ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്; കര്‍ശന നടപടി എന്ന് മന്ത്രി, അടിയന്തരമായി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടി എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകളെയും കുട്ടികളെയും വര്‍ഗീയ പരീക്ഷണശാലകളാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളം പോലെ ഉയര്‍ന്ന ജനാധിപത്യ ബോധമുള്ള സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. ആഘോഷങ്ങള്‍ വിലക്കുക, ആഘോഷത്തിന് പിരിച്ച തുക തിരികെ നല്‍കുക എന്ന വിവരങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. ജാതി-മത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുകയും വളരുകയും ചെയ്യേണ്ട ഇടങ്ങളാണ് വിദ്യാലയങ്ങള്‍ എന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകള്‍: 'ചില സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും, ആഘോഷത്തിനായി കുട്ടികളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കുകയും ചെയ്തു എന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നത്.
കേരളം പോലെ ഉയര്‍ന്ന ജനാധിപത്യ ബോധവും മതനിരപേക്ഷ സംസ്‌കാരവുമുള്ള ഒരു സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണിത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന സങ്കുചിത മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ല.
ജാതി-മത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുന്ന ഇടങ്ങളാണ് നമ്മുടെ വിദ്യാലയങ്ങള്‍. അവിടെ വേര്‍തിരിവിന്റെ വിഷവിത്തുകള്‍ പാകാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കപ്പെടുന്നവയാണ്. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികള്‍ പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളിലൂടെയാണ്.
ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്. വിദ്യാലയങ്ങള്‍ എയ്ഡഡ് ആയാലും അണ്‍ എയ്ഡഡ് ആയാലും പ്രവര്‍ത്തിക്കുന്നത് ഈ രാജ്യത്തെ നിയമങ്ങള്‍ക്കും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും അനുസൃതമായാണ്. സങ്കുചിതമായ രാഷ്ട്രീയ-വര്‍ഗീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം, സഹജീവി സ്നേഹവും ബഹുസ്വരതയും പഠിപ്പിക്കേണ്ടവയാണ് വിദ്യാലയങ്ങള്‍. അവിടെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്നത് വിവേചനമാണ്. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ല. വിഷയത്തില്‍ അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളെ കുട്ടികളായി കാണുക. അവരെ വര്‍ഗീയതയുടെ കള്ളികളില്‍ ഒതുക്കാതിരിക്കുക. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സിനും പാരമ്പര്യത്തിനും കോട്ടം തട്ടുന്ന ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുവദിച്ചു നല്‍കില്ല.'












Click it and Unblock the Notifications