തെളിയുന്നത് കോൺഗ്രസിന്റെ ആസൂത്രിതമായ ക്രിമിനൽ പ്രവർത്തനം: മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ
തിരുവനനത്പുരം: എ കെ ജി സെന്റർ അക്രമത്തിലെ പ്രതി പിടിയിലായതോടെ തെളിയുന്നത് കോൺഗ്രസിന്റെ ആസൂത്രിതമായ ക്രിമിനൽ പ്രവർത്തനമാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന നേതൃത്വം. സംഭവത്തില്‍ യൂത്ത് കോൺഗ്രസ്സ് നേതൃത്വം മാപ്പ് പറയണമെന്നും സംഘടന പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു. 'എ കെ ജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പോലീസ് അന്വേഷണത്തിൽ കസ്റ്റഡിയിലായിരിക്കുമ്പോൾ തെളിയുന്നത് കേരളത്തിൽ സംഘടിതവും ആസൂത്രിതവുമായ ക്രിമിനൽ സംഘത്തെ വളർത്തുന്ന കോൺഗ്രസ് സമീപനമാണ്.'- ഡി വൈ എഫ് ഐ പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുന്നു.
എ കെ ജി സെന്ററിലേക്ക് ബോംബെറിഞ്ഞു കടന്ന് കളഞ്ഞ പ്രവർത്തകനെ കോൺഗ്രസ്-യൂത്ത് കോണ്ഗ്രസ് നേതൃത്വം സംരക്ഷിച്ചു നിർത്തുകയും സംസ്ഥാന സർക്കാറിനേയും സംസ്ഥാന പോലീസിനെയും വെല്ലു വിളിച്ചു കൊണ്ടിരിക്കുകയുമായിരുന്നു. സമയമെടുത്തും പഴുത്തടച്ചതും കൃത്യമായ തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ച് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പിടി കൂടിയിരിക്കുന്നത്. മുന്നേ സംശയത്തിന്റെ പേരിൽ പോലീസ് ചോദ്യം ചെയ്ത ഇതേ നേതാവ് ചോദ്യം ചെയ്യലിന് ഹാജരാകും മുന്നേ തന്റെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്ത് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു.

ക്രിമിനൽ പ്രവർത്തനത്തിലേർപ്പെട്ട പ്രതി പിടിയിലായ ശേഷവും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ്- യൂത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷവും ക്രമസമാധാനവും തകർക്കാൻ വർഗ്ഗീയ ശക്തികൾക്കൊപ്പം അജണ്ടയോടെ നിലയുറപ്പിച്ച ഈ സംഘത്തെ കേരളത്തിന്റെ പൊതുസമൂഹം ഒറ്റപ്പെടുത്തണം. ആസൂത്രിത അക്രമത്തിന്റെ ഭാഗമായ യൂത്ത് കോൺഗ്രസ് കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും ഡി വൈ എഫ് ഐ കൂട്ടിച്ചേർക്കുന്നു.
അതേസമയം, എകെജി സെൻ്റര്‍ ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. ജൂൺ മുപ്പതിന് രാത്രിയാണ് സ്കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററില്‍ സ്‌ഫോടകവസ്തുവെറിഞ്ഞത്. സി പി എം സിപി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എ കെ ജി സെന്ററിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു അക്രമം. ആക്രമണം നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സി പി എം തുടക്കം മുതല്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications