'ഒത്തുതീര്‍പ്പാക്കാന്‍ വാങ്ങിയത് ലക്ഷങ്ങള്‍, പേര് പോലും ഒറിജിനലല്ല'; പ്രതികരിച്ച് സോണിയ മല്‍ഹാര്‍
കൊച്ചി: സിനിമാ മേഖലയില്‍ മോശം അനുഭവമുണ്ടായത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ വന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി സോണിയ മല്‍ഹാര്‍. കാശ് വാങ്ങി ആരോപണങ്ങള്‍ ഒത്തുതീര്‍പ്പാക്കാനും അതിന് വേണ്ടി ആരോപണങ്ങള്‍ ഉന്നയിക്കാനും ശ്രമിക്കുന്ന ആളല്ല താന്‍ എന്നും ഒരുപാട് കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയത് എന്നും സോണിയ മല്‍ഹാര്‍ പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തോടായിരുന്നു അവരുടെ പ്രതികരണം.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയ സമയത്ത് ഒരു സൂപ്പര്‍താരം അനുവാദമില്ലാതെ കടന്നുപിടിച്ചു എന്ന് സോണിയ മല്‍ഹാര്‍ പറഞ്ഞിരുന്നു. 2013 ല്‍ തൊടുപുഴയില്‍ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്. അതിക്രമം കാണിച്ചയാളുടെ പേര് സോണിയ പറഞ്ഞിരുന്നില്ലെങ്കിലും ജയസൂര്യ ആയിരുന്നു ഈ താരം എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ സോണിയ ഇക്കാര്യം നിഷേധിച്ചിരുന്നു.

ജയസൂര്യയെ അല്ല താന്‍ ഉദ്ദേശിച്ചത് എന്നും കുറ്റാരോപിതന്റെ പേര് പറയാനോ നിയമനടപടിക്കോ താല്‍പര്യമില്ലെന്നും സോണിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സോണിയയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമായത്. സോണിയ കാശ് വാങ്ങി സംഭവം ഒത്തുതീര്‍പ്പാക്കിയെന്നും താരത്തിന്റെ യഥാര്‍ത്ഥ പേര് സോണിയ അല്ല എന്നുമെല്ലാം പറഞ്ഞ് കൊണ്ടായിരുന്നു സൈബര്‍ ആക്രമണം. ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയ
സോണിയയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'നിങ്ങളാരും പൈസ തന്ന് ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ഒരാളല്ല ഞാന്‍. അത് ആദ്യം മനസിലാക്കുക. എന്റെ ജീവിതം വെച്ച് കളിച്ചിട്ട് രണ്ട് കുഞ്ഞുങ്ങളുമായി കോടതിയില്‍ നിന്നിറങ്ങുമ്പോള്‍ എന്റെ അച്ഛന്‍ അന്യനാട്ടില്‍ നിന്ന് കഷ്ടപ്പെട്ട പണം കൈപ്പറ്റിയ ഒരാളില്‍ നിന്ന് ഒരു രൂപ പോലും വാങ്ങാതെ മക്കളെ കൊണ്ട് തെരുവിലേക്കിറങ്ങിയി പെണ്ണാണ് ഞാന്‍. എന്നെ ഒരുപാട് പേര് സഹായിക്കുന്നുണ്ട്.
അതെന്റെ വ്യക്തിപരമായ സ്‌പേസില്‍ ഉള്ള ആളുകളാണ്. എന്റെ കൂടപ്പിറപ്പുകള്‍ ആകാം, കൂട്ടുകാര്‍ ആകാം. ഞാന്‍ വീഴുന്ന സമയത്ത് എന്നെ ഹോള്‍ഡ് ചെയ്ത് വെക്കുന്ന ഒരുപാട് പേരുണ്ട്. അവരെ ഞാന്‍ മാനിക്കുന്നു. പക്ഷെ ഒരു ഇല്ലീഗല്‍ കാര്യമോ വൃത്തികേടോ പറഞ്ഞ് ഏതെങ്കിലും ഒരാളില്‍ നിന്ന് പണം തട്ടാന്‍ നടക്കുന്ന ആളായി നിങ്ങളില്‍ ആരെങ്കിലും ചിത്രീകരിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ മനസിന്റെ മാത്രം കുഴപ്പമാണ്.
10 ലക്ഷം, 20 ലക്ഷം രൂപയൊക്കെ അവള്‍ക്ക് കിട്ടിയിട്ടുണ്ട് എന്ന തരത്തില്‍ ചില കമന്റുകള്‍ ഞാന്‍ കണ്ടിരുന്നു. ഈ നാട്ടില്‍ ചെന്ന് അന്വേഷിച്ചാല്‍ അവളെ കുറിച്ചറിയാം, പഴയ പേരാണ് ഇതാണ് എന്നൊക്കെ പറഞ്ഞുള്ള കമന്റുകള്‍ കണ്ടിരുന്നു. എനിക്കൊരു നാണക്കേടുമില്ല പഴയ പേര് എന്തായിരുന്നു എന്ന് പറയാന്‍. പഴയ അഭിമുഖത്തിലൊക്കെ എന്റെ പഴയ പേര് തന്നെയാണ് ഉള്ളത്'.












Click it and Unblock the Notifications