'വലിച്ചിഴച്ചു കൊണ്ടുപോയി, മൂലയ്ക്കിട്ട് വീണ്ടും കുത്തി'; ആശുപത്രിയിലെ അരുംകൊലയില്‍ ദൃക്‌സാക്ഷികള്‍
കൊച്ചി: അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കൊല്ലപ്പെട്ട യുവതിക്ക് നിരവധി തവണ കുത്തേറ്റെന്ന് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. ആശുപത്രിയുടെ നാലാം നിലയില്‍ വച്ച് ആക്രമിച്ച പ്രതി യുവതിയെ വലിച്ചിഴച്ച് കൊണ്ടുപോയി ഒട്ടേറെ തവണ കുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഈ സമയത്ത് കൂടിനിന്നവര്‍ ആക്രമിചെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവരെ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു.
പെട്ടെന്നുണ്ടായ ബഹളം കേട്ടാണ് പുറത്തുവന്നതെന്ന് ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. ' ശബ്ദം കേട്ടാണ് പുറത്തുവന്നത്, അയാള്‍ അവിടെ വച്ചൊരു കുത്തു കുത്തി, ഡ്രിപ്പ് സ്റ്റാന്‍ഡ് ഉപയോഗിച്ച് ആക്രമിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ നേരെ കത്തി വീശി. ഇതോടെ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. ഒറ്റയ്ക്ക് നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക'- സംഭവ സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരാള്‍ പറഞ്ഞു.

ആലുവ സ്വദേശിയായ മഹേഷും ലിജിയും നേരത്തെ സുഹൃത്തുക്കളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് കൂട്ടിരിക്കാനാണ് ലിജി ആശുപത്രിയില്‍ എത്തിയത്. ഇന്ന് ഉച്ചയോടെ മഹേഷും ഇവിടേക്ക് എത്തി. ആശുപത്രിയില്‍ നിന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ശേഷം പ്രതി കയ്യില്‍ കരുതിയ കത്തി എടുത്ത് കുത്തുകയായിരുന്നു. പ്രതിയെ പൊലീസ് എത്തിയാണ് പിടികൂടിയത്. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
കൊലയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് പ്രതി ആശുപത്രിയിലേക്ക് എത്തിയതെന്നാണ് നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസാണ് മഹേഷിനെ കസ്റ്റഡിയില്‍ എടുത്തത്.












Click it and Unblock the Notifications