മുകേഷിനെതിരെ പരാതി നല്‍കിയ നടി വന്‍ മാഫിയയിലെ അംഗം; പരാതിയുമായി ബന്ധുവായ യുവതി
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷും ജയസൂര്യയും അടക്കമുള്ള സിനിമാതാരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടിക്കെതിരെ ബന്ധുവായ യുവതി. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഒരു സംഘം ആളുകള്‍ക്ക് കാഴ്ച വെക്കാന്‍ ശ്രമിച്ചയാളാണ് നടിയെന്നും അവര്‍ക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു. ഇചത് സംബന്ധിച്ച് പരാതി താന്‍ നല്‍കിയിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു.
നടന്‍മാരായ മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു, അഡ്വ. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെയാണ് ബന്ധു ഗുരുതരമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് പരാതിയുമായി രംഗത്തെത്തിയത്.

കേരള മുഖ്യമന്ത്രി, കേരളത്തിലേയും തമിഴ്‌നാട്ടിലേയും ഡിജിപിമാര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത് എന്നും എസ് ഐ ടി ഇന്ന് തന്റെ മൊഴി രേഖപ്പെടുത്താന്‍ എത്തും എന്ന് അറിയിച്ചിട്ടുണ്ട് എന്നും യുവതി പറഞ്ഞു. 2014 ല്‍ ചെന്നെയില്‍ വെച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായത് എന്നാണ് യുവതി പറയുന്നത്. അന്ന് അഞ്ചോ ആറോ മലയാളം, തമിഴ് സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ടായിരുന്നു.
തന്റെ ഫസ്റ്റ് കസിനാണ് നടിയെന്നും 2014 ല്‍ താന്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന സമയത്താണ് ഇവര്‍ സിനിമാ ഓഡീഷന്‍ എന്നും പറഞ്ഞ് ചെന്നൈയില്‍ കൊണ്ട് പോയത് എന്നും യുവതി പറയുന്നു. 'എനിക്ക് 16 വയസേ ഉള്ളൂ. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞാണ് ചെന്നൈയിലേക്ക് ഇവര്‍ കൂട്ടിക്കൊണ്ട് പോയത്. ആദ്യത്തെ ദിവസം കുഴപ്പമൊന്നുമില്ലാതെ പോയി,' യുവതി പറയുന്നു.
അണ്ണാനഗറിലായിരുന്നു നടി അന്ന് താമസിച്ചിരുന്നത്. ഞങ്ങള്‍ അവിടെ എത്തി പിറ്റേ ദിവസം ഓഡീഷന്‍ നടക്കുന്നു എന്ന് പറഞ്ഞ ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ നാലഞ്ച് പുരുഷന്‍മാരുണ്ടായിരുന്നു. എനിക്ക് മുന്‍പ് പരിചയമുള്ളവരല്ലായിരുന്നു. എന്നെ കണ്ട ഉടനെ തന്നെ മുഖത്തും മുടിയിലും തലോടി ഓക്കെ എന്ന് തമിഴില്‍ പറയുന്നുണ്ടായിരുന്നു. അപ്പോള്‍ തന്നെ തനിക്ക് അതില്‍ അസ്വസ്ഥത തോന്നി എന്നും യുവതി കൂട്ടിച്ചേര്‍ത്തു.
അവര്‍ക്ക് വഴങ്ങാതെ ഞാന്‍ ബഹളം വെച്ചു. ഇതോടെ അതുവരെ നന്നായി പെരുമാറിയ നടിയുടെ തനിസ്വഭാവം പുറത്തെടുത്തു. അവര്‍ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. അഡ്ജസ്റ്റ് ചെയ്താല്‍ എല്ലാവരുടേയും ലൈഫ് സെറ്റിലാകും എന്നും താന്‍ ഇത്തരത്തില്‍ ഒരുപാട് പേരെ രക്ഷിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു. എന്നാല്‍ ഞാന്‍ വഴങ്ങിയില്ല. പിന്നീട് അണ്ണാനഗറിലേക്ക് വീട്ടിലേക്ക് തിരികെ വന്നു.
അവിടെ നിന്ന് വേഗം നാട്ടിലേക്ക് മടങ്ങി പോരുകയായിരുന്നു എന്നും തന്റെ വീട്ടുകാര്‍ക്ക് ഇക്കാര്യം അറിയാമെന്നും യുവതി വ്യക്തമാക്കി. തന്റെ ഭാവിയോര്‍ത്താണ് ഇതുവരെ പുറത്ത് പറയാതിരുന്നത്. നടിക്ക് സിനിമയിലും പുറത്തും വലിയ ബന്ധമുണ്ട് എന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇത് തുറന്ന് പറയാന്‍ അവസരം ലഭിച്ചത് എന്നും യുവതി പറഞ്ഞു.
തന്റെ പ്രായത്തിലുള്ള കുട്ടികളെ ദുബായിലടക്കം കൊണ്ടുപോയിട്ടുണ്ടെന്നാണ് നടി പറഞ്ഞത് എന്നും യുവതി പറഞ്ഞു. പിന്നീട് അവരുമായി യാതൊരു ബന്ധത്തിനും പോയിരുന്നില്ല എന്നും എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞ് ചെന്നൈയില്‍ മുഴുവന്‍ പ്രശ്‌നമാണ് എന്ന് പറഞ്ഞ് തങ്ങളെ സമീപിച്ചു എന്നും അവരുടെ മകള്‍ ആ സമയം മുട്ടത്ത് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.
തങ്ങള്‍ക്ക് സഹായിക്കാനാവില്ല എന്ന് അമ്മ പറഞ്ഞെങ്കിലും ഒരു ദിവസം രാത്രി ഒരു മണിക്ക് നടി വീട്ടിലേക്ക് കയറി വന്നെന്നും പിറ്റേന്ന് രാവിലെ ആറ് മണിയോടെയാണ് പോയത് എന്നും യുവതി പറഞ്ഞു. താന്‍ അവരുമായി യാതൊരു കോണ്‍ടാക്ടും പുലര്‍ത്തിയിരുന്നില്ല എന്നും യുവതി വ്യക്തമാക്കി. അതേസമയം യുവതിയുടെ പരാതി വ്യാജമാണ് എന്നാണ് നടിയുടെ പ്രതികരണം.
വ്യക്തിവൈരാഗ്യം കാരണം വ്യാജ ആരോപണം ഉന്നയിക്കുകയാണ് എന്നും പലപ്പോഴായി പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിന്റെ പകയാണ് ഇതിന് പിന്നിലെന്നും നടി പറഞ്ഞു. 2014ല്‍ തന്റെ ഷൂട്ടിങ് സെറ്റില്‍ ഇവര്‍ എത്തിയിരുന്നെങ്കിലും തിരക്ക് കാരണം കാണാന്‍ സാധിച്ചിരുന്നില്ല എന്നും നടി പറഞ്ഞു. യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications