ചർച്ചയായി സുരേഷ് ഗോപിയുടെയും ഫഹദിന്റെയും നികുതിവെട്ടിപ്പ് കേസുകൾ; അന്ന് പോണ്ടിച്ചേരിയെങ്കിൽ ഇന്ന് ഭൂട്ടാൻ!
കൊച്ചി: ഭൂട്ടാനിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായുള്ള ഓപ്പറേഷൻ നുംകൂറിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വർഷങ്ങൾക്ക് മുൻപ് മലയാള സിനിമയിലെ ചില പ്രമുഖരുടെ പേര് ഉയർന്നുവന്ന പോണ്ടിച്ചേരി രജിസ്‌ട്രേഷൻ തട്ടിപ്പ് വീണ്ടും ചർച്ചയാവുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളായ സുരേഷ് ഗോപി, ഫഹദ് ഫാസിൽ എന്നിവരാണ് അന്ന് ആരോപണം നേരിട്ടത്.
കേരളത്തിലെ വാഹനങ്ങൾ, അതിൽ പ്രധാനമായും ആഡംബര വാഹനങ്ങൾ ഉൾപ്പെടെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ രജിസ്‌റ്റർ ചെയ്‌തു എന്നായിരുന്നു കണ്ടെത്തൽ. ഒന്നും രണ്ടുമല്ല ഏകദേശം രണ്ടായിരത്തിൽ അധികം വാഹനങ്ങളാണ് ഇത്തരത്തിൽ പുതുച്ചേരിയിൽ വ്യാജ മേൽവിലാസം ഉണ്ടാക്കി ആളുകൾ സ്വന്തമാക്കിയത്. അതിലാണ് ഇന്നത്തെ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ സുരേഷ് ഗോപി, യുവസൂപ്പർതാരം ഫഹദ് ഫാസിൽ, അമല പോൾ എന്നിവരുടെ പേരുകളും ഉയർന്നുവന്നത്.

നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ച് കേരളത്തിലെ 2357 വാഹനങ്ങൾ പുതുച്ചേരിയിൽ റജിസ്‌റ്റർ ചെയ്തെന്ന് 2019ലാണ് കണ്ടെത്തിയത്. പുതുച്ചേരി ചാവടിയിലെ അപ്പാർട്മെന്റിൽ താൽക്കാലിക താമസക്കാരൻ എന്ന നിലയിലാണ് 2010ൽ വാങ്ങിയ കാർ സുരേഷ് ഗോപി അവിടെ രജിസ്‌റ്റർ ചെയ്‌തത്. രണ്ട് കാറുകളുടെ കാര്യത്തിൽ ആരോപണം ഉയർന്നെങ്കിലും ഒന്നിൽ മാത്രമാണ് കേസ് രജിസ്‌റ്റർ ചെയ്‌തതും നടപടി എടുത്തതും.
വ്യാജ മേൽവിലാസം ഉണ്ടാക്കിയാണ് ലക്ഷങ്ങളുടെ നികുതി അന്ന് താരം ലാഭിച്ചത്. ഏകദേശം 16 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടന്നെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കണ്ടെത്തൽ. വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ നോട്ടറിയുടെ മൊഴിയും പ്രസ്‌തുത അഡ്രസിലെ ഉടമയുടെ മൊഴിയും ഒക്കെ സുരേഷ് ഗോപിക്ക് എതിരായിരുന്നു.
ഇതിന് പിന്നാലെ താരത്തെ അറസ്‌റ്റ് ചെയ്‌ത ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. ഫഹദും സമാനമായി ആഡംബര കാർ പോണ്ടിച്ചേരിയിൽ രജിസ്‌റ്റർ ചെയ്യുകയായിരുന്നു. ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നു വാഹനം വാങ്ങിയ ഫഹദ് 19 ലക്ഷം രൂപ പിഴ അടച്ച് കേരളത്തിലേക്ക് രജിസ്‌ട്രേഷൻ മാറ്റി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചു. താരത്തെയും അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിടുകയാണ്.
അമല പോൾ വാഹനം കേരളത്തിൽ എത്തിക്കാതിരുന്നതിനാൽ കൂടുതൽ നടപടികൾ അവർക്ക് എതിരെ സ്വീകരിച്ചിരുന്നില്ല. വർഷങ്ങൾക്ക് ഇപ്പുറം ഭൂട്ടാനിൽ നിന്നുള്ള അനധികൃത വാഹനം കടത്തിന്റെ വാർത്തകൾ വരുമ്പോൾ എല്ലാവരുടെയും മനസിൽ ആദ്യം ഓടിയെത്തിയതും ഈ സംഭവമായിരിക്കും. എന്നാൽ ഇരുകേസുകളിലും ചില വ്യത്യാസങ്ങളുമുണ്ട്.
ഓപ്പറേഷൻ നുംകൂറും കേസിന് ആധാരമായ സംഭവവും
നേരത്തെ ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി എന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നുള്ള അന്വേഷണമാണ് ഓപ്പറേഷൻ നുംകൂറിലേക്കും രാജ്യവ്യാപക റെയ്‌ഡിലേക്കും നയിച്ചത്. ഭൂട്ടാൻ മിലിറ്ററി ലേലത്തിൽ വയ്ക്കുന്ന വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി ഹിമാചൽപ്രദേശിൽ റജിസ്‌റ്റർ ചെയ്‌തു നാലിരട്ടി വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാർ ചെയ്‌തത്.
എന്നാൽ വിദേശത്ത് നിന്ന് വരുന്ന വാഹനം ആയതിനാൽ ഇതിന് നൽകേണ്ട നികുതി ഉൾപ്പെടെയുള്ളവ നൽകാതെയാണ് ഈ കള്ളക്കടത്ത് നടന്നത്. കേരളത്തിൽ 20 വാഹനങ്ങൾ, അതും വിലകൂടിയ എസ്‌യുവികൾ എത്തിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതിൽ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവരും ഉൾപ്പെടുന്നു.
കൂടുതലും ഷിംല റൂറലിലാണ് (എച്ച്പി 52 നമ്പറിൽ) ഇത്തരം കാറുകൾ ആദ്യം രജിസ്‌റ്റർ ചെയ്‌തത്. ഒരു ലക്ഷം രൂപയ്ക്കു വാങ്ങിയ ഒരു കാർ 10 ലക്ഷത്തിനും 3 ലക്ഷത്തിനു വാങ്ങിയ എസ്‌യുവി 30 ലക്ഷത്തിനും വിറ്റിട്ടുണ്ടെന്നാണ് വിവരം. കേരളത്തിൽ എത്തിച്ച ശേഷം ഈ വാഹനങ്ങളിൽ പലതിന്റെയും രജിസ്‌ട്രേഷൻ ഇവിടേക്ക് മാറ്റുകയും ചെയ്‌തിട്ടുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications