ആറന്മുളയില്‍ തെറ്റുപറ്റിയെന്ന് ബേബി
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ഇടത് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും എംഎല്‍എയുമായ എംഎ ബേബിയുടെ വെളിപ്പെടുത്തല്‍. നിയമസഭയില്‍ ഗവര്‍ണറുടെ നപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് ബേബിയുടെ തുറന്ന് പറച്ചില്‍.
എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പറ്റിയ തെറ്റിന്റെ ചുവട് പിടിച്ച് യുഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ വലിയ തെറ്റുകളിലേക്ക് പോകരുതെന്ന് ബേബി പറഞ്ഞു. നിയമസഭയിലെ ഭൂരിപക്ഷം എംഎല്‍എമാരും പദ്ധതിക്ക് എതിരാണ്. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട് പോകരുതെന്നും എംഎ ബേബി ആവശ്യപ്പെട്ടു.

വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയുടെ പോക്കുവരവ് അപേക്ഷ പരിശോധിക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചു എന്നൊരു തെറ്റ് മാത്രമാണ് ഇടത് ഭരണകാലത്ത് പറ്റിയത്. ഒരു എംഎല്‍എയുടെ നിവേദനം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അന്ന് അങ്ങനെ ഒരു തെറ്റ് സംഭവിച്ചത്. അത് തിരുത്തുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും എംഎ ബേബി പറഞ്ഞു.
ആറന്മുള വിമാനത്താവളത്തില്‍ സര്‍ക്കാര്‍ ഓഹരിയെടുക്കുന്നതിനെ എംഎ ബേബി വിമര്‍ശിച്ചു. പത്ത് ശതമാനം ഓഹരിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഈ ചതി കേരള ജനത പൊറുക്കില്ലെന്നും എംഎ ബേബി പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയിലേയും അംഗവും സിപിഎമ്മിന്റെ പരമോന്നത കമ്മിറ്റിയിലേയും അംഗമായ എംഎ ബേബിയുടെ പ്രസ്താവന ഒരു പരിധിവരെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും എന്ന് ഉറപ്പാണ്. എന്നാല്‍ കുറ്റം ഏറ്റു പറഞ്ഞ് വിമാനത്താവളത്തിനെതിരെയുള്ള സമരം ഊര്‍ജ്ജിതമാക്കുകയാണ് ലക്ഷ്യമെന്നും കരുതുന്നുണ്ട്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വിമാനത്താവള പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications