നടനും എൻടികെ നേതാവുമായ സീമാനെതിരെ പ്രമുഖ നടിയുടെ പീഡന പരാതി: പൊലീസ് ചോദ്യം ചെയ്യും
ചെന്നൈ: നാം തമിഴർ കക്ഷി (എൻടികെ) ചീഫ് കോ-ഓർഡിനേറ്റർ സീമാനെ പൊലീസ് ചോദ്യം ചെയ്യും. പ്രമുഖ തമിഴ് നടിയായ വിജയലക്ഷ്മി നൽകിയ ലൈംഗികാതിക്രമ- പീഡന പരാതിയിലാണ് ചെന്നൈ സിറ്റി പൊലീസ് സീമാനെ ചോദ്യം ചെയ്യുക. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപിച്ച് നടി സീമാനെതിരെ നേരത്തെ കമ്മിഷണർക്കു പരാതി നൽകിയിരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ പൊലീസ് മേധാവി സീമാന് സമന്‍സ് അയച്ചിട്ടുണ്ട്. തമിഴ് ദേശീയവാദിയെന്ന് സ്വയം അവകാശപ്പെടുന്ന സീമാന് വെള്ളിയാഴ്ച രാത്രിയോടെ സമൻസ് ലഭിച്ചുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ശനിയാഴ്ച പോലീസിന് മുമ്പാകെ ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെപ്റ്റംബർ 12 ന് ഹാജരാകുമെന്നാണ് നടന്‍ കൂടിയായ സീമാനം പൊലീസിനെ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീമാനെതിരെ ലൈംഗിക, മാനസിക പീഡന ആരോപണങ്ങൾ ഉന്നയിക്കുന്ന വിജയലക്ഷ്മി കഴിഞ്ഞയാഴ്ച പോലീസിൽ പുതിയ പരാതി നൽകിയിരുന്നു. സീമാൻ തന്നെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും ലൈംഗിക ബന്ധത്തിന് ശേഷം വഞ്ചിച്ചുവെന്നായിരുന്നു താരത്തിന്റെ ആരോപണം.
സി ആർ പി സി സെക്ഷൻ 164 പ്രകാരം തിരുവള്ളൂർ ജില്ലയിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ സീമാനെതിരെ വിജയലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി പൊലീസ് സമന്‍സ് അയച്ചത്. വിജയലക്ഷ്മി പുതിയ പരാതി നൽകിയതിനാൽ, ഈ ആഴ്ച തന്നെ മൊഴി രേഖപ്പെടുത്തി. അതിന് ശേഷം സീമാനെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.
"നടിയെ ആറ് മണിക്കൂർ ചോദ്യം ചെയ്തു, ഞങ്ങൾക്ക് സീമാനിൽ നിന്നും ചില വ്യക്തതകൾ ആവശ്യമാണ്. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യും "ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, വിജയലക്ഷ്മിയുടെ ആരോപണങ്ങളിൽ സത്യത്തിന്റെ കണിക പോലുമില്ലെന്ന് ആരോപണങ്ങൾക്ക് മറുപടിയായി സീമാൻ പറഞ്ഞു.
"ഞാൻ കാത്തിരിക്കുകയാണ്," എന്നായിരുന്നു തനിക്കെതിരെ സമർപ്പിച്ച പുതിയ പരാതിയെക്കുറിച്ച് കഴിഞ്ഞ ആഴ്ച മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയരുന്നതെന്നും എൻ ടി കെ മേധാവിയുടെ അവകാശപ്പെടുന്നു.
നടനും സംവിധായകനുമായ സീമാൻ, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിച്ചതിന് ശേഷം 2010-ലാണ് എന്‍ ടി കെ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത്. നിരവധി വിവാദപരവും രസകരവുമായ പ്രസ്താവനകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കേരളത്തില്‍ പോലും ശ്രദ്ധേയനായ വ്യക്തിയാണ് സീമാന്‍.
സീമാന്റെ പല നയങ്ങളും അവകാശവാദങ്ങളും അപ്രായോഗികവും അസംബന്ധവുമാണെന്ന് തോന്നുമെങ്കിലും, 2016 ലെ ആദ്യ തെരഞ്ഞെടുപ്പിലെ വെറും 1.1 ശതമാനം വോട്ട് വിഹിതത്തിൽ നിന്ന്, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി 4 ശതമാനത്തോളം വോട്ട് നേടിയിരുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 6.7 ശതമാനം നേടി വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ തമിഴ്നാട്ടിലെ മൂന്നാമത്തെ വലിയ കക്ഷിയായും അദ്ദേഹത്തിന്റെ പാർട്ടി ഉയർന്നു.












Click it and Unblock the Notifications