അര്‍ജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലെന്ന് എസ്പി, ഇനി നിര്‍ണായകം ഇക്കാര്യങ്ങള്‍
ബെംഗളൂരു: അര്‍ജുന് വേണ്ടിയുള്ള രക്ഷാദൗത്യത്തിന് ആക്ഷന്‍ പ്ലാനുമായി കര-നാവിക സേനകള്‍. അര്‍ജുന്‍ ക്യാബിനിലുണ്ടോ എന്ന കാര്യം പരിശോധിക്കുന്നതിനാണ് മുന്‍ഗണന. മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങി പരിശോധിക്കുക. ട്രക്ക് പുറത്തെടുക്കുക അതിന് ശേഷം മാത്രമായിരിക്കും. ഭാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തും.
അതേസമയം അര്‍ജുന്റെ ട്രക്ക് തലകീഴായി മറിഞ്ഞ നിലയിലെന്ന് കാര്‍വാര്‍ എസ്പി. എം നാരായണ പറഞ്ഞു. രാത്രി പത്ത് മണി വരെ തിരച്ചില്‍ തുടരും. നാളെ ദൗത്യം ലക്ഷ്യം കാണുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ഷിരൂരില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ഇതോടെ ഗംഗാവലി ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. അതേസമയം ഡ്രോണുകള്‍ അടക്കം ഉപയോഗിച്ചാണ് നാളെ തിരച്ചില്‍ നടത്തുക.

അതേസമയം നാളെ മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരച്ചില്‍ നടക്കുന്ന പ്രദേശത്തേക്ക് പ്രവേശനമില്ല. തിരച്ചില്‍ പ്രദേശത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കാര്‍വാര്‍ എംഎല്‍എ ഇന്ന് തിരച്ചില്‍ രാത്രി പത്ത് മണി വരെ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. കനത്ത മഴ പെയ്താല്‍ നിര്‍ത്തിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാത്രിയും തിരച്ചില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സച്ചിന്‍ ദേവ് എംഎല്‍എ പറഞ്ഞു. മേജര്‍ ഇന്ദ്രപാല്‍ എത്തി കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. പുഴയിലെ ഒഴുക്ക് കാരണം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാവികസേനയുടെ ബോട്ട് തെന്നിപ്പോയെന്നും മേജര്‍ ഇന്ദ്രപാല്‍ പറഞ്ഞു. കാറ്റും മഴയും രക്ഷാദൗത്യത്തിന് തിരിച്ചടിയായെന്നാണ് ജില്ലാ കളക്ടറും പ്രതികരിച്ചിരുന്നു.
നേരത്തെ രക്ഷാപ്രവര്‍ത്തകര്‍ മഴയെ തുടര്‍ന്ന് പുഴയില്‍ നിന്ന് തിരികെ കയറിയിരുന്നു. മണ്ണ് മാറ്റുന്ന ശ്രമങ്ങളും നിര്‍ത്തിയിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ നാവികസംഘം പുഴയിലേക്ക് ഇറങ്ങും. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ച് നിര്‍ത്താനാണ് നാവികസേന ആദ്യം ശ്രമിക്കുക.
ലോക്ക് ചെയ്തതിന് ശേഷം ലോറി പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കും. അതേസമയം ലോറി പുറത്തെടുക്കാന്‍ സ്‌കൂബാ ഡൈവേഴ്‌സ് താഴേക്ക് ഇറക്കി ട്രക്കിന്‍മേല്‍ കൊളുത്ത് ഇട്ട് ഉറപ്പിച്ച് തിരികെ കയറും.
അതിന് ശേഷമാണ് ഭാര ഉപകരണങ്ങള്‍ ഉപയോഗിച്ച് ട്രക്ക് ഉയര്‍ത്തുക. നാളത്തെ കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് അന്തിമ പ്ലാന്‍ നടപ്പിലാക്കാനാണ് തീരുമാനം. ഷിരൂരിലേക്ക് ക്രെയിനുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സന്നാഹങ്ങള്‍ എത്തിച്ചിട്ടുണ്ട്.
മാധ്യമങ്ങള്‍ക്ക് ഓരോ മണിക്കൂറിലും വിവരങ്ങള്‍ കൈമാറാമെന്നാണ് എംഎല്‍എ അറിയിച്ചിരിക്കുന്നത്. അതേസമയം സച്ചിന്‍ ദേവ് ഷിരൂരില്‍ ക്യാമ്പ് ചെയ്യും. എംഎല്‍എമാരായ എകെഎം അഷറഫ്, ലിന്റോ ജോസഫ് എന്നിവരും ഷിരൂരില്‍ ക്യാമ്പ് ചെയ്യും. എംകെ രാഘവന്‍ എംപി ഡല്‍ഹിയില്‍ നിന്ന് ഷിരൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications