മിഥുനെ സ്പോണ്‍സർ ചെയ്ത നടിയോ, സന കഥ സത്യമോ: എന്നേയും വുഷു പഠിപ്പിച്ചു: നടി ദൃശ്യ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഫെയിം അനിയന്‍ മിഥുന് നേരെ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തുമായി വലിയ രീതിയിലുള്ള വിമർശനങ്ങളായിരുന്നു സമീപകാലത്ത് ഉയർന്ന് വന്നത്. ബിഗ് ബോസില്‍ പറഞ്ഞ 'ആർമി സന' കഥയായിരുന്നു വിമർശനങ്ങളുടെ പ്രധാന കാരണം. ഈ കഥയില്‍ മിഥുന്‍ അവകാശപ്പെടുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് ബിഗ് ബോസ് അവതാരകന്‍ മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയത് വിമർശനങ്ങളുടെ ആക്കം വർധിപ്പിച്ചു.
ഇതേസമയത്ത് തന്നെയാണ് മിഥുന്റെ വുഷുവിലെ നേട്ടങ്ങളില്‍ സംശയം പ്രകടപ്പിച്ചും ചിലർ രംഗത്ത് വന്നത്. വുഷു അസോസിയേഷന്‍ ഭാരവാഹികള്‍ മിഥുന്‍ എന്നൊരു താരത്തെ അറിയില്ലെന്ന് പോലും പറഞ്ഞു. എന്നാല്‍ പ്രൊഫഷണല്‍ മത്സരങ്ങളിലാണ് മിഥുന്‍ പങ്കെടുക്കുന്നതെന്നും ഭാരവാഹികള്‍ കാര്യങ്ങളെ വളച്ചൊടിക്കുന്നുവെന്നും അവകാശപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ കോച്ച് അനീഷും മുന്നോട്ട് വന്നു.

ഇപ്പോഴിതാ അനിയന്‍ മിഥുനെ പിന്തുണച്ചുകൊണ്ട് നടി ദൃശ്യ രഘുനാഥും രംഗത്ത് വന്നിരിക്കുകയാണ്. നടിയേയും സഹോദരനേയും വുഷു പരിശീലിപ്പിച്ച വ്യക്തിയായിരുന്നു അനിയന്‍ മിഥുന്‍. അതോടൊപ്പം കോച്ച് അനീഷ് പറഞ്ഞ മിഥുന്റെ സ്പോണ്‍സറായ നടി താനാണോയെന്ന കാര്യവും ദൃശ്യ വ്യക്തമാക്കുന്നു. ഒബ്സ്ക്യൂറ എന്റർടെയിമെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
അനിയന്‍ മിഥുന്‍ എന്റെ സഹോദരനാണോ, ബന്ധുവാണോ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. എന്നാല്‍ അദ്ദേഹം എന്റെ സ്വന്തം സഹോദരനോ ബന്ധുവോ അല്ല. എങ്കിലും ഒരു ചേട്ടനേപ്പോലെയാണ്. അനിയന്‍ മിഥുനെ സ്പോണ്‍സർ ചെയ്ത നടി ഞാനല്ല. അങ്ങനെ ഒരു നടി ഉണ്ടോ ഇല്ലേയോ എന്നുള്ളത് ഞാന്‍ അറിയില്ല. എന്തായാലും ആ നടി ഞാന്‍ അല്ലെന്നും ദൃശ്യ പറയുന്നു.
എന്റെ അനിയന്‍ അപ്പു വുഷുവും കിക്ക് ബോക്സിങുമൊക്കെ ഇഷ്ടപ്പെടുന്നയാളാണ്. തുടക്കത്തില്‍ തൃശ്ശൂരിലെ ഒരു സ്ഥാപനത്തില്‍ ഇതിന്റെയെല്ലാം ക്ലാസിന് പോയിരുന്നെങ്കിലും പിന്നീട് അത് നിന്നു പോയി. പക്ഷെ അപ്പുവിന് കൂടുതല്‍ പഠിക്കാനുള്ള താല്‍പര്യമുണ്ടായിരുന്നു. അങ്ങനെ അന്വേഷിച്ചപ്പോള്‍ അഖില്‍ എന്ന് പറയുന്ന സാറാണ് അനിയന്‍ മിഥുനെ പരിചയപ്പെടുത്തുന്നത്.

