'പിന്നില്‍ ദിലീപെന്ന് പള്‍സര്‍ സുനി'; എന്തൊക്കെയാണ് നടക്കുന്നതെന്ന് സുപ്രീം കോടതി, വാദങ്ങള്‍ ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകിപ്പിക്കുന്നത് കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപാണ് എന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ ഇത്തരമൊരു കാര്യം ചൂണ്ടിക്കാട്ടിയത്. കേസിലെ വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാല്‍ ജാമ്യം തന്റെ അവകാശമാണെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ വാദം.
കേസില്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷകനാണ് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതെന്നും പള്‍സര്‍ സുനി വാദിച്ചു. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ഏഴ് മാസങ്ങളിലായി 87 ദിവസം ദിലീപിന്റെ അഭിഭാഷകന്‍ വിസ്തരിച്ചതായി സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.

എങ്ങനെയാണ് ഒരു അന്വേഷണ ഉദ്യോഗസ്ഥനെ, കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകന് ഇത്രയും കാലം വിചാരണ ചെയ്യാന്‍ വിചാരണ കോടതി അനുവദിച്ചത് എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഇത്രയും നീണ്ട കാലയളവില്‍ വിസ്തരിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
കേസുമായി ബന്ധപ്പെട്ട് സ്വഭാവികമായ നീതി നിഷേധമാണ് താന്‍ അനുഭവിക്കുന്നത് എന്ന് പള്‍സര്‍ സുനി പറഞ്ഞു. കേസിലെ പ്രതികളാക്കപ്പെട്ടവര്‍ക്ക് തുല്യനീതി ലഭിക്കുന്നില്ലെന്നും താന്‍ ജയിലില്‍ കഴിയുകയും കേസിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ് പറയുന്ന പ്രമുഖ നടന്‍ ജാമ്യത്തില്‍ കഴിയുകയും ചെയ്യുന്ന വൈരുധ്യമുള്ള കാഴ്ചയാണ് കാണാനാകുന്നത് എന്നും സുനി ചൂണ്ടിക്കാട്ടി.
വിചാരണ അനന്തമായി നീളുകയാണെന്നും, കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലാണെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച സുപ്രീംകോടതി സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. പള്‍സര്‍ സുനിക്ക് വേണ്ടി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനന്‍ എന്നിവര്‍ക്കൊപ്പം മുതിര്‍ന്ന അഭിഭാഷകന്‍ കെ പരമേശ്വരും ഹാജരായി.
സുനിയുടെ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ പറഞ്ഞു. 'അദ്ദേഹം സമൂഹത്തിന് ഭീഷണിയാണ്, വീണ്ടും അത് സംഭവിക്കും. അയാള്‍ ലൈംഗികാതിക്രമത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു,' രഞ്ജിത് കുമാര്‍ വാദിച്ചു. എന്നാല്‍ ഇത് സുനിയുടെ അഭിഭാഷകനായ പരമേശ്വര്‍ തള്ളി..
കേസിന്റെ വിചാരണ ഇഴഞ്ഞുനീങ്ങുമ്പോഴും സുനി വര്‍ഷങ്ങളായി ജയിലില്‍ തുടരുകയാണെന്ന് പരമേശ്വര്‍ വാദിച്ചു. 'ഇത് എന്ത് നീതിയുക്തമായ വിചാരണയാണ്? 7.5 വര്‍ഷം ജയില്‍വാസം... 85 ദിവസത്തിന് ശേഷം പ്രമുഖ നടന്‍ ജാമ്യം തേടിയപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തില്ല,' അദ്ദേഹം പറഞ്ഞു. ഇക്കാര്യമെല്ലാം പരിഗണിച്ച കോടതി സുനിക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ചു.
പള്‍സര്‍ സുനി സമര്‍പ്പിച്ച മൂന്നാമത്തെ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി പരിഗണിച്ചത്. അറസ്റ്റിലായി ഏഴര വര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ജയിലിന് പുറത്തേക്കിറങ്ങുന്നത്. 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി ജയിലിലാണ്. നടന്‍ ഈ കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. നിലവില്‍ എറണാകുളം സബ് ജയിലിലാണ് സുനി. ജാമ്യം തേടി പത്തോളം തവണ പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാറിനെ പുറമെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും സര്‍ക്കാരിനായി സുപ്രീംകോടതിയില്‍ ഹാജരായിരുന്നു.












Click it and Unblock the Notifications