Alappuzha Result 2024: ആലപ്പുഴയിലെ കനല്‍ കെട്ടടങ്ങുമോ? കെസിക്ക് പ്രതീക്ഷ വാനോളം
സിപിഎമ്മിന്റെ കനലൊരു തരി എന്ന വിശേഷണമുള്ള മണ്ഡലമാണ് ആലപ്പുഴ. 2019ല്‍ കേരളത്തിലാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ഇടതുപക്ഷം നേടിയ ഏക സീറ്റ് ആലപ്പുഴയിലായിരുന്നു. കഴിഞ്ഞ സിപിഎമ്മിന്റെ എഎം ആരിഫ് വിജയിച്ചത് വെറും 10474 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഷാനിമോള്‍ ഉസ്മാന്‍ ആയത് കൊണ്ടാണ് ആരിഫ് വിജയിച്ചതെന്ന സംസാരവും ഇതിനിടെ ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസില്‍ നിന്ന് കഴിഞ്ഞ തവണ സിപിഎം ഈ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. മുമ്പ് കെസി വേണുഗോപാല്‍ വിജയിച്ച മണ്ഡലമായിരുന്നു ഇത്. ഇത്തവണ മണ്ഡലത്തിലേക്ക് കെസി തിരിച്ചെത്തിയതോടെ മത്സരം തന്നെ ആകെ മാറിയിരിക്കുകയാണ്. ഫലം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സാധ്യതകള്‍ എന്തൊക്കെയെന്ന് നോക്കാം.

കെസി വന്നതോടെ ചിത്രം മാറി
രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കെസി വേണുഗോപാല്‍ ഇത്തവണ ആലപ്പുഴയില്‍ മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് പോകുമ്പോഴുള്ള കെസിയായിട്ടല്ല ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ മുഖങ്ങളിലൊന്നാണ് കെസി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തന്‍ എന്ന പേരും അദ്ദേഹത്തിനുണ്ട്. രാഹുലിന് എന്തുകാര്യത്തിനും കെസി വേണുഗോപാല്‍ വേണമെന്ന സാഹചര്യമുണ്ട്.
അങ്ങനെ കോണ്‍ഗ്രസിലെ പ്രധാനിയായിട്ടാണ് ആലപ്പുഴയില്‍ കെസി മത്സരിക്കുന്നത്. അദ്ദേഹം വന്നതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഒന്നടങ്കം സജീവമായി. രമേശ് പിഷാരടി അടക്കം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തി. വേണുഗോപാലിന് തന്നെയാണ് മണ്ഡലത്തില്‍ മുന്‍തൂക്കമുള്ളത്. 2014ല്‍ 19407 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കെസിയുടെ വിജയം. ഇത്തവണ അതിനും മുകളില്‍ പോവാം.
സിപിഎം, ബിജെപി സാധ്യതകള്‍
ആരിഫ് അഞ്ച് വര്‍ഷം മുമ്പുള്ള അത്രയും കരുത്തനാണോ എന്ന് ചോദിച്ചാല്‍ പറയാന്‍ കൃത്യമായ ഉത്തരമില്ലാതെ വരും. ബിജെപിയില്‍ നിന്ന് ശോഭ സുരേന്ദ്രനും കൂടി മത്സരത്തിനെത്തിയതോടെ കളി ആകെ മാറി. ഇടതുപക്ഷത്തിന്റെ വോട്ടുകള്‍ ബിജെപി ക്യാമ്പിലേക്ക് പോകാനും സാധ്യതയുണ്ട്. നിഷ്പക്ഷ വോട്ടുകളും ഭിന്നിക്കപ്പെട്ടേക്കാം.
ഡോ കെഎസ് രാധാകൃഷ്ണനായിരുന്നു 2019ല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി. 1,87729 വോട്ടുകളാണ് രാധാകൃഷ്ണന്‍ പിടിച്ചത്. 17.24 ശതമാനത്തിന് മുകളില്‍ വോട്ട ശോഭ നേടാനും സാധ്യതയുണ്ട്. ആരിഫിന് കഴിഞ്ഞ തവണ 40.96 ശതമാനം വോട്ടാണ് ലഭിച്ചത്. ഇതില്‍ കുറവ് വരാനുള്ള സാധ്യതയുമുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ അടക്കം ചോരാതെ ലഭിച്ചാല്‍ മാത്രമേ ആരിഫിന് സാധ്യതയുള്ളൂ.
എക്‌സിറ്റ് പോളുകള്‍ പറയുന്നത് ഇങ്ങനെ
എക്‌സിറ്റ് പോളുകളിലും ആലപ്പുഴ വേണുഗോപാല്‍ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. 43.88 ശതമാനം പോരാണ് മനോരമ ന്യൂസ് സര്‍വേയില്‍ കെസി വേണുഗോപാലിനെ അനുകൂലിച്ചത്. ആരിഫിനെ അനുകൂലിച്ചത് 32.78 ശതമാനം പേരാണ്. 11.1 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരിക്കും വേണുഗോപാലിന്റെ വിജയമെന്ന് സര്‍വേ പ്രവചിക്കുന്നു.
ശോഭ സുരേന്ദ്രനെ 22.07 ശതമാനം പേരും പിന്തുണച്ചു. ആരിഫിന് 8.13 ശതമാനം വോട്ടിന്റെ കുറവ് ഇത്തവണയുണ്ടാവും. യുഡിഎഫ് വോട്ടില്‍ ഇത്തവണ 3.98 ശതമാനം വര്‍ധനവുണ്ടാകുമെന്നും സര്‍വേ പ്രവചിക്കുന്നു. ഷാനിമോള്‍ക്ക് ലഭിച്ചത് 39.95 ശതമാനം വോട്ടായിരുന്നു. ശോഭയ്ക്ക് 4.85 ശതമാനം വോട്ട് അധികം ലഭിക്കുമെന്നും സര്‍വേ പറഞ്ഞു.












Click it and Unblock the Notifications