വീട്ടില്‍ വന്നായിരുന്നു ട്രെയിനിങ് ചെയ്യിപ്പിച്ചിരുന്നത്. പ്രധാനമായും അപ്പുവിനെയായിരുന്നു ട്രെയിനിങ്. ഞാനും അതിനോടൊപ്പം കൂടുകയായിരുന്നു. വളരെ ഇന്നസെന്റായ വ്യക്തിയാണ് അദ്ദേഹം. കുറേ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. അങ്ങനെ ജീവിതത്തില്‍ മാറ്റമൊക്കെ അനുഭവപ്പെട്ടു. ഞാന്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന സമയത്ത് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെ ഒരു സഹോദര സ്നേഹമാണ് മിഥുന്‍ ചേട്ടനുമായിട്ടുള്ളത്.
സ്ഥിരമായി സംസാരിക്കുന്ന ആളുകളൊന്നും അല്ല. എന്നാല്‍ പഠിച്ച കാലത്തെ ആ ബന്ധം വളരെ ശക്തമാണ്. ഒരിക്കലും വെറുതെ ഇരിക്കാത്ത വ്യക്തിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ബിഗ് ബോസില്‍ കാണുന്ന ചേട്ടന്‍ ഫെയിക്ക് അല്ല. കുറേയൊക്കെ അങ്ങനെ തന്നെയാണ്. റിയല്‍ ലൈഫ് സ്റ്റോറിയെന്ന ടാസ്കില്‍ ആർമിയുമായി ബന്ധപ്പെടുത്തി സന എന്ന കുട്ടിയെക്കുറിച്ചൊക്കെ പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയില്ലെന്നും അഭിമുഖത്തില്‍ താരം പറയുന്നു.
സനയുടെ കഥ വ്യാജമാവാം അല്ലാതാരിക്കാം. എന്നോട് ഒരിക്കലും അത്തരമൊരു സ്റ്റോറി ചേട്ടന്‍ പറഞ്ഞിട്ടില്ല. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ പരസ്പരം അധികം സംസാരിച്ചിരുന്നില്ല. നന്നായി കഠിനാധ്വാനം ചെയ്യുന്ന, നല്ല ലക്ഷ്യബോധമുള്ള വ്യക്തിയാണ് അദ്ദേഹം. വുഷു മത്സരങ്ങള്‍ക്ക് അസോസിയേഷനുകള്‍ മുഖേന മിഥുന്‍ ചേട്ടന്‍ മത്സരിക്കാന്‍ പോയിട്ടുണ്ടാവില്ല. പക്ഷെ പ്രൊഫഷണല്‍ രീതിയില്‍ പോയിട്ടുണ്ടാവും. അത് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് കണ്ടിട്ടുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ ഞാനും കണ്ടിട്ടില്ല. പക്ഷെ അദ്ദേഹം കള്ളം പറയില്ലെന്ന് തന്നെയാണ് വിശ്വാസം. അതുപോലെ ഞങ്ങളോട് പറഞ്ഞ കാര്യങ്ങളിലും വിശ്വാസമായിരുന്നു. ആ ഗെയിമിനോട് വളരെ അധികം താല്‍പര്യമുള്ള വ്യക്തിയാണ് ചേട്ടന്‍. ഈ വിവാദങ്ങളൊക്കെ മിഥുന്‍ ചേട്ടനെ അറിയുന്നവർക്ക് വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള ഒരു വ്യക്തിക്ക് ഈ രീതിയില്‍ സൈബർ അറ്റാക്ക് നേരിടേണ്ടി വരുന്നതില്‍ എനിക്ക് സങ്കടമുണ്ട്.
സമൂഹത്തില്‍ വേറെ എന്തൊക്കെ പ്രശ്നങ്ങള്‍ നടക്കുന്നു. അങ്ങനെയുള്ള പ്രശ്നങ്ങളില്‍ ആരും ശ്രദ്ധിക്കുന്നില്ല. പകരം ഇതുപോലെ ഒരാളെ കടിച്ചു കീറുകയാണ്. എന്താണ് ഈ വിവാദങ്ങള്‍ക്കെല്ലാം പിന്നിലെന്ന് എനിക്ക് അറിയില്ല. പല പ്രചരണങ്ങളും പൊളിക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും വളച്ചൊടിച്ചുള്ള കഥകള്‍ സജീവമാണെന്നും ദൃശ്യ രഘുനാഥ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications