അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് തോന്നിയത് പോലെ; വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായി സംസ്ഥാനത്തെ ചില അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഒപ്പറേഷന്‍ ഇ സേവ എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
മിന്നല്‍ പരിശോധനയില്‍ അക്ഷയസെന്ററുകളെ സമീപിക്കുന്ന പൊതുജനങ്ങളില്‍ നിന്നും ഓരോ ആവശ്യങ്ങള്‍ക്കും ഈടാക്കാവുന്ന ഫീസിനെ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് നല്‍കിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായി സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ നിന്നും കൂടുതലായി സേവന ഫീസ് ചില അക്ഷയസെന്ററുകള്‍ ഈടാക്കുന്നതായും വാങ്ങുന്ന ഫീസിന് കമ്പ്യൂട്ടര്‍ നിര്‍മ്മിത രസീത് നല്‍കണമെന്ന ഉത്തരവ് സംസ്ഥാനത്തെ മിക്ക അക്ഷയസെന്റര്‍ ഉടമകളും പാലിക്കാതിരിക്കുന്നതായും കണ്ടെത്തി.

ഓരോ അക്ഷയ സെന്ററിലേയും അട്ടിമറിക്കുന്നതായും ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കണമെന്ന് പറയുന്നുവെങ്കിലും മിക്ക സ്ഥാപനങ്ങളിലും അപ്രകാരം ചെയ്യുന്നില്ല. അക്ഷയ സെന്ററില്‍ പൊതുജനങ്ങള്‍ക്ക് ഇത്തരം പരാതി എഴുതാന്‍ രജിസ്റ്റര്‍ വയ്ക്കണമെന്നും ഈ രജിസ്റ്റര്‍ ജില്ലാ അക്ഷയ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ പരിശോധിക്കണമെന്ന് പറയുന്നെങ്കിലും ഒട്ടുമിക്ക അക്ഷയസെന്ററിലും പരാതി രജിസ്റ്ററുകള്‍ പോലും ഇല്ല. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച തരത്തിലുള്ള ഭൗതികസാഹചര്യങ്ങളും കമ്പ്യൂട്ടര്‍ ഉപകരണങ്ങളും പല അക്ഷയ സെന്റുകളിലും ഇല്ലായെന്നും, അക്ഷയ സെന്ററുകള്‍ പരിശോധിക്കുവാന്‍ ഉത്തരവാദപ്പെട്ട ജില്ല അക്ഷയ സെന്റര്‍ ഉദ്ദ്യോഗസ്ഥര്‍ ക്രമക്കേടുകള്‍ക്ക് കൂട്ടു നില്‍ക്കുന്നതായും മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.
കണ്ണൂര്‍ ജില്ലയിലെ മുഴുപ്പിലങ്ങാടിയില്‍ 2002-ല്‍ പ്രവര്‍ത്തനമാരംഭിച്ച അക്ഷയ സെന്ററിലും ഇടുക്കി വണ്ടിപ്പെരിയാറില്‍ 2008-ല്‍ ആരംഭിച്ച അക്ഷയ സെന്ററിലും കോട്ടയം മണര്‍ക്കാട് 2009-ല്‍ ആരംഭിച്ച അക്ഷയ സെന്ററിലും തിരുവനന്തപുരം വട്ടപ്പാറയില്‍ 2010-ല്‍ ആരംഭിച്ച അക്ഷയ സെന്ററിലും ആലപ്പുഴ കായംകുളത്ത് 2013 ജനുവരിയില്‍ ആരംഭിച്ച അക്ഷയ സെന്ററിലും മറ്റു നിരവധി അക്ഷയ സെന്ററുകളിലും നാളിതു വരെ അക്ഷയ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ പരിശോധന നടത്തിയിട്ടില്ലെന്ന് മിന്നല്‍ പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തി.
കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്ററില്‍ നിന്നും ജില്ലാ അക്ഷയ കേന്ദ്രം പ്രോജക്റ്റ് ഓഫീസര്‍ക്ക്, 2022 ജൂണ്‍ മാസത്തിലും, പത്തനംതിട്ട മരാമണിലെ ഒരു അക്ഷയ സെന്ററില്‍ നിന്നും ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് 2022 നവംബര്‍ മാസത്തിലും ഗൂഗിള്‍ പേ വഴി പണം നല്‍കിയിട്ടുള്ളതായും വിജിലന്‍സ് കണ്ടെത്തി.
അക്ഷയസെന്റര്‍ പ്രവര്‍ത്തിക്കുന്ന റൂമില്‍ മറ്റു സ്ഥാപനങ്ങള്‍ പാടില്ല എന്നതിന് വിരുദ്ധമായി കൊല്ലം കൊട്ടിയത്തെ അക്ഷയ കേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ച് വരുന്നതായും വിജിലന്‍സ് ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പിന് നിര്‍ബന്ധമായും ഡിജിറ്റല്‍ ക്യാമറ വേണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ചില അക്ഷയ സെന്ററുകളില്‍ ഡിജിറ്റല്‍ ക്യാമറയും സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരമുള്ള മറ്റ് അനുബന്ധ ഉപകരണങ്ങളും നിലവിലില്ലായെന്നും കണ്ടെത്തി.


Click it and Unblock the Notifications