'ചിരിച്ചാലും തിരിഞ്ഞ് നടന്നാലുമെല്ലാം പ്രശ്നം; ഞങ്ങൾക്കൊന്നും ഒളിച്ച് വെക്കാനില്ല, ഭയവുമില്ല'; മന്ത്രി റിയാസ്
തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ ഒന്നും ഒളിവെക്കാനില്ലെന്നും നിയമപരമായ സംവിധാനങ്ങളിലൂടെ അന്വേഷണം നടക്കട്ടെയെന്നും മുഹമ്മദ് റിയാസ്. എല്ലാത്തിനും പാർട്ടി സെക്രട്ടറിയേറ്റടക്കം മറുപടി നൽകിയതാണ്. ആരോരുത്തരും ഓരോ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിന് മറുപടി പറയുകയല്ല ഞങ്ങളുടെ ജോലി. തുടര്‍ഭരണത്തില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ മരുന്ന് കഴിക്കുകയോ വ്യായാമം ചെയ്യുകയോ ആണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
'ഇതിൽ ഒന്നും ഒളിച്ച് വെക്കാനില്ല. ഞാനുള്‍പ്പെടുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. പാർട്ടി സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. നിയമപരമായ വശങ്ങള്‍ വിശദീകരിച്ചു. അതിന്റെ മറ്റ് വശങ്ങളും വിശദീകരിച്ചു. ഇതിൽ ഒരുതരത്തിലുള്ള ഭയപ്പാടും ഇല്ലെന്ന് വ്യക്തമാക്കി. ഇതൊക്കെ പരിശോധിക്കാൻ രാജ്യത്ത് നിരവധി സംവിധാനങ്ങൾ ഉണ്ട്. ഇപ്പോൾ പറയപ്പെട്ട വിഷയം ഉൾപ്പെടെ ഇതിൽ ഉൾപ്പെടാത്തവരെ ഭാഗവാക്കാനുള്ള ശ്രമം നടക്കുകയാണ്.

ചിലര്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിച്ചത് ദഹിക്കാത്ത പ്രശ്‌നമുണ്ട്. അതിനുള്ള മരുന്ന് ഉണ്ടെന്ന് തോന്നുന്നില്ല. ഞങ്ങളെ ജനങ്ങള്‍ വീണ്ടും തിരഞ്ഞെടുത്തത് ഒരു തെറ്റാണോ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ഉണ്ടായതിൽ ഉറക്കം നഷ്ടപ്പെട്ടവർ ഉറക്കം കിട്ടാൻ എന്തെങ്കിലും വ്യായാമം ചെയ്യുകയോ മരുന്നുകഴിക്കുകയോ ചെയ്യട്ടെ. അതിന് എന്റെ പിന്നാലെ നടന്നത് കൊണ്ട് കാര്യമുണ്ടോ?.
ഓരോരുത്തരും രാവിലെ എഴുന്നേറ്റ് ഉന്നയിക്കുന്ന ആരോപണത്തിന് മറുപടി പറയൽ അല്ല എന്റെ ജോലി. എനിക്ക് മുന്നോട്ട് നടക്കാൻ പറ്റാത്ത സാഹചര്യമാണ്. മുന്നോട്ട് നടന്നാല്‍ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്തുവെന്ന് പറയാന്‍ സാധ്യതയുണ്ട്. മിണ്ടാതിരുന്നാല്‍ ഉത്തരംമുട്ടി എന്ന് പറയും. ചിരിച്ചാല്‍, പരിഹസിച്ച ഭീകരന്‍ എന്ന് വാര്‍ത്ത വരാൻ സാധ്യതയുണ്ട്. ഇനി തിരിഞ്ഞു നടന്നാല്‍ ഒളിച്ചോടിയെന്നും പറയാന്‍ സാധ്യതയുണ്ട്. ഞാനും ഒരു മനുഷ്യനാണ്, ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ' റിയാസ് പറഞ്ഞു.
അതേസമയം മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. വിവാദത്തിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി. പുകമറയുണ്ടാക്കുകയാണ് ഇതിന് പിന്നലെ ലക്ഷ്യം. നട്ടെല്ലുണ്ടെങ്കിൽ പിണറായി മറുപടി പറയണമെന്നും കെ സുധാകരൻ പറഞ്ഞു. മകൾക്കും മകനുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മിണ്ടാതെ ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ് മുഖ്യമന്ത്രിയെന്ന് ചെന്നിത്തലയും വിമർശിച്ചു.












Click it and Unblock the Notifications