കോഴിക്കോട്ട് 13കാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്; സ്ഥിരീകരണം
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിയായ പെൺകുട്ടി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചാണെന്ന് സ്ഥിരീകരണം. ജൂൺ 12 ന് ആണ് കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ ( 13 ) മരിച്ചത്. പരിശോധനാഫലം വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
തലവേദനയും ഛർദ്ദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യം മോശമായതിനെ തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. സ്കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠന യാത്ര പോയപ്പോൾ കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗ ബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അമീബ ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് ദിവസം കൊണ്ട് രോഗ ലക്ഷണങ്ങൾ കാണുകയും പെട്ടെന്ന് തന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യും. ദക്ഷിണയ്ക്ക് പൂളിൽ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ജനുവരി 28 ന് യാത്ര പോയ കുട്ടിക്ക് മേയ് എട്ടിനാണ് രോഗ ലക്ഷണം കണ്ടത്.
നട്ടെല്ലിൽ നിന്നുള്ള നീരിന്റെ പരിശോധനയിൽ അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും അമീബിക് മെനിൻഞ്ചോ എൻസെഫലൈറ്റസിന് ഉള്ള ആറ് മരുന്നുകൾ കുട്ടിക്ക് നൽകുകയും ചെയ്തിരുന്നു.
എന്നാൽ ഇത് മുൻപ് റിപ്പോർട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസിൽ നിന്ന് വ്യത്യസ്തമായതിനാൽ അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുളള പരിശോധനകൾ നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോക്ടർ അബ്ദുൾ റൗഫ് പറഞ്ഞു.
വെർമമീബ വെർനിഫോമിസ് എന്ന അപൂർവ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയിൽ കണ്ടെത്തിയത് ഈ കേസ് ലോകത്ത് തന്നെ അപൂർവമായതിനാൽ രോഗണുവിന്റെ ഇൻക്യൂബേഷൻ പിരിഡ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ വിദഗ്ദ പഠനം ആവശ്യമാണെന്നും ഡോക്ടർ അറിയിച്ചു.
കഴിഞ്ഞ മാസം മലപ്പുറം സ്വദേശിയായ കുട്ടിയും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. മലപ്പുരം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി - ഫസ്ന ദമ്പതികളുടെ മകൾ ഫദ്വ ( 5 ) ആണ് മരിച്ചത്. കോഴിക്കോട്ടെ മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.












Click it and Unblock the Notifications