'അവളെ അക്രമിക്കപ്പെട്ട നടിയെന്നും ഇരയെന്നും വിളിച്ച് ഇനിയും അപമാനിക്കരുത്..അവൾ പോരാളിയാണ്'
കൊച്ചി; താൻ നേരിട്ട അതിക്രമങ്ങളെ കുറിച്ച് ആക്രമിക്കപ്പെട്ട നടി നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടിയെ അഭിനന്ദിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ."അക്രമിക്കപ്പെട്ട നടി", "ഇര", "അതിജീവിച്ചവൾ" എന്നിങ്ങനെയുള്ള വാക്കുകൾ കൊണ്ട് അവളെ ഇനി അപമാനിക്കരുതെന്നും അവൾ ഒരു പോരാളിയാണെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമം സ്ത്രീകളുടെ അന്തസ് നശിപ്പിക്കുമെന്ന് സമൂഹം കരുതുന്നുത് എന്തുകൊണ്ടാണെന്നും സമൂഹത്തിൽ മുഖം നഷ്‌ടപ്പെടേണ്ടത് കുറ്റവാളിയ്ക്കാണ് ഇരയ്ക്കല്ല എന്ന സാമാന്യബോധം ലൈംഗികാതിക്രമത്തിന് ബാധകമാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ഇര', 'അതിജീവിച്ചവൻ' തുടങ്ങിയ ദുർബ്ബല പദങ്ങൾ ഉപയോഗിച്ച് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളുടെ മുഖവും പേരും മായ്ച്ചുകളയുന്ന രീതി, അവർ സത്യത്തെക്കുറിച്ച് സമൂഹവുമായി പങ്കുവെക്കില്ലെന്ന് ഉറപ്പാക്കാൻ പുരുഷ അധികാരം നടപ്പാക്കുന്ന വൃത്തികെട്ട തന്ത്രമാണ്.

ലൈംഗികാതിക്രമം സ്ത്രീകളുടെ അന്തസ് നശിപ്പിക്കുമെന്ന് സമൂഹം കരുതുന്നുത് എന്തുകൊണ്ടാണ്?സമൂഹത്തിൽ മുഖം നഷ്‌ടപ്പെടേണ്ടത് കുറ്റവാളിയ്ക്കാണ് ഇരയ്ക്കല്ല എന്ന സാമാന്യബോധം ലൈംഗികാതിക്രമത്തിന് ബാധകമാകാത്തത് എന്തുകൊണ്ടാണ്?

ലൈംഗികാതിക്രമവും മറ്റെല്ലാ ശാരീരിക അതിക്രമങ്ങളേയും പോലെ തന്നെയാണെന്ന അടിസ്ഥാന ബോധ്യം സമൂഹത്തിനുണ്ടെങ്കിൽ മാത്രമേ ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകൾക്ക് നീതി ലഭിക്കൂ. സാമൂഹിക അംഗീകാരത്തിന്റെ അളവുകോലായി ലൈംഗിക പവിത്രത നിലനിർത്തുന്നത് പുരുഷാധിപത്യത്തിന്റെ മറ്റൊരു തന്ത്രമാണ്.

ലൈംഗികാവയവവും മറ്റേതൊരു ശാരീരികാവയവത്തെയും പോലെയാണെന്ന് സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ ലൈംഗികാതിക്രമത്തിനിരയായവർ നേരിടുന്ന പീഡനങ്ങളിൽ നിന്ന് സ്ത്രീക്ക് മുക്തി ലഭിക്കു. യോനിയിൽ പച്ചകുത്തുമ്പോൾ ടാറ്റൂ ആർട്ടിസ്റ്റ് പീഡിപ്പിച്ചു എന്ന തലക്കെട്ടിൽ അടുത്തിടെ വന്ന #metoo ആരോപണം മഞ്ഞപത്രങ്ങൾ എങ്ങനെ സമീപിച്ചെന്നും പുരുഷന്റെ ലൈംഗികാതിക്രമത്തെ കുറിച്ചുള്ള ആരോപണങ്ങളെ സ്ത്രീ വിരുദ്ധ പ്രചരണമാക്കി എങ്ങനെയാണ് മാറ്റിയെന്നതും ഏറെ എടുത്തു പറയേണ്ടതാണ്.

ക്രമസമാധാന സംവിധാനങ്ങളെ പോലും സ്വാധീനിക്കാൻ പണവും രാഷ്ട്രീയ പിന്തുണയും ഉള്ള ക്രിമിനലുകളിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത ഭാവനാ മേനോൻ നമ്മുടെ സമൂഹത്തിന് മാതൃകയാണ്.

"അക്രമിക്കപ്പെട്ട നടി", "ഇര", "അതിജീവിച്ചവൾ" എന്നിങ്ങനെയുള്ള വാക്കുകൾ കൊണ്ട് അവളെ ഇനി അപമാനിക്കരുത്.അവൾ ഒരു പോരാളിയാണ്! വാസ്തവത്തിൽ, അവൾ ഒരു സാമൂഹിക പരിഷ്കർത്താവ് എന്ന് വിളിക്കപ്പെടാൻ അർഹയാണ്! നമ്മുടെ കാലത്തെ ഒരു പ്രതീകാത്മക വ്യക്തി!, സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു താൻ നേരിട്ട അതിക്രമത്തെ കുറിച്ച് ആദ്യമായി നടി തുറന്ന് പറഞ്ഞത്. മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായി നടത്തിയ 'വി ദ് വിമെന്‍' പരിപാടിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഇരയില്‍ നിന്ന് അതിജീവിതയിലേക്കായിരുന്നു അഞ്ച് വർഷത്തെ യാത്ര വളരെ കഠിനമായിരുന്നുവെന്നായിരുന്നു നടി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതെന്ന പ്രചരണം ഉണ്ടായി. നിരപരാധിയാണ് എന്ന് തെളിയിക്കാന്‍ വേണ്ടിയാണ് പോരാട്ടം തുടര്‍ന്നത്. തന്റെ ആത്മാഭിമാനം തിരിച്ച് പിടിക്കേണ്ടതുണ്ട്. കേസിന്റെ വിചാരണ സമയത്ത് 15 ദിവസമാണ് കോടതിയിൽ പോകേണ്ടി വന്നത്. ആ 15 ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും കഠിനമേറിയ അനുഭവമായിരുന്നു എന്നാൽ 15ാം ദിവസം കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തനിക്ക് മനസിലായി, താൻ ഇരയല്ല അതിജീവിതയാണെന്ന്. തന്റെ പോരാട്ടം തനിക്ക് വേണ്ടി മാത്രമല്ലെന്നും അവർ പറഞ്ഞു.












Click it and Unblock the Notifications