'ഞാൻ മുഖത്തടിച്ചും അയാൾ മുഖത്ത് നോക്കി കൂസലില്ലാതെ ചിരിക്കുകയായിരുന്നു'; സാനിയ ഇയ്യപ്പൻ പറയുന്നു
കൊച്ചി: സിനിമ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയ നടി സാനിയ ഇയ്യപ്പനും മറ്റൊരു യുവ നടിക്കും ആൾക്കൂട്ടത്തിൽ നിന്നും അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അന്ന് ശക്തമായ ഭാഷയിലായിരുന്നു സാനിയ പ്രതികരിച്ചത്. ആൾക്കൂട്ടത്തിലൊരാളുടെ മുഖത്തടിക്കുന്ന സാനിയയുടെ വീഡിയോയും ഇതിനിടെ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അന്നത്തെ സംഭവത്തെ കുറിച്ചും തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ കുറിച്ചുമെല്ലാം നടി പ്രതികരിച്ചത്. വായിക്കാം

'ഹൈലൈറ്റ് മാളിൽ എനിക്ക് നേരെ നടന്ന അക്രമണത്തെ ന്യായീകരിക്കുന്ന വീഡിയോ കണ്ടിരുന്നു. ഇത്തരം വസ്ത്രം ധരിച്ചാൽ ഏതാണാണെങ്കിലും കയറിപിടിക്കുമെന്നായിരുന്നു അതിൽ പറഞ്ഞത്. നാളെ ഇവരുടെ അമ്മയോ സഹോദരിയോ അത്തരം വസ്ത്രം ധരിച്ചാൽ കയറി പിടിക്കുമെന്നാണോ പറയുന്നത്? ഇത്തരത്തിലാണ് പലരുടേയും മനോഭാവം. ഈ സമൂഹത്തിലാണ് നമ്മൾ കഴിയുന്നത്', നടി പറഞ്ഞു.

എന്നെ ഉപദ്രവിച്ചയാളെയല്ല ഞാൻ അടിച്ചതെന്നൊക്കെ പറയുന്നവർ ഉണ്ട്. പക്ഷേ എനിക്ക് ഉറപ്പുണ്ട്, ഞാൻ അടിച്ചത് അയാളെ തന്നെയാണെന്ന്. അടികിടിയിട്ടും അയാൾ യാതൊരു കൂസലും ഇല്ലാതെ ചിരിക്കുകയായിരുന്നു. അപ്പോൾ തന്നെ ശക്തമായി പ്രതികരിച്ചിട്ട് കൂടി തനിക്ക് ഉണ്ടായ ട്രോമ വളരെ വലുതായിരുന്നുവെന്നും സാനിയ പറയുന്നു. ഇപ്പോൾ ആൾക്കൂട്ടത്തിൽ പോകാൻ തന്നെ ഭായമാകുന്നുവെന്നും നടി പറയുന്നു.
ആ മാനസികാവസ്ഥയിൽ നിന്ന് പുറത്ത് കടക്കാൻ ഒരു പാട് സമയം എടുത്തു.

നമ്മുടെ നാട്ടിൽ മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും നടി പറഞ്ഞു. അമ്മയാണ് തനിക്ക് ധൈര്യം തരുന്നത്. നിനക്ക് ശരിയാണെന്ന് തോന്നുന്നത് ചെയ്യൂ എന്നാണ് അമ്മ പറഞ്ഞത്, നടി പറഞ്ഞു. എനിക്ക് ഇട്ടാൽ ഇണങ്ങുന്ന വസ്ത്രങ്ങൾ മാത്രമാണ് താൻ ധരിക്കുന്നതെന്നും അതിൽ തനിക്ക് ഇല്ലാത്ത കുഴപ്പം മറ്റാർക്കാണെന്നും നടി ചോദിച്ചു.

നേരത്തേ തന്റെ വസ്ത്രധാരണത്തെ പരിഹസിക്കാൻ വന്നയാൾക്ക് ചുട്ട മറുപടി നൽകിയിരുന്നുവെന്നും നടി പറഞ്ഞു.
വസ്ത്രത്തിന്റെ നീളം കുറയുന്നത് സിനിമയിൽ അവസരം കിട്ടാനാണോയെന്നായിരുന്നു ഒരാളുടെ ചോദ്യം. എന്നാൽ ഞാൻ ഇങ്ങനെ തന്നെയാണെന്ന മറുപടിയാണ് അയാൾക്ക് നൽകിയതെന്നും സാനിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം സംഭവത്തിലെ പ്രതികളെ കണ്ടെത്താൻ ഇതുവരേയും പോലീസിന് സാധിച്ചിട്ടില്ല. നടിമാർക്ക് അടുത്തുണ്ടായിരുന്ന 30 പേരെ വിളിച്ച് വരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. മാത്രമല്ല സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പെടെ ആ സമയത്തെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു. എന്നാൽ ഇതിൽ നിന്ന് യാതൊരു തെളിവും കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല.

ലൈംഗിക അതിക്രമത്തിന് പിന്നാലെ നടിമാരില്‍ ഒരാള്‍, മുഖത്തടിച്ച ആളല്ല പ്രതിയെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പോലീസ് പറഞ്ഞത്. അതേസമയം തങ്ങളെ ഉപദ്രവിച്ചവരെ കണ്ടാലറിയാമെന്ന് നടിമാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സിനിമയുടെ സംവിധായകന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


Click it and Unblock the Notifications