Binu Adimali Accident: ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു: ആരോഗ്യനില സംബന്ധിച്ച വിവരം പുറത്ത്
കൊച്ചി: മിമിക്രി കലാകാരനും സിനിമ നടനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. അപകടനില തരണം ചെയ്തെങ്കിലും താരം ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ബിനു അടിമാലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കാർ ഡ്രൈവർ ഉല്ലാസിന്റേയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. എല്ലിന് പൊട്ടലേറ്റ ഉല്ലാസിനും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സ. അതേസമയം, അപകടത്തില്‍പ്പെട്ട മറ്റൊരു താരം മഹേഷ് കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സയില്‍ തുടരുന്നത്. ഇവർ രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ല.

ബിനു അടിമാലിയുടെ മുഖത്ത് ചെറിയ പൊട്ടലുണ്ട്. അതോടൊപ്പം തന്നെ തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തു ചില പ്രശ്നങ്ങളും ഉണ്ടെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം. ബിനു അടിമാലിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലെന്ന് സുഹൃത്ത് കലാഭവന്‍ പ്രസാദും ഇന്നലെ അറിയിച്ചിരുന്നു.
'ബിനു അടിമാലിക്ക് ഗുരുതരമായ പ്രശ്നങ്ങളൊന്നും ഇല്ല. ബ്ലീഡിങ്ങുമായി ബന്ധപ്പെട്ടും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല. അതുണ്ടെങ്കിലേ നമ്മൾ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. കുറച്ച് ദിവസം വിശ്രമിച്ചാൽ മാറാവുന്ന പരിക്കുകളാണ് ഉള്ളത്.'- എന്നായിരുന്നു കലാഭവന്‍ പ്രസാദ് ഇന്നലെ ആശുപത്രിയുടെ മുമ്പില്‍ വെച്ച് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഇന്നലെ പുലർച്ചെ തൃശൂർ ജില്ലയിലെ കയ്പംഗലത്തിന് സമീപത്ത് വെച്ചുണ്ടായ അപകടത്തില്‍ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. കലാകാരന്‍മാർ സഞ്ചരിച്ച കാർ എതിർ ദിശയില്‍ നിന്നും വന്ന പിക്കപ്പ് ലോറിയുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.
അതേസമയം, സുധിയുടെ സംസ്കാരം ഇന്ന് നടക്കും. പ്രിയതാരത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ പ്രമുഖർ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകളാണ് ഇന്നലേയും ഇന്നുമായി ഒഴുകിയെത്തിയത്. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം.

കൊല്ലം സുധിയുടെ മൃതദേഹം രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനത്തിന് വെക്കും. ശേഷം ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി സംസ്കാര ചടങ്ങുകള്‍ക്കായി പള്ളിയിലേക്ക് കൊണ്ടുപോവും.
മിമിക്രി വേദികളിലൂടെ ടെലിവിഷന്‍ രംഗത്ത് എത്തിയ താരം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ 'കാന്താരി' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്,ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.












Click it and Unblock the Notifications