അർജുന്റെ ലോറിയുടെ കാബിൻ തകർന്നിട്ടില്ല; അപകട സമയത്ത് എഞ്ചിൻ ഓണായി; അർജുൻ കാബിനുള്ളിൽ ഉണ്ടോ?
ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ നീളുന്നു. തിരച്ചിലിന്റെ പതിനൊന്നാം ദിനമായ ഇന്ന് ലോറിയിൽ അർജുൻ ഉണ്ടോയെന്ന കാര്യമാണ് പരിശോധിക്കുക. മഴയായതിനാൽ വ്യാഴാഴ്ച രാത്രിയിൽ ഡ്രോൺ പരിശോധന നടത്താൻ സൈന്യത്തിന് സാധിച്ചിരുന്നില്ല. ഗംഗാവലി പുഴയിൽ കുത്തൊഴുക്ക് ശക്തമായതിനാൽ മുങ്ങൽ വിദഗ്ധർക്ക് നദിയിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നാണ് സൈന്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം തെർമൽ ഇമേജിങ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പുഴയ്ക്കടിയിലുള്ള ലോറിക്കുള്ളിൽ മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ലോറിയുടെ ഡ്രൈവൻ കാബിൻ തകർന്നിട്ടില്ലെന്നാണ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയതെന്ന് മനോരമ റിപ്പോർട്ടിൽ പറയുന്നു. ലോറിയുടെ കാബിനും പിൻവശവും വേർപെട്ടിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ചും എന്തെങ്കിലും സൂചന ലഭിക്കേണ്ടതുണ്ട്.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബെൻസ് ലോറിയാണ് അർജുൻ ഓടിച്ചിരുന്നത്. കാബിൻ എന്ത് സംഭവിച്ചാലും തകരില്ലെന്ന് ആവർത്തിക്കുകയാണ് ലോറി ഉടമകൾ. അപകടം സംഭവിച്ചപ്പോൾ അർജുൻ അകത്തായിരുന്നോ അതോ പുറത്തായിരുന്നോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. ലോറിയുടെ ജിപിഎസ് പ്രകാരം മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് എൻജിൻ ഓണായിരുന്നു. അർജുൻ അകത്ത് ഉണ്ടായിരുന്നുവെങ്കിൽ കാബിൻ ലോക്കായിട്ടുണ്ടാകും. അങ്ങനെയെങ്കിൽ അകത്ത് കുടുങ്ങിപ്പോയിട്ടുണ്ടാകും. ഇനി മറിച്ചാണെങ്കിൽ അർജുൻ ഒഴുക്കിൽപ്പെട്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതേസമയം അര്‍ജുന്‍ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നാണ് രക്ഷദൗത്യത്തിന് നേതൃത്വം നൽകുന്ന റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍ പറഞ്ഞത്. ക്യാബിൻ വേർപെട്ട് പോകാൻ സാധ്യത ഇല്ലെന്നാണ് മെഴ്സിഡസിലെ വിദഗ്ധർ പറയുന്നതെങ്കിലും ഇതൊക്കെ സാധ്യതമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിൽ നിന്നും 60 മീറ്റർ ദൂരത്ത് പുഴയിലാണ് നിലവിൽ ലോറി ഉള്ളത്. പുഴയിലേക്ക് 5 മീറ്റർ താഴ്ചയിലാണ് ഇത്. ബെലഗാവിയിൽ നിന്നും തടിയുമായി വരുമ്പോഴാണ് അർജുന്റെ ലോറി അപകടത്തിൽ പെടുന്നത്. ലോറിയിലെ തടി സമീപപ്രദേശത്ത് നിന്നൊന്നും കാണാതിരുന്നതിനാലാണ് ലോറി കരയിലായിരിക്കാം എന്ന് തുടക്കം മുതൽ ബന്ധുക്കളും കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകരും ലോറി ഉടമയുമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍ മരത്തടികള്‍ കുറേയേറെ കരയ്ക്കടിഞ്ഞിട്ടുണ്ടെന്നും മേജർ ഇന്ദ്രബാലൻ പറഞ്ഞു.
അതേസമയം ഇന്നും അർജുനായി പരിശോധന നടത്തും. എന്നാൽ പ്രദേശത്ത് കനത്ത മഴ തുടരുന്നത് വെല്ലുവിളി തീർക്കുന്നുണ്ട്. ഇന്ന് ഷിരൂർ ഉൾപ്പെട്ട ഉത്തര കന്നഡയിൽ ഓറഞ്ച് അലർട്ട് ആണ്.












Click it and Unblock the Notifications