പിസി ജോർജിനെ തഴഞ്ഞ് ബിജെപി, അനിൽ ആന്റണിക്കെതിരെ ഒളിയമ്പുമായി പിസി, 'കുറേ ഓടേണ്ടി വരും'
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ച പിസി ജോര്‍ജിന് നിരാശ. പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ പിസി ജോര്‍ജ് തന്റെ അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നിരിക്കുകയാണ്. അനില്‍ ആന്റണിയെ പത്തനംതിട്ടയ്ക്ക് അറിയില്ലെന്ന് പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
''ഞാന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി വരരുത് എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും തുഷാറുമാണ്. അവരുടെ ആഗ്രഹം സാധിക്കട്ടെ. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയാക്കാമോ എന്ന് ആരെയും ഫോണ്‍ വിളിച്ച് ചോദിച്ചിട്ടില്ല'', പിസി ജോര്‍ജ് പറഞ്ഞു.

''സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് താന്‍ പറഞ്ഞുവെങ്കിലും മണ്ഡലത്തിലെ എന്‍ഡിഎ നേതാക്കള്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആഗ്രഹിച്ചു. അവര്‍ ബിജെപി നേതൃത്വത്തോട് പിസി ജോര്‍ജ് ആയിരിക്കണം സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ തനിക്കും തോന്നി സ്ഥാനാര്‍ത്ഥി ആയാലെന്താ എന്ന്. അത് പ്രകാരം ചില നീക്കങ്ങള്‍ നടത്തി. പെന്തക്കോസ്ത്, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ അടക്കമുളളവരെ ബന്ധപ്പെട്ടിരുന്നു. അവരോട് നീതി ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ദുഖമേ ഉളളൂ''.
''അനില്‍ ആന്റണിയെ പത്തനംതിട്ടയ്ക്ക് അറിയില്ല. പരിചയപ്പെടുത്തി എടുക്കണം. അതിന് ഓട്ടം കൂടുതല്‍ വേണ്ടി വരും. സ്ഥാനാര്‍ത്ഥിയായിട്ട് താന്‍ ഓടുന്നതിലും കൂടുതല്‍ ഓടിയാലേ അനില്‍ ആന്റണിയെ മനുഷ്യര്‍ക്ക് പരിചയപ്പെടുത്താനൊക്കൂ. അത് മാത്രമാണ് ദുഖം. എന്നാലും ഒരു ശ്രമം നടത്താം. ആന്റോ ആന്റണിക്ക് അനുകൂലമായ തരംഗം പത്തനംതിട്ടയിൽ ഇല്ല'', പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications