ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണം; സുപ്രീം കോടതിക്ക് കത്തയച്ച് അതിജീവിത
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നോയെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. വിചാരണക്കോടതിയുടെ പക്കലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തില്‍ ഉത്തരവിടണമെന്നും അതിജീവിത കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണം. വിചാരണ കോടതി ജഡ്ജി വസ്തുതകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭയക്കുന്നതായും കത്തില്‍ അതിജീവിത ചൂണ്ടിക്കാണിച്ചു.

അതേസമയം കോടതി ജീവനക്കാരെ രക്ഷിക്കാന്‍ അന്വേഷണം ഒഴിവാക്കുമോ എന്ന ആശങ്കയുണ്ടെന്നും അതിജീവിത കത്തില്‍ കത്തില്‍ പറയുന്നു. ഇതിനിടെ കേസില്‍ അതിജീവിതയ്ക്ക് താല്‍പര്യമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ണായകമായ ഇടപെടലാണിത്. അതിജീവിതയുടെ അഭിപ്രായം മാനിച്ചായിരിക്കും പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന അനില്‍കുാര്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നു എന്ന് വിമര്‍ശനമനമുയര്‍ന്നിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ഈ മാസം അവസാനത്തോടെ തുടരന്വേഷണം അടക്കം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കാനിരിക്കെയാണ് സുപ്രധാനമായ സര്‍ക്കാര്‍ ഇടപെടല്‍. നേരത്തെ രാജിവെച്ച രണ്ട് അഭിഭാഷകരില്‍ ഒരാളെ തന്നെ അതിജീവിത നിര്‍ദേശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോടതി സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചായിരുന്നു അഭിഭാഷകനായിരുന്ന അനില്‍ കുമാര്‍ രാജിവെച്ചത്. കോടതി നടപടികള്‍ക്കിടയില്‍ അനില്‍ കുമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് രാജി സമര്‍പ്പിക്കുകയും ചെയ്തു. കോടതിക്ക് എതിരായ സമാനമായ ആരോപണങ്ങളായിരുന്നു രാജിവെച്ച് മാറി രണ്ട് പ്രോസിക്യൂട്ടര്‍മാരും ഉന്നയിച്ചത്.
അതേസമയം ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയില്‍ മറുപടി നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ കള്ളത്തെളിവുകള്‍ ഉണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നുമാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ച ദിലീപിന്റെ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി.
ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടില്‍ എത്തിയാണ് ചോദ്യം ചെയ്തത്. നാലര മണിക്കൂറാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ ചോദ്യം ചെയ്യല്‍. ബൈജു പൗലോസ് അടക്കമുള്ളവര്‍ ചോദ്യം ചെയ്യാനുണ്ടായിരുന്നു.












Click it and Unblock the Notifications