'എഡിജിപി അജിത്കുമാർ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് പിടിച്ചു, സർക്കാർ വീണിടത്ത് കിടന്ന് ഉരുളുന്നു'; വിഡി സതീശൻ
മലപ്പുറം: എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്നാണ് സതീശന്റെ ആരോപണം. തൃശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി എഡിജിപി അജിത് കുമാർ വോട്ട് പിടിച്ചെന്നും അദ്ദേഹം ആരോപിച്ചു.
ആർഎസ്എസ് നേതാവിനെ കണ്ടാൽ എന്താണ് കുഴപ്പമെന്നും അജിത്കുമാർ പാർട്ടിക്കാരൻ അല്ലെന്നും വാദിച്ചവരാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചതെന്നും സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഒന്നര വർഷം മുൻപ് നടന്ന കൂടിക്കാഴ്ച്ച മുഖ്യമന്ത്രി ഇതുവരെ അറിഞ്ഞിരുന്നില്ലെങ്കിൽ അദ്ദേഹം രാജി വയ്ക്കുന്നതാണ് നല്ലതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആര്‍എസ്എസ് നേതാവിനെ എഡിജിപി കണ്ട കാര്യം തൃശൂര്‍ ജില്ലയിലെ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്നും അത് മുഖ്യമന്ത്രി കണ്ടില്ലേ എന്നും സതീശൻ ചോദിച്ചു. സർക്കാർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പ്രതിപക്ത്തിന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാരിന്റെ ശ്രമമെന്നും സതീശൻ ചൂണ്ടിക്കാണിച്ചു.
മുഖ്യമന്ത്രിയുടെ ദൂതനായി പോയത് കൊണ്ടാണ് ഇത്രയും കാലം അന്വേഷണം നടത്താതിരുന്നത്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് എഡിജിപി ആദ്യം ആർഎസ്എസ് നേതാക്കളെ കണ്ടതെന്നും പിന്നീട് അത് പ്രാവർത്തികമാക്കുകയാണ് അദ്ദേഹം അലങ്കോലപ്പെടുത്തലിലൂടെ ചെയ്‌തതെന്നും സതീശൻ പറയുന്നു. പൂരം കലക്കാനുള്ള പ്ലാൻ തയ്യാറാക്കിയ അജിത് കുമാറിനെ കൊണ്ടാണ് പൂരം കലക്കിയതിനെ കുറിച്ച് അന്വേഷിപ്പിച്ചതെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം, ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്‌ചയിൽ സർക്കാർ ഇന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഡിജിപി ദർവേഷ് സാഹിബിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകുകയും ചെയ്‌തു. നേരത്തെ മുന്നണി യോഗത്തിൽ അന്വേഷണം എന്ന വാഗ്‌ദാനം നൽകിയിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഒന്നും ഇതുവരെ ഇറങ്ങിയിരുന്നില്ല.
ആർഎസ്എസ് നേതാക്കളായ ദത്താത്രേയയേയും റാം മാധവിനെയുമാണ് എഡിജിപി എംആർ അജിത് കുമാർ കണ്ടത്. ക്രമസമാധാന ചുമതല വഹിക്കുന്ന ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്തിനാണ് ഈ നേതാക്കളെ കണ്ടതെന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. ഈ കൂടിക്കാഴ്‌ചയിൽ ദുരൂഹത തുടരുന്നതിനിടെയാണ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ രംഗത്ത് വന്നത്.












Click it and Unblock the Notifications