ദിലീപിന് വീണ്ടും നേട്ടം; അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി... ചെക്ക് വച്ച് ദിലീപ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഉന്നയിച്ച ആവശ്യം അംഗീകരിച്ച് മജിസ്‌ട്രേറ്റ് കോടതി. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തി എന്ന കേസില്‍ ദിലീപും കൂട്ടുപ്രതികളും ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയിരുന്നു. രജിസ്ട്രാര്‍ ഇത് ഹൈക്കോടതി നിര്‍ദേശ പ്രകാരം ആലുവ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചു. ഫോണുകള്‍ എവിടേക്കാണ് പരിശോധനയ്ക്ക് അയക്കേണ്ടത് എന്ന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഫോണ്‍ തുറക്കുന്നതിനുള്ള പാറ്റേണ്‍ ശരിയാണോ എന്ന് പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ക്രൈംബ്രാഞ്ചിന് പാറ്റേണ്‍ കൈമാറരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആലുവ കോടതി അംഗീകരിച്ചു. ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ച് പരിശോധിക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു...

അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് ദിലീപ് പലതവണ ആവര്‍ത്തിച്ചിരുന്നു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയാല്‍ വ്യാജരേഖ ചമയ്ക്കാന്‍ സാധ്യതയുണ്ട് എന്നാണ് താരം ഭയപ്പെടുന്നത്. തുടര്‍ന്നാണ് ഫോണ്‍ തുറക്കാനുള്ള പാറ്റേണ്‍ അന്വേഷണ സംഘത്തിന് ലഭിക്കരുത് എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടത്. കോടതിയില്‍ വച്ച് തന്നെ പാറ്റേണ്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി തള്ളി.

ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്കാണ് അയക്കുക. ഇവിടെ പരിശോധന നടത്തണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിച്ചു. ഫോണുകളുടെ പാറ്റേണ്‍ മാറ്റണുണ്ടെങ്കില്‍ പരിശോധന റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകും. ഇത് പ്രതിഭാഗം ആയുധമാക്കുമോ എന്നാണ് ക്രൈംബ്രാഞ്ചിന് ആശങ്ക. അതുകൊണ്ടാണ് കോടതിയില്‍ വച്ച് പാറ്റേണ്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം ജഡ്ജി തള്ളി.

അതേസമയം, ഇന്ന് പുതിയ നീക്കവുമായി ദിലീപ് രംഗത്തുവന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കി. സംവിധായന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് ഒരു മാസം വിചാരണ കോടതി അനുവദിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഈ ആവശ്യവുമായി വിചാരണ കോടതി വന്നാല്‍ പരിശോധിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാല്‍ വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് തുടരന്വേഷണത്തിന് സമയം തേടി പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചത്.

തുടരന്വേഷണത്തിന ആറ് മാസം സമയം വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം കോടതി തള്ളി. പകരം ഒരു മാസം സമയം അനുവദിച്ചു. മാര്‍ച്ച് ഒന്നിന് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് ഒരു മാസം അനുവദിച്ച വിചാരണ കോടതി നടപടി അംഗീകരിക്കാനാകില്ല എന്ന് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജിയില്‍ പറയുന്നു.
കൊവിഡ് മുക്തയായി; വര്‍ക്കൗട്ട് തുടങ്ങി റിമ കല്ലിങ്കല്‍.. കൂടെ ഒരു ഉപദേശവും- ചിത്രങ്ങള്‍

അന്വേഷണം ഒരു മാസത്തിനകം തീരുമെന്ന് ഉറപ്പിക്കാനാകില്ല. വീണ്ടും സമയം ചോദിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ കേസ് നീട്ടി കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതിന് അനുവദിക്കരുത്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം. അന്വേഷണ സംഘം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ തുടരന്വേഷണം തടയണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, ദിലീപ് ഇന്ന് ആലുവ എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെത്തി പ്രാര്‍ഥന നടത്തി. അതിരാവിലെയാണ് താരം പള്ളിയിലെത്തിയത്. നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചു. മാല ചാര്‍ത്തി പ്രാര്‍ഥിച്ചു. അദ്ദേഹം ഇടയ്ക്ക് ഈ പള്ളിയെലത്തി പ്രാര്‍ഥന നടത്താറുണ്ട്. കോട്ടയത്തെ ക്ഷേത്രത്തിലും താരം ഇടയ്ക്ക് പ്രാര്‍ഥന നടത്താറുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ദിലീപിന് ആശ്വാസമാകുന്ന സ്ഥലങ്ങളാണ് ഈ രണ്ട് ആരാധനാലയങ്ങളുമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.












Click it and Unblock the Notifications