ലുലു മാളിന് മുന്നിൽ സമരക്കാരുടെ പ്രതിഷേധം; ജീവനക്കാരെ തടഞ്ഞു
തിരുവനന്തപുരം ലുലു മാളിന് മുൻപിൽ പ്രതിഷേധിച്ച് സമരാനുകൂലികൾ. മാളിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ ഗേറ്റിന് മുന്നിൽ തടഞ്ഞ് പ്രതിഷേധിച്ചു. ഒടുവിൽ പോലീസ് എത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ ഒൻപത് മണിയോടെയാണ് ജീവനക്കാർ ജോലിക്കെത്തിയത്. ഇതോടെ ജീവനക്കാരെ മടക്കി അയക്കണമെന്ന് സമരക്കാർ മാൾ അധികൃതരോട് ആവശ്യപ്പെട്ടു. അതേസമയം ഉപഭോക്താക്കള്‍ ആരും ഇല്ലെന്നും ജീവനക്കാര്‍ മാത്രമാണുള്ളതെന്നും സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു. എന്നാൽ ജീവനക്കാരെ കടത്തി വിടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി സമരക്കാർ ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.

ഇന്നലെ പണി മുടക്കില്‍ നിന്നും ലുലുമാളിനെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമരാനുകൂലികൾ ഇന്ന് പ്രതിഷേധവുമായി എത്തിയത്. ഇന്നലെ മാൾ തുറന്നിരുന്നെങ്കിലും ഉപഭോക്താക്കളെ പ്രവേശിപ്പിച്ചിരുന്നില്ലെന്നാണ് മാൾ അധികൃതർ വ്യക്തമാക്കിയത്. ശുചീകരണ ജോലികൾ മാത്രമായിരുന്നു നടന്നതെന്നും അധികൃതർ പറഞ്ഞിരുന്നു. അതേസമയം ഇന്ന് പ്രതിഷേധം കനത്തോടെ പോലീസ് എത്തി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു.
അതേസമയം ഇന്നലത്തേതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് നിരത്തിൽ വാഹനങ്ങൾ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. കൂടുതലായി സ്വകാര്യ വാഹനങ്ങളാണ് ഓടുന്നത്. ഇന്ന് വാഹനങ്ങൾ വ്യാപകമായി തുടരുന്ന സാഹചര്യം ഇല്ലേങ്കിലും കെ എസ് ആർ ടി സി ഉൾപ്പെടെ ഇന്നും ഓടിയിട്ടില്ല. അതിനിടെ പല കടകളും ഇന്ന് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചിരുന്നു. പണിമുടക്കില്‍ കടകള്‍ മാത്രം അടച്ചിടേണ്ട കാര്യമില്ലെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് പി കുഞ്ഞാവുഹാജി പറഞ്ഞു.എന്നാൽ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളിൽ തുറന്ന കടകൾ അടപ്പിച്ച സാഹചര്യം ഉണ്ടായിരുന്നു.
സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ജോലിക്ക് എത്തിയില്ലേങ്കിൽ ജീവനക്കാര്‍ക്ക് ആ ദിവസത്തെ ശമ്പളം ലഭിക്കില്ല. ജോലിക്ക് ഹാജരാകുന്നതിന് ജീവനക്കാര്‍ക്ക് മതിയായ യാത്രാ സൗകര്യം കെഎസ്ആര്‍ടിസിയും ജില്ലാ കളക്ടര്‍മാരും ഉറപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. അതേസമയം സർക്കാർ ഉത്തരവുണ്ടെങ്കിലും സെക്രട്ടറിയേറ്റിൽ ഉൾപ്പെടെ ഇന്നും പലയിടത്തും ജീവനക്കാർ കുറവാണ്.
അതിനിടെ സംസ്ഥാനത്ത് ഹർത്താലില്ല, പണിമുടക്ക് മാത്രമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. വാഹനങ്ങൾ തടയുന്നത് ശരിയായ നടപടിയല്ലെന്നും അത്തരം ശ്രമങ്ങൾ ഉണ്ടാകരുതെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications