മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ചേരാന്‍ 'തിക്കുംതിരക്കും'; കടുത്ത നിയന്ത്രണം, പുതുമ വേണം
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണുള്ളത്. മന്ത്രിസഭയില്‍ പുതുമ നിലനിര്‍ത്തിയ സര്‍ക്കാര്‍ പേഴ്‌സണല്‍ സ്റ്റാഫ് നിയമത്തിലും പുതുമ കൊണ്ടുവരുമെന്നാണ് വിവരം. സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയേക്കും. എന്നാല്‍ എങ്ങനെയെങ്കിലും സ്റ്റാഫ് അംഗമാകാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്. പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ക്കാണ് സാധാരണ പ്രാമുഖ്യം നല്‍കാറുള്ളത്.
വിദ്യാഭ്യാസ യോഗ്യത കൃത്യമായി പരിശോധിക്കണമെന്നും പുതുമുഖങ്ങള്‍ വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ഒരു മന്ത്രിയുടെ സ്റ്റാഫില്‍ എത്ര പേര്‍ക്ക് അംഗമാകാം, കഴിഞ്ഞ സര്‍ക്കാരില്‍ എത്ര പേരുണ്ടായിരുന്നു. പെന്‍ഷന്‍ ലഭിക്കുമോ... വിശദാമാക്കാം...

സ്റ്റാഫില്‍ എത്ര പേരെ നിയമിക്കാം
ഒരു മന്ത്രിയുടെ സ്റ്റാഫില്‍ 30 പേര്‍ വരെ ആകാം. എങ്കിലും കഴിഞ്ഞ സര്‍ക്കാരില്‍ 25 പേരെയാണ് നിയമിച്ചിരുന്നത്. ഇത്തവണ എണ്ണം വീണ്ടും കുറച്ചേക്കുമെന്നാണ് വിവരം. 20 പേര്‍ക്ക് മാത്രമേ നിയമനം നല്‍കൂ എന്നാണ് സൂചന. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലം കൂടി പരിഗണിച്ചാണിത്.

വേഗം കടന്നുകൂടാന്‍ സാധിക്കില്ല
2016ല്‍ ആദ്യ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മന്ത്രിമാരുടെ സ്റ്റാഫ് അംഗമായവര്‍ക്ക് ഇത്തവണ അവസരം ലഭിച്ചില്ലേക്കില്ല. പുതിയ യുവാക്കളെ നിയമിക്കാനാണ് ആലോചന. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കാണ് പ്രാഥമിക പരിഗണന ലഭിക്കുക എന്നും കേള്‍ക്കുന്നു.

സമ്മര്‍ദ്ദം വഴിയും ചിലര്‍
നേരത്തെ പേഴ്‌സണല്‍ സ്റ്റാഫിലെ ചില നിയമനങ്ങള്‍ വിവാദമായിരുന്നു. ഇത്തവണ വിവാദങ്ങള്‍ക്ക് ഇട നല്‍കരുത് എന്ന് പ്രത്യേക നിര്‍ദേശം ഇടതുമുന്നണി നല്‍കിയിട്ടുണ്ടത്രെ. സ്റ്റാഫ് അംഗങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച ശേഷമാകും നിയമനം. എന്നാല്‍ പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി നിയമനം നേടാന്‍ ശ്രമിക്കുന്നവരുമുണ്ട്.

37 പേരുമായി മുഖ്യമന്ത്രി
ജില്ലാ നേതാക്കളുടെ ശുപാര്‍ശ തരപ്പെടുത്തി സ്റ്റാഫ് അംഗമാകാന്‍ ശ്രമിക്കുന്നവരുണ്ട് എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ 37 പേരുണ്ടായിരുന്നു. ധനവകുപ്പിന് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നുവത്രെ. അമിതമായ ചെലവുണ്ടാക്കുന്നതാണ് ഇത്തരം നിയമനങ്ങള്‍.
Recommended Video

പെന്‍ഷന്‍ കിട്ടുമോ
പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമനം ലഭിക്കുന്നവര്‍ക്ക് പെന്‍ഷന്‍ കിട്ടും. ചുരുങ്ങിയത് രണ്ടു വര്‍ഷം പ്രവര്‍ത്തിക്കണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചിലര്‍ രാജിവച്ചിരുന്നു. അതോടെ വീണ്ടും നിയമനം നടത്തി. ഇത്തരത്തിലുള്ള രാജിയും നിയമനവുമെല്ലാം സര്‍ക്കാരിന് കൂടുതല്‍ ചെലവുണ്ടാക്കുന്നതാണ്.












Click it and Unblock the Notifications