'ഗീതു മോഹൻദാസ് അന്ന് മദ്യലഹരിയിലായിരുന്നു, കേസിന് കാരണം തന്നോടുള്ള ഈഗോ'; നടിക്കെതിരെ സംവിധായകൻ ലിജു കൃഷ്ണ
കൊച്ചി: സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണവുമായി പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണ. തനിക്കെതിരെ ഉയര്‍ന്ന പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണെന്ന് ലിജു ആരോപിച്ചു. പടവെട്ട് സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ തനിക്കെതിരെ തിരിയുകയായിരുന്നുവെന്നും ലിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'കഥ പറഞ്ഞ് തുടങ്ങിയ സമയത്ത് ചില തിരുത്തലുകൾ അവർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഞാനത് എടുത്തില്ല. അന്ന് തുടക്കത്തിൽ ഉണ്ടായ ഈഗോയാണ് നിവിൻ ഈ സിനിമ ചെയ്യേണ്ട എന്ന് പറഞ്ഞിട്ടുണ്ടാകണം, പക്ഷേ അത് തള്ളി നിവിൻ അത് ചെയ്യാനുള്ള ധൈര്യം കാണിച്ചു. ആ ഈഗോയിൽ നിന്ന് അവർ എന്നെ ടോർച്ചർ ചെയ്ത് കൊണ്ടേയിരുന്നു'.

'ഒരു പോയിന്റിൽ എത്തിയപ്പോൾ ഈ ചിത്രത്തിൽ എമ്‍റെ പേര് ഇല്ലാതാക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. തന്റെ പേര് സിനിമയിൽ ഉൾപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് നിരന്തരം മെയിലയച്ചത് ഡബ്ല്യുസിസിയെന്ന സംഘടനയാണ്. ഡബ്ല്യുസിസി എന്ന സംഘടനയെ ബഹുമാനിക്കുന്ന ആളുകളാണ് ഞങ്ങൾ. അതിന്റെ ആവശ്യകത എന്താണെന്നും മനസിലാക്കുന്ന ആളാണ്'.

'എന്നാൽ സംഘടനയുടെ സ്വാധീനം ഉപയോഗിച്ച് കൊണ്ട് ചില വ്യക്തികൾ സംഘടനയ്ക്ക് മുകളിൽ നിൽക്കുകയാണ്. സംഘടന എപ്പോഴും എനിക്കെതിരെ നിരന്തരം പോസ്റ്റുകൾ ഇടാറുണ്ടായിരുന്നു. ഹയറാർക്കിയിൽ മുകളിൽ നിൽക്കുന്ന ആളുകൾ താഴെ തട്ടിൽ നിന്ന് വരുന്ന തന്നെ പോലൊരാളെ ഗൈഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ അതിന് നിന്ന് കൊടുത്തില്ലെന്നതാണ് തനിക്കെതിരായ ഈഗോക്ക് കാരണം'.

'ഈഗോ പ്രശ്നം തന്നെയാണ് ഇതിന്റെ അടിസ്ഥാനം. ആരോപണം സിനിമയിലെ മറ്റ് ടെക്നീഷ്യൻമാരേയും ബാധിച്ചിരുന്നു. ചില കാര്യങ്ങളിൽ ചെറുത്ത് നിൽപ്പ് സാധ്യമാകില്ല. ഇവരോടുള്ള സംവാദങ്ങളേയും പ്രതികരണങ്ങളേയും ചെറുക്കാൻ പ്രയാസമാണ്.
ഹയാത്തിൽ വെച്ച് നടന്ന ഒരു പാർട്ടിയിലാണ് ഗീതു മോഹൻദാസ് എന്നെ വിളിച്ച് സംസാരിച്ചത്. 'അവർ മദ്യലഹരിയിലായിരുന്നു, ലിജു ഒന്നും പുറത്ത് പറയരുതെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നിങ്ങൾ എന്നോട് ചെയ്ത ദ്രോഹമെല്ലാം ഞാൻ പറയുമെന്നും. നിന്നെപ്പോലൊരു ആളെ മുന്നോട്ട് കൊണ്ടുപോകാൻ സമ്മതിക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പുഞ്ചിരിയോടെയാണ് ഞാൻ സമീപിച്ചത്. ഞങ്ങൾ സംസാരിക്കുന്നത് കണ്ട നിരവധി വ്യക്തികളുണ്ട്'.

കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് 'പടവെട്ട്' ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയപ്പോൾ അപ്രതീക്ഷിതമായി ജീവിത്തിൽ പല സംഭവങ്ങളും നടന്നു. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. കേസിന് ശേഷം എന്റെ പ്രൊഡക്ഷൻ കമ്പനികൾക്കും സംഘടനകൾക്കുമെല്ലാം ലീഗൽ നോട്ടീസ് വന്ന് കൊണ്ടിരിക്കുകയായിരുന്നു. സിനിമയിൽ നിന്നും തന്റെ പേര് എടുത്ത് കളയുകയെന്നതായിരുന്ന ആവശ്യം', ലിജു പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്നാണ് ലിജുവിനെതിരെ ഉയർന്ന ആരോപണം. ക്രൂരമായ പീഡനമാണ് താന്‍ ഏറ്റുവാങ്ങിയതെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ വീട്ടിലും കണ്ണൂർ, എടത്തല എന്നിവിടങ്ങളിലെത്തിച്ചും ബലാൽസംഗം ചെയ്തുവെന്നും ലിജു തന്നെ ബലം പ്രയോഗിച്ച് മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തിയെന്നും അതിജീവിത ആരോപിച്ചിരുന്നു. പരാതിയിൽ ലിജു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications