'ഒരൊറ്റ പ്രസ്താവനയിലൂടെ ഡിവൈഎഫ്‌ഐ ഞങ്ങളെ ഒറ്റുകാരനാക്കി'; വീണ്ടും ആകാശ് തില്ലങ്കേരി
തെളിവുകളെ തട്ടിമാറ്റി ഇനിയുമിങ്ങനെ വെള്ളപൂശണമെങ്കില്‍ പ്രസ്താവനകള്‍ പോരാതെ വരുമെന്നും ആകാശ് തില്ലങ്കേരി

കണ്ണൂര്‍: സി പി എം പ്രാദേശിക നേതാവിന് മുന്നറിയിപ്പുമായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. പ്രാദേശിക നേതാവായ രാഗിന്ദിനാണ് ഫേസ്ബുക്ക് കമന്റില്‍ ആകാശ് തില്ലങ്കേരി മുന്നറിയിപ്പ് നല്‍കിയത്. ഒരൊറ്റ പ്രസ്താവനയിലൂടെ ഡി വൈ എഫ് ഐ ഞങ്ങളെ ഒറ്റുകാരനാക്കിയെന്നാണ് ആകാശ് തില്ലങ്കേരി കുറിച്ചത്. ചുറ്റുമിരുന്ന് സംസാരിക്കേണ്ട വിഷയം വഷളാക്കിയെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ പറഞ്ഞു.
തെളിവുകളെ തട്ടിമാറ്റി ഇനിയുമിങ്ങനെ വെള്ളപൂശണമെങ്കില്‍ പ്രസ്താവനകള്‍ പോരാതെ വരുമെന്നും ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനിടെ ആകാശിനെതിരെ വിമര്‍ശനവുമായി ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഡി.വൈ.എഫ്.ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരിക്കെ ആര്‍ എസ്സ് എസ്സുകാരാല്‍ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സ്വര്‍ണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജന്മി നടുവാഴിത്വത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 12പേര്‍ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്നും ഉര്‍ജ്വദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍ കണ്ണികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.
സ്വര്‍ണ്ണ കടത്തിന് നേതൃത്വം നല്‍കുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘഗങ്ങളുമാണ് ഡി.വൈ.എഫ്.ഐ യെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമദ്ധ്യത്തില്‍ തുറന്നുകാണിക്കുകയും ചെയ്തത് ഡി.വൈ.എഫ്.ഐ ആയിരുന്നു.
ശക്തമായ നിലപാടാണ് ഇന്നും ഡി.വൈ.എഫ്.ഐ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. ഇതോടെ ഡി.വൈ.എഫ്.ഐ യെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാര്‍ഗമാണ് ഇവര്‍ സ്വീകരിക്കുന്നത്. സാമുഹ്യ മാധ്യമങ്ങള്‍ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടര്‍ കരുതുന്നത് .












Click it and Unblock the Notifications