ബിജെപിയെ പിന്തുണയ്ക്കുമെന്ന് അല്ല പറഞ്ഞത്: എല്‍ഡിഎഫ് ചെയ്താല്‍ അവർക്കൊപ്പം നില്‍ക്കും: ബിഷപ്പ്

റബ്ബർ വിലകൂട്ടിയാല്‍ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ബി ജെ പിയെ സഹായിക്കാമെന്ന് അല്ല ഞാന്‍ പറഞ്ഞത്, ഏത് മുന്നണിയായാലും ഇടത് ആയാലും കോണ്‍ഗ്രസ് ആയാലും ബി ജെ പി ആയാലും റബ്ബർ കർഷകരെ സഹായിക്കുന്നവരെ പിന്തുണയ്ക്കുമെന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ സഹായിക്കാന്‍ സാധിക്കുന്ന നയം രൂപീകരിക്കാന്‍ സാധിക്കുക ബി ജെ പിക്കാണ്. അതുകൊണ്ടാണ് ബി ജെ പി സർക്കാർ റബ്ബറിന്റെ ഇറക്കുമതി സംബന്ധിച്ച തീരുമാനം എടുക്കുകയും വില 300 രൂപയാക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ കേന്ദ്ര സർക്കാറിനെ പിന്തുണയ്ക്കാന്‍ മലയോര കർഷകർ തയ്യാറാവുമെന്ന് പറയുന്നത്.
മലയോര കർഷകർ അത്രയേറെ ഗതികേടിലൂടെയാണ് കടന്ന് പോവുന്നത്. ജപ്തി നോട്ടീസ് കുടംബങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പോട്ട് പോവുമ്പോള്‍ സംമ്പൂർണ്ണമായ അന്ധകാരമാണ് കർഷകന്റെ മുന്നിലുള്ളത്. ആ ഒരു സാഹചര്യത്തില്‍ കർഷകർക്ക് മുന്നിലുള്ള ഏക വരുമാന മാർഗ്ഗം റബ്ബർ വിലയാണ്. അതിന് ആരാണോ സഹായകരമായ തീരുമാനം എടുക്കുന്നത് അവർക്ക് ഞങ്ങള്‍ പിന്തുണ നല്‍കും എന്ന് പറയുന്നത് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നും മനസ്സില്‍ വെച്ചുകൊണ്ടല്ല. കർഷകന്റെ അവസ്ഥ അത്രമേല്‍ ദയനീയമാണെന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം.
റബ്ബർ വില 300 രൂപയാക്കിയാല്‍ റബ്ബർ കർഷകർ തീർച്ചയായും കേന്ദ്ര സർക്കാറിന് അനുകൂലമായ തീരുമാനമെടുക്കും. 15 ലക്ഷം ആളുകളാണ് റബ്ബറിനെ ആശ്രയിച്ച് കഴിയുന്നത്. ഒരു കിലോ റബ്ബർ ഉത്പാദിപ്പിക്കാന്‍ ഏറ്റവും കുറഞ്ഞത് 220 രൂപ ചിലവ് കർഷകർക്കുണ്ട്. എന്നാല്‍ ലഭിക്കുന്നത് 120 രൂപയാണ്. എങ്ങനെയാണ് ഇതുകൊണ്ട് ജീവിക്കാന്‍ സാധിക്കുക. ഇതിന് പരിഹാരം കാണാന്‍ ആർക്കാണോ സാധിക്കുക, അവരുടെ പക്ഷത്ത് നില്‍ക്കാന്‍ സർക്കാർ തയ്യാറാണ്. ബിജെപിയാണ് അത് ചെയ്യുന്നതെങ്കില്‍ അവർക്ക് ഒപ്പം നില്‍ക്കും. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്ക് അതിന് സാധിക്കുമെങ്കില്‍ അവർക്കും ഒപ്പം നില്‍ക്കുമെന്നും ബിഷപ്പ് പറഞ്ഞു.
ബി ജെ പിക്ക് കേരളത്തില്‍ ഒരു എംപിയില്ല എന്നത് വസ്തുതയാണ്. ഇടതുമുന്നണിക്കും മലയോരത്ത് നിന്നും എംപിമാരില്ലാത്ത സാഹചര്യമാണ്. ആരാണോ കർഷകരെ പിന്തുണയ്ക്കുന്നത് അവർക്കൊപ്പം നില്‍ക്കും. ബി ജെ പിയുമായി സംസാരിക്കാന്‍ കഴിയാത്ത സാഹചര്യമൊന്നും നിലവിലില്ല. രാജ്യം ഭരിക്കുന്ന ഒരു കക്ഷിയാണ് അവർ. അവരുമായി യാതൊരു അകല്‍ച്ചയും ഇല്ലെന്നും പാംപ്ലാനി കൂട്ടിച്ചേർക്കുന്നു.
കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യം എല്ലാവരും ഓർക്കണം. കർഷകർക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളത് നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. സംസ്ഥാനത്ത് നിങ്ങള്‍ക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം എന്നായിരുന്നു കർഷക പ്രതിഷേധ റാലിയില്‍ പങ്കെടുത്തുകൊണ്ട് ബിഷപ്പ് പറഞ്ഞത്












Click it and Unblock the Notifications