ബാര്‍ക്കോഴ കേസില്‍ അന്വേഷണം നടത്താമെന്ന് സിബിഐ; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം
ദില്ലി: സുപ്രീം കോടതി ഉത്തരവിട്ടാല്‍ ബാര്‍ക്കോഴക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി സി ബി ഐ. ഇതുമായി ബന്ധപ്പെട്ട് സി ബി ഐ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി എസ് ശിവകുമാര്‍, കെ ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സി ബി ഐ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.
കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്ന ആരോപണമുണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നു. കൊച്ചി സി ബി ഐ യൂണിറ്റ് എസ് പിയാണ് നിലപാട് അറിയിച്ചത്. 418 ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടിരൂപ ആവശ്യപ്പെട്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.

ബാര്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ട് അഞ്ച് ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്. 2014ല്‍ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണിക്ക് ഒരു കോടി കൈക്കൂലി നല്‍കിയതായി കേരള ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിക്കുകയായിരുന്നു. അടഞ്ഞു കിടക്കുന്ന 418 ബാറുകള്‍ തുറക്കുന്നതിനാണ് ഈ തുക കൈപ്പറ്റിയതെന്നായിരുന്നു ആരോപണം. അഞ്ചത് കോടി രൂപ കെ എം മാണി ആവശ്യപ്പെട്ടതെന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.
ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും, ആരോഗ്യ മന്ത്രിയായിരുന്ന വി എസ് ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും, എക്‌സൈസ് മന്ത്രി കെ ബാബുവിന് അമ്പത് ലക്ഷം രൂപയും കൈമാറിയിരുന്നതായി 2020-ല്‍ ബിജു രമേശ് വെളിപ്പെടുത്തിയിരുന്നെന്നാണ് സി ബി ഐ സുപ്രീം കോടതിയല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
അതേസമയം, ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍ എസ് എസ് അജന്‍ഡയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സി ബി ഐ കൂട്ടിലടച്ച തത്തയാണ്. ആര്‍ എസ് എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജന്‍സിയാണ് സി ബി ഐയെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ നടക്കുന്നത് സ്വാഭാവിക നടപടി എന്നാണ് കെ ബാബു പ്രതികരിച്ചത്.












Click it and Unblock the Notifications