ബിഗ് ബോസില്‍ പോയതോടെ ആകെ നനഞ്ഞു: ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു: സന്ധ്യ മനോജ്
ബിഗ് ബോസാണ് തനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നതെന്ന് സന്ധ്യ മനോജ്. ഡാന്‍സ് രംഗത്ത് സജീവമായിരുന്നു. കുറച്ച് യോഗാ സ്ഥാപനങ്ങളും നടത്തുന്നു, മലേഷ്യയില്‍ അവതാര രംഗത്തും നിറഞ്ഞ് നിന്നിരുന്നു. അങ്ങനെയുള്ള സമയത്താണ് കോവിഡ് കടന്ന് വരുന്നത്. ആ അവസരത്തില്‍ തന്നെയാണ് ബിഗ് ബോസിലേക്കുള്ള വിളിയും വരുന്നത്. ഞാന്‍ പങ്കെടുത്ത സീസണില്‍ ഭാഗ്യലക്ഷ്മി, നോബി മാർക്കോസ്, മണിക്കുട്ടന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
കുറേ ആർട്ടിസ്റ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ തന്നെ ക്രിയേറ്റിവിറ്റിയും കൂടുതലായിരുന്നു. ഒരോ പരിപാടികള്‍ കഴിയുന്തോറും അവരെല്ലാം തന്നെ നല്ല പ്രോല്‍സാഹനം തന്നിരുന്നുവെന്നും സന്ധ്യ മനോജ് പറയുന്നു. ജാംഗോ സ്പെയിസ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ധ്യ മനോജ്.

സിനിമയില്‍ ട്രൈ ചെയ്യണമെന്ന് നോബിയൊക്കെ പലപ്പോഴും പറയുമായിരുന്നു. എല്ലാരും പറഞ്ഞപ്പോള്‍ എന്നാ പിന്നെ നോക്കിയാലോയെന്ന് ഞാനും ആലോചിച്ചു. ബിഗ് ബോസില്‍ വരുന്നതിന് മുമ്പ് പല സംവിധായകരുമായി പരിചയമുണ്ട്. അഭിനയിച്ചാലോയെന്ന് ചോദിച്ചാല്‍ നല്ല കഥാപാത്രങ്ങളൊക്കെ, ഡാന്‍സിനെകൂടി പോഷിപ്പിക്കുന്ന രീതിയിലാണെങ്കില്‍ നോക്കാം എന്നായിരുന്നു എന്റെ നിലപാടെന്നും സന്ധ്യ മനോജ് വ്യക്തമാക്കുന്നു.

എന്നാല്‍ ബിഗ് ബോസില്‍ പോയതോടെ ശരിക്കും പറഞ്ഞാല്‍ മുഴുവനായും നനഞ്ഞു. നമ്മുടെ എല്ലാ ഭാവങ്ങളും ക്യാരക്ടറുകളും എല്ലാവരും കണ്ടു. ചമ്മല്‍ മാറി കിട്ടി. ക്യാമറ ഫെയിസിങ് മാത്രമല്ല, എല്ലാ സാഹചര്യങ്ങളും നമ്മള്‍ അവിടെ നേരിട്ടു. ഉഗ്രതാണ്ഡവമൊക്കെ എല്ലാവരും കണ്ടു. അതുകൊണ്ട് തന്നെ ഏത് കഥാപാത്രത്തിലേക്ക് കേറുന്നതിനും എളുപ്പമാണെന്നും താരം വ്യക്തമാക്കുന്നു.

വരാല്‍ എന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ചും അഭിമുഖത്തില്‍ താരം മനസ്സ് തുറക്കുന്നു. ഇത്രയും വലിയ ക്യാന്‍വാസിലാണ് ഈ സിനിമ അണിയിച്ചൊരുക്കുന്നതെന്ന് അറിയാതെയാണ് ഞാന്‍ പറയുന്നത്. അനൂപ് മേനോനാണ് സിനിമയിലേക്ക് വിളിക്കുന്നത്. പ്രകാശ് രാജ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹവുമായി കോമ്പിനേഷന്‍ സീനുകളൊന്നും ഉണ്ടായിരുന്നില്ലെന്നും സന്ധ്യ മനോജ് പറയുന്നു.

അതേസമയം, ഒരു മൈന്‍ഡ് ഗെയിം ആയിട്ടാണ് ബിഗ് ബോസിനെ ഞാന്‍ കണ്ടതെന്ന് കഴിഞ്ഞ ദിവസം മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തിലും സന്ധ്യ മനോജ് വ്യക്തമാക്കിയിരുന്നു. ഒരോ പേഴ്സണാലിറ്റി, ഓരോ ഇമോഷന്‍, ഓരോ ഇന്‍റലിജന്റ് എന്ന രീതിയിലാണ്. മൈന്‍ഡ് ഗെയിം എന്ന രീതിയില്‍ കാണാന്‍ തുടങ്ങിയപ്പോഴാണ് ശരിക്കും എന്‍ജോയ് ചെയ്തു തുടങ്ങിയതെന്നും താരം പറഞ്ഞു.

മൈന്‍ഡ് ഗെയിമിലൂടെ ഒരാളെ എങ്ങനെ കീറാം എന്നുള്ളതാണ് അവിടെ നോക്കുന്നത്. അതൊക്കെ നല്ല രീതിയിലെ ഞാന്‍ ചെയ്തിട്ടുള്ളു. അവിടെ ആരോടൊങ്കിലും ഞാന്‍ വാദിക്കുകയോ തർക്കിക്കുയോ ചെയ്തിട്ടുണ്ടെങ്കില്‍ ആ വ്യക്തിത്വത്തെ നാണം കെടുത്തുന്നത് പോലെ ചെയ്തിട്ടില്ല. അവർ പറഞ്ഞ കാര്യങ്ങളിലും അവരുടെ വീക്ഷണ കോണുകളിലും എനിക്ക് ഉണ്ടായ വ്യത്യാസങ്ങളും മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളുവെന്നും സന്ധ്യ വ്യക്തമാക്കി.

നർത്തകിയെന്ന രീതിയില്‍ ബിഗ് ബോസ് സീസണ്‍ 3 യിലേക്ക് എത്തിച്ചേർന്ന സന്ധ്യ മനോജിന് നിരവധി ആരാധകരായിരുന്നു ഉണ്ടായിരുന്നത്. വിമർശകരും കുറവായിരുന്നില്ല. എങ്കിലും എഴുപത് ദിവസത്തോളം ഷോയില്‍ നിന്നതിന് ശേഷമാണ് താരം പുറത്തായത്. ബിഗ് ബോസിന് പിന്നാലെ വരാല്‍ എന്ന സിനിമയിലേക്കുള്ള അവസരവും സന്ധ്യയെ തേടിയെത്തുകയായിരുന്നു. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വരാലില്‍ പൊലീസ് വേഷമാണ് സന്ധ്യയുടേത്.












Click it and Unblock the Notifications