Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയെ കപടദേശീയവാദിയെന്ന് വിളിച്ചു'; വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് എന്ന് ആരോപിച്ച് റാപ്പര്‍ വേടനെതിരെ പരാതി നല്‍കി ബി ജെ പി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാര്‍ ആണ് വേടനെതിരെ എന്‍ ഐ എയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. നരേന്ദ്ര മോദി കപട ദേശീയവാദിയാണ് എന്ന തരത്തില്‍ വേടന്‍ പാട്ട് പാടി എന്നും ഇതിനെ കുറിച്ച് അന്വേഷിക്കണം എന്നുമാണ് മിനി തന്റെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

അഞ്ച് വര്‍ഷം മുന്‍പ് വേടന്‍ പാടിയ പാട്ടിനെ കുറിച്ചാണ് ഇപ്പോള്‍ പരാതിയുമായി ബി ജെ പി രംഗത്തെത്തിയിരിക്കുന്നത്. തെറ്റായ സന്ദേശമാണ് വേടന്‍ ഈ പാട്ടിലൂടെ സമൂഹത്തിനും പുതിയ തലമുറയ്ക്കും നല്‍കിയത് എന്നും ഇത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കും എന്നുമാണ് മിനി കൃഷ്ണകുമാര്‍ പറയുന്നത്. മീഡിയ വണ്ണിനോടായിരുന്നു അവരുടെ പ്രതികരണം. പാട്ട് പഴയതാണെങ്കിലും ഇപ്പോഴാണ് അത് സോഷ്യല്‍ മീഡിയയില്‍ വൈറലായത് എന്നും മിനി ചൂണ്ടിക്കാട്ടി.

Vedan

'മറ്റേതെങ്കിലും രാജ്യത്തായിരുന്നു വേടന്‍ ഈ പാട്ടുപാടിയതെങ്കില്‍ അയാള്‍ ഇന്ന് ജയിലിലാകുമായിരുന്നു. ഹിന്ദു സമൂഹത്തിലെ ജാതീയതയെ വളരെ മോശമായി ചിത്രീകരിച്ച്, തമ്മിലടിപ്പിക്കുകയാണ് ഈ പാട്ടിലൂടെ വേടന്‍ ചെയ്യുന്നത്. അദ്ദേഹം നല്ലൊരു കലാകാരനായിരുന്നുവെങ്കില്‍ ഇത് ചെയ്യില്ലായിരുന്നു. അതുകൊണ്ടാണ് വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയത്', മിനി പറഞ്ഞു.

വേടനെ വേട്ടയാടേണ്ട ഒരു കാര്യവും ആര്‍ എസ് എസിനോ ബി ജെ പിക്കോ ഹിന്ദു സമൂഹത്തിനോ ഇല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതാദ്യമായല്ല സംഘപരിവാര്‍ വേടനെതിരെ രംഗത്തെത്തുന്നത്. നേരത്തെ ആര്‍ എസ് എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധു വേടനെതിരെ വിദ്വേഷകരമായ പരാമര്‍ശം നടത്തി കൊണ്ട് രംഗത്തെത്തിയിരുന്നു.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നും വളര്‍ന്ന് വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടന്‍ നടത്തുന്നതെന്നുമാണ് മധു പറഞ്ഞിരുന്നത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്നം കാണുന്നവരാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഹിന്ദു ഐക്യ വേദി നേതാവ് ശശികലയും കഴിഞ്ഞ ദിവസം വേടനെതിരെ രംഗത്തെത്തിയിരുന്നു.

ക്ഷേത്രങ്ങളിലെ പരിപാടികളിലേക്ക് വേടനെ ക്ഷണിക്കുന്നതിനേയും സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഘപരിവാര്‍ വിമര്‍ശനങ്ങളേയും അധിക്ഷേപങ്ങളേയും തള്ളിക്കളയുന്ന നിലപാടാണ് വേടന്‍ സ്വീകരിച്ചത്. താന്‍ മുമ്പും ഇത്തരം പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ട് എന്നും അതൊന്നും കാര്യമാക്കുന്നില്ല എന്നും വേടന്‍ വ്യക്തമാക്കി. സര്‍വ ജീവികള്‍ക്കും സമത്വം വിചാരിക്കുന്ന അംബേദ്കര്‍ പൊളിറ്റിക്സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും ജാതി ഭീകരത പരാമര്‍ശമൊക്കെ കോമഡിയല്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

'അവര്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് അറിയില്ല. നമ്മളുടെ വാക്കും പ്രവൃത്തിയും എവിടെയോ ആളുകള്‍ക്ക് കിട്ടുന്നുണ്ട് എന്നതുകൊണ്ടാവാം. ഞാന്‍ നല്ല രീതിയിലാണ് ഇത്തരം വിമര്‍ശനങ്ങളെ കാണുന്നത്. ഇനിയും അമ്പലങ്ങളുടെ ഷോ കിട്ടും. ഇനിയും പോയി പാടുകയും ചെയ്യും. വിവാദങ്ങള്‍ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട്,' വേടന്‍ പറഞ്ഞു.

ഹിരണ്‍ ദാസ് മുരളി എന്ന വേടന്‍ തൃശ്ശൂരിലാണ് ജനിച്ചത്. അമ്മ ശ്രീലങ്കയിലെ ജാഫ്‌ന സ്വദേശിയാണ്. 2020 ജൂണില്‍ ' വോയ്സ് ഓഫ് ദി വോയ്സ്ലെസ് ' എന്ന തന്റെ ആദ്യ മ്യൂസിക് വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങിയതോടെയാണ് വേടന്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ 'ഭൂമി ഞാന്‍ വാഴുന്നിടം ' എന്ന തന്റെ രണ്ടാമത്തെ മ്യൂസിക് വീഡിയോയും ശ്രദ്ധിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+