കൈക്കൂലി നൽകിയെന്ന് പറയുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയിൽ; വിവാഹത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നല്‍കിയെന്ന വാദങ്ങൾ തള്ളി ദൃശ്യങ്ങൾ. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ വര്‍ഷം ഏപ്രില്‍ 10നായിരുന്നു തിരുവനന്തപുരത്ത് തൈക്കാട് വച്ച് പകല്‍ മൂന്നിന് അഖില്‍ മാത്യുവിന് പണം നല്‍കിയെന്നാണ് പരാതിക്കാരനായ മലപ്പുറം സ്വദേശി ബാസിദ് ആരോപിച്ചത്. എന്നാൽ അന്നേ ദിവസം അഖില്‍ മാത്യു പത്തനംതിട്ട കുമ്പഴയിൽ നടന്ന ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. വൈകിട്ട് 5ന് നടന്ന വിവാഹ സത്കാരത്തിലും അഖിൽ പങ്കെടുക്കുന്നത് ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങൾ പോലീസിന് കൈമാറുമെന്ന് അഖിൽ മാത്യു പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് 100 കിമിയോളം ദൂരമുണ്ട്. ഒരിക്കലും അരമണിക്കൂറിനുള്ളിൽ തനിക്ക് അവിടെ എത്തിച്ചേരാൻ സാധിക്കില്ലെന്നും അഖിൽ പറയുന്നു.
അതേസമയം അഖിൽ മാത്യുവിനെ തന്നെയാണ് താൻ കണ്ടതെന്നാണ് പരാതിക്കാരനായ ഹരിദാസന്‍ ആവർത്തിക്കുന്നത്. അഖിലിനെ കണ്ട സമയം കൃത്യമായി ഓര്‍മയില്ല. അഖിൽ മാത്യു തന്നെയാണ് പണം വാങ്ങിയത്. പത്ത് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയായിരുന്നു. അഖിൽ സജീവ് അയച്ചുതന്ന ഫോട്ടോ പ്രകാരമാണ് അഖിൽ മാത്യുവിനെ കണ്ടത്. പണംകൊടുത്ത ശേഷം വൈകീട്ട് ഏഴ് മണിയോടെ താൻ കൊച്ചുവേളിയിലേക്കാണ് പോയതെന്നും ഇയാൾ പറയുന്നു. അതിനിടെ അഖിൽ മാത്യുവിന് ഇടപാടിൽ പങ്കില്ലെന്നാണ് ഒളിവിലുള്ള അഖിൽ സജീവിന്റെ വെളിപ്പെടുത്തല്‍. പരാതിക്കാരൻ ഹരിദാസനെ നേരിട്ട് കണ്ടിട്ടില്ലെന്നും ഇയാൾ പറയുന്നു.












Click it and Unblock the Notifications