അതൃപ്തി മാറിയില്ല; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നും മിണ്ടില്ല, എല്ലാം ഹൈക്കമാന്‍ഡ് നോക്കട്ടെ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തതിന് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളും കോണ്‍ഗ്രസില്‍ ശക്തമാവുന്നു. അധികം താമസിയാതെ തന്നെ നിലവിലെ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്ഥാനം ഒഴിഞ്ഞേക്കും.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് മാറ്റം വന്നതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്തും മാറ്റമുണ്ടാവുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. സമൂലമായ മാറ്റത്തിലൂടെ സംസ്ഥാനത്ത് മികച്ച രീതിയിലുള്ള തിരിച്ചു വരവാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.

നയിക്കാന്‍ ആര്
കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, പിടി തോമസ് തുടങ്ങിയ നിരവധി പേരുകളാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കാമാന്‍ഡിന്‍റെ മുന്നിലുള്ളത്. സുധാകരന്‍റെ പേരിന് പ്രവര്‍ത്തകരില്‍ വലിയ പിന്തുണയുണ്ടെങ്കിലും എ, ഐ ഗ്രൂപ്പുകള്‍ക്ക് സുധാകരനോട് അത്ര മമതയില്ല.

സുധാകരന്‍ വരുമോ
സുധാകരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രവര്‍ത്തകരില്‍ ആവേശം ഉണ്ടാക്കാന്‍ സാധിച്ചാലും നേതൃത്വത്തിലുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് നിയമനം നടത്തിയാല്‍ അത് വിപരീത ഫലം ചെയ്തേക്കുമെന്ന ആശങ്കയും എഐസിസിക്കുണ്ട്.

മറ്റ് പേരുകള്‍
കെ സുധാകരനെ ഒന്നിച്ച് എതിര്‍ത്താല്‍ മറ്റ് പേരുകള്‍ എഐസിസി ആലോചിച്ചേക്കും. കെ മുരളീധരനെ പിന്തുണയ്ക്കാന്‍ എ ഗ്രൂപ്പ് തയ്യാറായേക്കും. അധ്യക്ഷനാവാന്‍ തയ്യാറാണെന്ന കാര്യം കൊടിക്കുന്നില്‍ സുരേഷ് പരോക്ഷമായി സൂചിപ്പിച്ചെങ്കിലും പാര്‍ട്ടിയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ കുറവുമാണ്.

എംഎല്‍എമാരുമായി
പുതിയ അധ്യക്ഷനെ നിയമിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരുമായി അശോക് ചവാന്‍ സമിതിയുടെ കൂടിക്കാഴ്ച ഇന്ന് മുതല്‍ ആരംഭിക്കും. രാത്രിയില്‍ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തയ്യറാവണമെന്നാണ് എംഎല്‍എമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ചവാന്‍ സമിതി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുക.

അതൃപ്തി
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ജൂണ്‍ ഒന്നോടെ അശോക് ചവാന്‍ സമിതി ഹൈക്കമാന്‍ഡിന് കൈമാറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുണ്ടാകും. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് തങ്ങളുടെ താല്‍പര്യം പരിഗണിക്കാത്തതില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും അതൃപ്തിയുണ്ട്.

പേരുകള്‍ നിര്‍ദേശിക്കില്ല
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇരുവരും പേരുകള്‍ നിര്‍ദേശിക്കില്ല. ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടേയെന്നാണ് നിലപാട്. പ്രതിപക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയടക്കം രമേശ് ചെന്നിത്തലയെ പിന്തുണച്ചിട്ടും വിഡി സതീശനെയായിരുന്നു ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തത്.

വേണുഗോപാല്‍
കെ സുധാകരന്‍ അധ്യക്ഷസ്ഥാനത്ത് എത്തുന്നതില്‍ കെസി വേണുഗോപാല്‍ അടക്കം സ്വീകരിക്കുന്ന നിലപാടും ശ്രദ്ധേയമാവും. കണ്ണൂരിലെ ഉള്‍പ്പാര്‍ട്ടി നീക്കങ്ങളില്‍ ഇരു ചേരിയിലായി നില്‍ക്കുന്നവരാണ് കെസി വേണുഗോപാലും കെ സുധാകരനും. വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കുന്നതില്‍ പ്രധാന നീക്കം നടത്തിയവരില്‍ ഒരാള്‍ കെസി വേണുഗോപാലായിരുന്നു.

വിഡി സതീശന്‍
അതേസമയം കെപിസിസി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയത്. എംഎല്‍എമാരുടെ അഭിപ്രായം തേടുമ്പോള്‍ യുവാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ നിലപാട് നിര്‍ണ്ണായകമാവും. സതീശനെ പിന്തുണച്ചത് പോലെ ഗ്രൂപ്പിന് അതീതമായി ഇവര്‍ വീണ്ടും ചോദിക്കുമോയെന്ന് കണ്ടറിയണം.

മത്സരം ഉണ്ടാവില്ല
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഉണ്ടാവില്ലെന്ന് തന്നെയാണ് സൂചന. കെസി ജോസഫിനെ ഐ ഗ്രൂപ്പ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ഗ്രൂപ്പ് നേതാക്കളും ഇത്തരം പ്രചാരണങ്ങളെല്ലാം തള്ളിക്കളയുകയും ചെയ്തു.
മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ












Click it and Unblock the Notifications