അഖില്‍ മാരാറിന് മറുപടി: തരാൻ മനസ്സില്ല എന്ന ഒറ്റ വാചകം മതി; അതിന് പൊലീസ് ഒന്നും പിടിക്കില്ല, പക്ഷെ..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം നടത്തിയെന്ന കുറ്റത്തിന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. 81 കോടി രൂപ ലാപ്ടോപ്പ് വാങ്ങിക്കാൻ കെ എസ് എഫ് ഇ യ്ക്ക് നൽകി എന്നത് അടക്കമുള്ള നിരവധി ആരോപണങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. എന്നാല്‍ ഇപ്പോഴിതാ അഖില്‍ മാരാരുടെ ഈ വാദത്തിലെ സത്യാവസ്ഥ വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ദീപക് പച്ച എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച വ്യക്ത വരുത്തുന്നത്. 81 കോടി സർക്കാർ കെ എസ് എഫ് ഇ യ്ക്ക് കൊടുത്തു എന്നത് നേര് തന്നെയാണ്. പക്ഷെ അത് അവരുടെ എന്തെങ്കിലും ആവശ്യങ്ങൾ നടത്തിപ്പിന് വേണ്ടിയല്ലെന്നും അത് വിദ്യാർത്ഥികള്‍ക്ക് വേണ്ടിയാണെന്നുമാണ് ദീപക് തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയ വകുപ്പിൽ നിരവധിപ്പേർക്ക് എതിരെ കേസെടുത്ത കൂട്ടത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി അഖിൽ മാരാറിനും എതിരെ കേസെടുത്തിരുന്നു. ശേഷം കക്ഷി CMDRF അഴിമതി ആണെന്നും പറഞ്ഞു വീണ്ടും ഒരു വീഡിയോ ഇട്ടിട്ടുണ്ട്.
അതിൽ കക്ഷി പറയുന്ന പ്രധാന ആരോപണം " 81 കോടി രൂപ ലാപ്ടോപ്പ് വാങ്ങിക്കാൻ കെ എസ് എഫ് ഇ യ്ക്ക് നൽകിയാതായി വെബ്‌സൈറ്റിൽ കാണുന്നു. എൻ്റെ അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കണം" എന്ന്.
81 കോടിക്ക് ലാപ്‌ടോപ്പിന് ഒരു ലക്ഷം വച്ച് കൂട്ടിയാൽ തന്നെ 810 ലാപ്ടോപ്പ് കിട്ടില്ലേ എന്നൊരു കമന്റും കണ്ടു. രണ്ട് കൂട്ടർക്കും അറിവില്ലായ്മ തന്നെയാണ്. ഇടയ്ക്ക് ഈ നാട്ടിൽ നടക്കുന്നതൊക്കെ ഒന്ന് അറിയാൻ ശ്രമിക്കണം.
81 കോടി സർക്കാർ കെ എസ് എഫ് ഇ യ്ക്ക് കൊടുത്തു എന്നത് നേര് തന്നെയാണ്. പക്ഷെ അത് അവരുടെ എന്തെങ്കിലും ആവശ്യങ്ങൾ നടത്തിപ്പിന് വേണ്ടിയല്ല. കോവിഡ് മഹാമാരി വന്നപ്പോൾ ഒരു വർഷത്തോളം വിഭ്യാഭ്യാസം ഓൺലൈൻ ആയിരുന്നല്ലോ. ആ സമയത് നമ്മളിൽ പലരും ഇപ്പൊ കൊടുക്കും പോലെ ലാപ്ടോപ്പും ടി.വിയും നാട്ടിൽ പലർക്കും സംഭാവന നൽകിയിരുന്നു.
6 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള 50 ലക്ഷം കുട്ടികളാണ് ആ കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നത്. ഈ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ നമ്മൾ എല്ലാം ആ കാലത്ത് ആവുന്നത് പോലെ ശ്രമിച്ചിരുന്നു. ആ സമയത്ത് കുറഞ്ഞ ചിലവിൽ കുടുംബശ്രീ വഴി ലാപ്ടോപ്പ് വാങ്ങിക്കാൻ കെ എസ് എഫ് ഇ വഴി സർക്കാർ പ്രഖ്യാപിച്ച പദ്ധതി ആയിരുന്നു കെ എസ് എഫ് ഇ കുടുംബശ്രീ വിദ്യാശ്രീ പദ്ധതി.
ഇത് കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേകം കൊണ്ട് വന്ന ഒരു പദ്ധതിയാണ്. ഇത് പ്രകാരം 18000 രൂപയ്ക്ക് താഴെയുള്ള ലാപ്ടോപ്പ് കുട്ടികൾക്ക് വാങ്ങാൻ ആവും. 500 രൂപയുടെ 30 മാസത്തെ ചിട്ടിയായിരുന്നു പദ്ധതി. ചിട്ടിയിൽ ചേരുന്ന ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തുടക്കത്തിൽ തന്നെ 14250 രൂപ ലഭിക്കും. ഈ പദ്ധതി പ്രകാരം 518454 പേർ ലാപ്ടോപ്പ് വാങ്ങാൻ താല്പര്യം കാണിച്ചിരുന്നു എന്നാണ് കെ എസ് എഫ് ഇ വെബ്‌സൈറ്റിൽ തന്നെയുള്ള കണക്ക്.
ലാപ്ടോപ്പ് ലോണിന് വരുന്ന പലിശയുടെ 4 % കെ എസ് എഫ് ഇ യും 5 % സർക്കാരും വഹിക്കും എന്നാണ് അന്ന് പുറത്തിറങ്ങിയ സർക്കാർ ഓർഡർ പറയുന്നത്. 15000 രൂപയ്ക്ക് 30 മാസത്തേക്ക് 9 % നിരക്കിൽ പലിശ ഏതാണ്ട് 1800 രൂപ വരും. സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള ചില കുട്ടികൾക്ക് സർക്കാർ വേറെയും സബ്‌സിഡി കൊടുത്തിരുന്നു.
ഈ പദ്ധതിക്കും അതിന്റെ പലിശയ്ക്കും വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 81 കോടി കൊടുത്തത്. ദുരിത കാലത്ത് സാധാരണക്കാരായ അഞ്ചു ലക്ഷത്തിലധികം കുട്ടികൾക്ക് ആശ്വാസം പകർന്ന തികച്ചും ന്യായമായ പദ്ധതിയായിരുന്നു അത്. അല്ലാതെ കെ എസ് എഫ് ഇ കാർക്ക് കുത്തിക്കളിക്കാൻ ലാപ്ടോപ്പ് വാങ്ങിയതിന്റെ ചിലവല്ല അത്.
ദുരിതാശ്വാസ നിധിയിലേക്ക് കാശു കൊടുക്കാതിരിക്കാൻ ഒരു ന്യായം കണ്ടു പിടിക്കാൻ ആണെങ്കിൽ 'തരാൻ മനസ്സില്ല' എന്ന ഒറ്റ വാചകം മതി. അതിനു പോലീസൊന്നും പിടിക്കില്ല. പക്ഷേ ഇതുപോലെ നുണ പ്രചരിപ്പിക്കരുത്. സ്‌കൂളിൽ പോകേണ്ട സമയത്ത് ശാഖയിൽ പോകുന്നവർക്ക് 5 ലക്ഷം കുട്ടികൾക്ക് ലാപ്ടോപ് വാങ്ങാൻ 81 കോടി കൊടുത്തത് ഒരു ധൂർത്ത് ആണെന്ന് തോന്നിയാൽ തെറ്റ് പറയാൻ ഞാൻ ആളല്ല.












Click it and Unblock the Notifications