് ചിന്തിക്കുന്ന പുരുഷൻമാരുണ്ടെന്നും നടിമാർ മൊഴി നൽകിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
2017 ഫെബ്രുവരി പതിനേഴിനാണ് മലയാള സിനിമയിലെ ഒരു പ്രമുഖ നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്‌തത്. കേസിൽ മോളിവുഡിലെ സൂപ്പർതാരങ്ങളിൽ ഒരാളായ ദിലീപും പ്രതിചേർക്കപ്പെട്ടിരുന്നു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹേമ കമ്മിറ്റി സിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് വിശദമായി പഠിച്ചത്. നിലവിൽ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പൂർണമായും ഒഴിവാക്കിയിരുന്നു. നിരവധി നടിമാർ കമ്മീഷന് മുൻപാകെ മൊഴി നൽകിയിരുന്നു. മലയാള സിനിമയിൽ വ്യാപകമായ ലൈംഗിക ചൂഷണം, കാസ്‌റ്റിങ് കൗച്ച് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.












Click it and Unblock the Notifications