'മമ്മൂട്ടിക്ക് ഇപ്പോഴെങ്കിലും പുരസ്കാരം ലഭിച്ചല്ലോ, കുറച്ച് വർഷമായി ഞങ്ങൾ ശുപാർശ ചെയ്യുന്നുണ്ട്';മുഖ്യമന്ത്രി
മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ പങ്കുചേരാൻ സാധിച്ചതിൽ മന്ത്രിസഭയ്ക്ക് അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും അദ്ദേഹത്തിന് പുരസ്കാരം നൽകിയല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
'കേരളത്തിലെ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും ആ സന്തോഷത്തിൽ പങ്കുചേരാൻ കഴിഞ്ഞതിൽ നല്ല സന്തോഷമുണ്ട്. കാരണം, കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങൾ ഈ ഷുപാർശ ഇങ്ങനെ നൽകിക്കൊണ്ടിരിക്കുകയായിരുന്നു. എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ, ഏതായാലും ഇപ്പോൾ അത് നൽകി എന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്',മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയൽ പുരസ്‌കാരം അഭിനേത്രി ശാരദയ്ക്ക് മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് സമ്മാനിച്ചു. മലയാള സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് തെളിയിച്ച കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. നാലര പതിറ്റാണ്ടുകളായി 420-ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, ഓരോ ചിത്രത്തിലും പുതിയ ഭാവപ്പകർച്ചകൾ കൊണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു
മമ്മൂട്ടി, ടൊവീനോ തോമസ്, ആസിഫ് അലി, വേടൻ, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്ക് മുഖ്യമന്ത്രി അവാർഡുകൾ സമ്മാനിച്ചു. നടി പായൽ കപാടിയക്ക് പകരം അവാർഡിന് അർഹമായ സിനിമയിലെ പ്രധാന അഭിനേത്രിമാരായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. സംവിധായകൻ അമൽ നീരദിന് പകരം ജ്യോതിർമയിയും ദർശന രാജേന്ദ്രനു പകരം നീരജ രാജേന്ദ്രനും പുരസ്‌കാരം സ്വീകരിച്ചു.












Click it and Unblock the Notifications